പാഠപുസ്തകങ്ങള്‍ സമയത്ത് എത്തിക്കും; ലോക്ക്ഡൗണ്‍ തടസ്സമാവില്ല; വിദ്യാഭ്യാസമന്ത്രി

കോവിഡ് വെല്ലുവിളികള്‍ക്കിടയിലും സമയബന്ധിതമായി വിദ്യാര്‍ഥികള്‍ക്ക് പാഠപുസ്തകങ്ങളും യൂണിഫോമും വിതരണം ചെയ്യാനാകുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി
പാഠപുസ്തക വിതരോണദ്ഘാടനം/ ഫെയ്‌സ്ബുക്ക്‌
പാഠപുസ്തക വിതരോണദ്ഘാടനം/ ഫെയ്‌സ്ബുക്ക്‌


തിരുവനന്തപുരം: കോവിഡ് വെല്ലുവിളികള്‍ക്കിടയിലും സമയബന്ധിതമായി വിദ്യാര്‍ഥികള്‍ക്ക് പാഠപുസ്തകങ്ങളും യൂണിഫോമും വിതരണം ചെയ്യാനാകുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. 2021-22 അധ്യയന വര്‍ഷത്തെ സൗജന്യ കൈത്തറി യൂണിഫോം വിതരണത്തിന്റെയും ഒന്നാം ക്ലാസിലെ വിദ്യാര്‍ഥികള്‍ക്കുള്ള പാഠപുസ്തക വിതരണത്തിന്റെയും സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
2021-22 അധ്യയനവര്‍ഷത്തില്‍ 2.62 കോടി പാഠപുസ്തകങ്ങള്‍ ആദ്യവാല്യം 13,064 സൊസൈറ്റികള്‍ വഴിയാണ് വിതരണം നടത്തുന്നത്. പാഠപുസ്തക വിതരണത്തിന് ലോക്ഡൗണില്‍ പ്രത്യേക ഇളവ് ലഭിച്ചതിനാല്‍ 24 മുതല്‍ വീണ്ടും വിതരണം ആരംഭിച്ചു. ആകെ 9,39,107 കുട്ടികള്‍ക്കുള്ള യൂണിഫോം വിതരണ കേന്ദ്രത്തില്‍ എത്തിച്ചിട്ടുണ്ട്. യൂണിഫോം നല്‍കാത്ത കുട്ടികള്‍ക്ക് യൂണിഫോം അലവന്‍സ് ആയി 600 രൂപ ക്രമത്തില്‍ നല്‍കും.

വിദ്യാര്‍ഥികള്‍ക്ക് സമയബന്ധിതമായി പുസ്തകവും യൂണിഫോമും നല്‍കുന്ന  സംസ്ഥാനമാണ് കേരളമെന്ന് വ്യവസായമന്ത്രി പി രാജീവ് ചൂണ്ടിക്കാട്ടി. വലിയ നേട്ടമാണ് ഇതെന്ന് ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രി ജി ആര്‍ അനിലും ചടങ്ങില്‍ അധ്യക്ഷന്‍ ആയിരുന്ന ഗതാഗത മന്ത്രി ആന്റണി രാജുവും വ്യക്തമാക്കി.

ഒന്നാം ക്ലാസിലെ പാഠപുസ്തക വിതരണത്തിന്റെ ഉദ്ഘാടനം വി ശിവന്‍കുട്ടി വിദ്യാര്‍ഥി  വി.കൗശലിന്റെ മാതാവ് എസ് അശ്വതിക്ക് നല്‍കി നിര്‍വഹിച്ചു. രണ്ടാം ക്ലാസ് വിദ്യാര്‍ഥികള്‍ക്കുള്ള യൂണിഫോം വിതരണത്തിന്റെ ഉദ്ഘാടനം ആന്റണി രാജു, എം കാവ്യ എന്ന വിദ്യാര്‍ഥിനിയുടെ പിതാവ് എം മഹേഷിന് നല്‍കി നിര്‍വഹിച്ചു. മൂന്നാം ക്ലാസ് വിദ്യാര്‍ഥികള്‍ക്കുള്ള യൂണിഫോം വിതരണത്തിന്റെ ഉദ്ഘാടനം ജി ആര്‍ അനില്‍, ഡി ദേവയാനി എന്ന വിദ്യാര്‍ഥിനിയുടെ മാതാവ് സി എസ് അരുണയ്ക്ക് നല്‍കി നിര്‍വഹിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com