ട്രോളിങ് നിരോധനം ജൂണ്‍ ഒന്‍പത് മുതല്‍:  പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് കടലില്‍ പോവാം

ട്രോളിങ് നിരോധനം ജൂണ്‍ ഒന്‍പത് മുതല്‍:  പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് കടലില്‍ പോവാം
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ആലപ്പുഴ: ജൂണ്‍ ഒന്‍പത് അര്‍ദ്ധരാത്രി മുതല്‍ ജൂലൈ 31 വരെ 52 ദിവസത്തേക്ക് മണ്‍സൂണ്‍കാല ട്രോളിംഗ് നിരോധനത്തിന് സര്‍ക്കാര്‍ പ്രത്യേക മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഓണ്‍ലൈന്‍ യോഗത്തിലായിരുന്നു തീരുമാനം. 

ട്രോളിങ് നിരോധന സമയത്ത് പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് ഉപരിതല മത്സ്യബന്ധനം നടത്താന്‍ തടസ്സമില്ല. അയല്‍ സംസ്ഥാന ബോട്ടുകള്‍ ട്രോളിംഗ് നിരോധനം നിലവില്‍ വരുന്നതിനു മുന്‍പ് കേരളതീരം വിട്ടു പോകാന്‍ നിര്‍ദ്ദേശം നല്‍കും.  ഹാര്‍ബറുകളിലും ലാന്റിംഗ് സെന്ററുകളിലും പ്രവര്‍ത്തിക്കുന്ന സ്വകാര്യ ഡീസല്‍ ബങ്കുകള്‍ പൂട്ടാന്‍ നിര്‍ദ്ദേശം നല്‍കും. 

കടല്‍ രക്ഷയുടെയും തീരസുരക്ഷയുടെയും ഭാഗമായി എല്ലാ മത്സ്യത്തൊഴിലാളികളും ബയോമെട്രിക് ഐഡികാര്‍ഡ് കയ്യില്‍ കരുതണം. ആവശ്യമായ ജീവന്‍രക്ഷാ ഉപകരണങ്ങളായ ലൈഫ്‌ബോയ്, ലൈഫ് ജാക്കറ്റ് തുടങ്ങിയവ ഇല്ലാത്ത യാനങ്ങള്‍ക്കെതിരെ നടപടി എടുക്കും. ഇന്‍ബോര്‍ഡ് വളളങ്ങള്‍ക്ക് ഡീസല്‍ ലഭിക്കുന്നതിന് അതാത് ജില്ലകളിലെ മത്സ്യഫെഡിന്റെ തെരഞ്ഞെടുത്ത ഡീസല്‍ ബങ്കുകള്‍ക്ക് പ്രവര്‍ത്തിക്കാന്‍ അനുവാദം നല്‍കും.

മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് പ്രവര്‍ത്തനത്തിന് കൂടുതല്‍ പൊലീസ് സേവനം ആവശ്യമാണെങ്കില്‍ ജില്ലാ പൊലീസ് മേധാവികളുടെ അനുവാദത്തോടെ ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കും.  ഇതുവരെ കളര്‍ കോഡ് ചെയ്തിട്ടില്ലാത്ത ബോട്ടുകള്‍ നിരോധന കാലത്ത് കളര്‍കോഡ് ചെയ്യണമെന്നും മന്ത്രി നിര്‍ദ്ദേശം നല്‍കി. യോഗത്തില്‍  ഫിഷറീസ് സെക്രട്ടറി ടിങ്കു ബിസ്വാള്‍, ഡയറക്ടര്‍ സി.എ. ലതാ, എ.ഡി.എം., ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com