ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററെ മാറ്റണം; മുഖ്യമന്ത്രി ഇന്ന് പ്രമേയം അവതരിപ്പിക്കും, നിയമസഭ ഒന്നിച്ച് പാസാക്കും

ലക്ഷദ്വീപിന് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതിനൊപ്പം അഡ്മിനിസ്ട്രേറ്ററെ നീക്കം ചെയ്യണമെന്നും പ്രമേയത്തിലൂടെ ആവശ്യപ്പെടും
പിണറായി വിജയന്‍ നിയമസഭയില്‍ / ഫയല്‍ ചിത്രം
പിണറായി വിജയന്‍ നിയമസഭയില്‍ / ഫയല്‍ ചിത്രം

തിരുവനന്തപുരം; ലക്ഷദ്വീപ് ജനതയ്ക്ക് പിന്തുണ അറിയിച്ച് കേരളം ഇന്ന് നിയമസഭയിൽ പ്രമേയം പാസാക്കും. ലക്ഷദ്വീപിന് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതിനൊപ്പം അഡ്മിനിസ്ട്രേറ്ററെ നീക്കം ചെയ്യണമെന്നും പ്രമേയത്തിലൂടെ ആവശ്യപ്പെടും. മുഖ്യമന്ത്രി പിണറായി വിജയനാണ് നിയമസഭയിൽ പ്രമേയം അവതരിപ്പിക്കുക. പ്രതിപക്ഷത്തിന്റെ പിന്തുണയോടെ ഏകകണ്ഠേനയാവും നിയമസഭ പ്രമേയം പാസാക്കുക. 

ലക്ഷദ്വീപിന്റെ പുതിയ ഭരണകൂടത്തിനെതിരെ രൂക്ഷ വിമർശനം ഉയർത്തിക്കൊണ്ടാകും പ്രമേയം. ലക്ഷദ്വീപിന്‍റെ സവിശേഷത സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം കേന്ദ്രത്തിനുണ്ടെന്നും അതിന് അഡ്മിനിസ്ട്രേറ്റർ വെല്ലുവിളി ഉയർത്തുന്നുവെന്നും പ്രമേയത്തിൽ പറയുന്നു. ലക്ഷദ്വീപുകാരുടെ ജീവനും ഉപജീവന മാർഗ്ഗവും സംരക്ഷിക്കാൻ കേന്ദ്രം ഇടപെടണമെന്നും പ്രമേയത്തിൽ പറയുന്നുണ്ട്. ചട്ടം 118 പ്രകാരം ഉള്ള പ്രത്യേക പ്രമേയം ദ്വീപ് ജനതയുടെ ആശങ്ക അടിയന്തിരമായി പരിഹരിക്കണമെന്നും വിവാദ പരിഷ്ക്കാരങ്ങൾ പിൻവലിക്കണമെന്നും ആവശ്യപ്പെടുന്നുണ്ട്.

ഗവർണ്ണറുടെ നയപ്രഖ്യാപന പ്രസംഗത്തിന്മേലുള്ള നന്ദിപ്രമേയ ചർച്ചക്കും ഇന്ന് തുടക്കമാകും. മൂന്നു ദിവസം നീണ്ടു നിൽക്കുന്ന ചർച്ചയ്ക്ക് കെ കെ ശൈലജയാകും തുടക്കമിടുക. സഭാ ചരിത്രത്തിൽ ആദ്യമായാണ് ഒരു വനിത നന്ദിപ്രമേയ ചർച്ച തുടങ്ങിവെക്കുന്നത്. ആരോഗ്യ-വിദ്യാഭ്യാസ മേഖലയിലെ പുതിയ പ്രശ്നങ്ങളെ അഭിമുഖീകരിക്കാൻ ഒന്നുമില്ലെന്ന് പറഞ്ഞ് പ്രതിപക്ഷ നയപ്രഖ്യാപനത്തോടുള്ള എതിർപ്പ് ഉന്നയിച്ചിട്ടുണ്ട്. പ്രസംഗത്തിലും അത് തുടരും. ഈയാഴ്ച ചോദ്യോത്തരവേളയുണ്ടായിരിക്കില്ല. പ്രതിപക്ഷം അടിയന്തിരപ്രമേയം കൊണ്ടുവരുന്നുണ്ടെങ്കിൽ അതാകും ആദ്യനടപടി. അതിന് ശേഷമാകും ലക്ഷദ്വീപ് പ്രമേയം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com