കൊടകര കുഴൽപ്പണ കേസിന്റെ പേരിൽ കത്തിക്കുത്ത്; നാല് പേർ അറസ്റ്റിൽ

കൊടകര കുഴൽപ്പണ കേസിന്റെ പേരിൽ കത്തിക്കുത്ത്; നാല് പേർ അറസ്റ്റിൽ
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തൃശൂർ: കൊടകര കുഴൽപ്പണ കേസിന്റെ പേരിൽ ബിജെപി പ്രവർത്തകർ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി, ഒരാൾക്ക് കുത്തേറ്റ സംഭവത്തിൽ നാല് പേർ അറസ്റ്റിൽ. വാടാനപ്പള്ളി തൃത്തല്ലൂരിലെ ബിജെപി പ്രവർത്തകരായ സഹലേഷ്, സഫലേഷ്, സജിത്, ബിപിൻദാസ് എന്നിവരാണ് അറസ്റ്റിലായത്. 

പിടിയിലായവർക്കെതിരേ വധശ്രമം ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. കേസിൽ കൂടുതൽ പേർ പിടിയിലാകാനുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. 

വാടാനപ്പള്ളി തൃത്തല്ലൂരിലെ കോവിഡ് വാക്‌സിനേഷൻ കേന്ദ്രത്തിൽ കഴിഞ്ഞ ദിവസമാണ് ബിജെപി പ്രവർത്തകർ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയത്. സംഘർഷത്തിൽ തൃത്തല്ലൂർ വ്യാസനഗറിലെ കിരണിനാണ് കുത്തേറ്റത്. കുഴൽപ്പണ കേസിനെച്ചൊല്ലി സാമൂഹിക മാധ്യമങ്ങളിലുണ്ടായ ചില ആരോപണങ്ങളാണ് സംഘർഷത്തിന് കാരണമായത്. 

കേസുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ച പോസ്റ്റുകളുടെ പേരിൽ പ്രദേശത്തെ ബിജെപി പ്രവർത്തകർക്കിടയിൽ നേരത്തെ തർക്കം നിലനിന്നിരുന്നു. തൃത്തല്ലൂർ ഏഴാംകല്ലിലെയും ബീച്ച് വ്യാസനഗറിലെയും പ്രവർത്തകർ തമ്മിലാണ് കുഴൽപ്പണ കേസിന്റെ പേരിൽ തർക്കമുണ്ടായിരുന്നത്.

കുഴൽപ്പണ കേസിൽ ഏഴാംകല്ലിലുള്ള ബിജെപി ജില്ലാ നേതാവിനും പഞ്ചായത്ത് അംഗത്തിനും ബന്ധമുണ്ടെന്നായിരുന്നു ബീച്ചിലെ പ്രവർത്തകരുടെ ആരോപണം. ഇതിനെച്ചൊല്ലി ഇരു വിഭാഗങ്ങളും തമ്മിൽ സാമൂഹിക മാധ്യമങ്ങളിൽ വാക്‌പോരുണ്ടായിരുന്നു. പിന്നാലെയാണ് ഞായറാഴ്ച സംഘർഷമുണ്ടായത്. 

വ്യാസനഗറിലെ ബിജെപി പ്രവർത്തകരായ ചിലർ ഞായറാഴ്ച ഉച്ചയോടെയാണ് കോവിഡ് വാക്‌സിനെടുക്കാനായി തൃത്തല്ലൂർ സിഎച്ച്സിയിൽ എത്തിയത്. ഈ സമയം ഏഴാംകല്ലിലെ ചില ബിജെപി പ്രവർത്തകരും ഇവിടെയുണ്ടായിരുന്നു. തുടർന്ന് ഇരു സംഘങ്ങളും തമ്മിൽ വാക്കു തർക്കമുണ്ടാവുകയും ചേരിതിരിഞ്ഞ് ഏറ്റുമുട്ടുകയുമായിരുന്നു. ഏറ്റുമുട്ടലിനിടെയാണ് കിരണിന് കുത്തേറ്റത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com