1000 രൂപയിൽ അധികമുള്ള വൈദ്യുതി ബിൽ അടയ്ക്കാനാവുക ഇനി ഓൺലൈൻ വഴി മാത്രം

ആയിരത്തിന് മുകളിലുള്ള തുക കാഷ് കൗണ്ടർ വഴി സ്വീകരിക്കാൻ കഴിയാത്തവിധത്തിൽ സോഫ്റ്റ്‌വേറിൽ മാറ്റം വരുത്താനാണ് വൈദ്യുതി വകുപ്പിന്റെ നീക്കം
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

കൊച്ചി: ആയിരം രൂപയ്ക്ക് മുകളിലുള്ള വൈദ്യുതി ബിൽ ഓൺലൈൻ വഴി മാത്രം അടയ്ക്കാൻ സാധിക്കുന്ന വിധത്തിലേക്ക് മാറാൻ വൈദ്യുതി ബോർഡ്. 1000 രൂപയ്ക്ക് മുകളിലുള്ള ബിൽ ഓൺലൈൻ വഴി അടക്കുന്ന സംവിധാനം കർശനമായി നടപ്പാക്കാൻ വൈദ്യുതി ബോർഡ് യോഗം തീരുമാനിച്ചു. 

ആദ്യ ഒന്നുരണ്ടുതവണ ബിൽ അടയ്ക്കാൻ അനുവദിക്കും. എന്നാൽ ഈ തീരുമാനം പൂർണമായും നടപ്പാക്കുന്നതിന്റെ ഭാഗമായി ആയിരത്തിന് മുകളിലുള്ള തുക കാഷ് കൗണ്ടർ വഴി സ്വീകരിക്കാൻ കഴിയാത്തവിധത്തിൽ സോഫ്റ്റ്‌വേറിൽ മാറ്റം വരുത്താനാണ് വൈദ്യുതി വകുപ്പിന്റെ നീക്കം.

ഇതിലൂടെ ഗാർഹികോപയോക്താക്കളിൽ വലിയൊരു വിഭാഗം വൈദ്യുതി ഓഫീസുകളിലേക്ക് എത്തുന്നത് തടയാൻ കഴിയും. വൈദ്യുതി ബോർഡിലെ കാഷ്യർമാരെ ഇതിനനുസരിച്ച് പുനർവിന്യസിക്കാനും ബോർഡ് നിർദേശിച്ചു. പുതിയ തീരുമാനത്തിലൂടെ രണ്ടായിരത്തോളം വരുന്ന കാഷ്യർ തസ്തിക പകുതിയായി കുറയ്ക്കാൻ സാധിക്കും.

വൈദ്യുതിബോർഡിലെ വിവിധ തസ്തികയിലുള്ള അഞ്ഞൂറ്റിയെഴുപത്തിമൂന്നു പേർ ഈ മാസം വിരമിക്കും. ഒഴിവുവരുന്ന തസ്തികകളിലേക്ക് കാഷ്യർമാർക്ക് പ്രമോഷൻ ലഭിക്കാനുള്ള സാധ്യതയുമുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com