മുല്ലപ്പള്ളി യുഡിഎഫ് യോഗത്തിനില്ല; സുധാകരന് വേണ്ടി കെപിസിസി ഓഫീസില്‍ പ്രതിഷേധം

നിയമസഭ തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്ക് പിന്നാലെ പാര്‍ട്ടിയില്‍ നിന്ന് മുല്ലപ്പള്ളിക്കെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ന്നിരുന്നു.
മുല്ലപ്പള്ളി രാമചന്ദ്രന്‍/ടെലിവിഷന്‍ ദൃശ്യം
മുല്ലപ്പള്ളി രാമചന്ദ്രന്‍/ടെലിവിഷന്‍ ദൃശ്യം

തിരുവനന്തപുരം: കെപിസിസി അധ്യക്ഷ സ്ഥാനം രാജിവെക്കാന്‍ സന്നദ്ധത അറിയിച്ചതിന് പിന്നാലെ ഇന്നത്തെ യുഡിഎഫ് യോഗത്തില്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പങ്കെടുക്കില്ല. ഇക്കാര്യം രമേശ് ചെന്നിത്തലയെ അദ്ദേഹം അറിയിച്ചു. കെപിസിസി അധ്യക്ഷനെന്ന നിലയില്‍ അദ്ദേഹമാണ് യോഗത്തില്‍ പങ്കെടുക്കേണ്ടിയിരുന്നത്. 

നിയമസഭ തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്ക് പിന്നാലെ പാര്‍ട്ടിയില്‍ നിന്ന് മുല്ലപ്പള്ളിക്കെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ന്നിരുന്നു. അധ്യക്ഷസ്ഥാനം ഒഴിയണമെന്നും ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് മുല്ലപ്പള്ളി രാജി സന്നദ്ധത അറിയിച്ചതായി രമേശ് ചെന്നിത്തല തന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി. ഇതിന്റെ തുടര്‍ച്ചയെന്നോണമാണ് ഇന്ന് നടക്കുന്ന യോഗത്തില്‍നിന്ന് വിട്ടുനില്‍ക്കാനുള്ള തീരുമാനം. 

തെരഞ്ഞെടുപ്പു പരാജയത്തെ തുടര്‍ന്ന് പ്രതിപക്ഷ നേതാവായിരുന്ന രമേശ് ചെന്നിത്തലയ്‌ക്കെതിരേയും മുല്ലപ്പള്ളിക്കെതിരേയുമായിരുന്നു വിമര്‍ശനങ്ങള്‍ മുഴുവന്‍. പ്രതിപക്ഷനേതൃ സ്ഥാനത്ത് നിന്ന് രമേശ് ചെന്നിത്തല മാറി വിഡി സതീശന്‍ വന്നതിന് സമാനമായി കെപിസിസി അധ്യക്ഷനും മാറണമെന്നായിരുന്നു ആവശ്യം.

അതിനിടെ കെപിസിസി ആസ്ഥാനത്തിന് മുന്നില്‍ കെ സുധാകരനെ അനുകൂലിച്ച് പോസ്റ്റര്‍ പ്രതിഷേധവും അരങ്ങേറി.  സുധാകരനെ വിളിക്കൂ കോണ്‍ഗ്രസിനെ രക്ഷിക്കൂ എന്നാണ് ബാനര്‍. ഈരാറ്റുപേട്ടയില്‍ നിന്നുള്ള മൂന്ന് പ്രവര്‍ത്തകരാണ് ബാനറുമായി പ്രതിഷേധത്തിന് എത്തിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com