ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

അഞ്ചു ജില്ലകള്‍ ഭയത്തില്‍, റോഷി തമിഴ്‌നാട് മന്ത്രിയോ?; മുല്ലപ്പെരിയാറില്‍ സര്‍ക്കാരിനെതിരെ ചെന്നിത്തല; പുതിയ ഡാമെന്ന നിലപാടില്‍ മാറ്റമില്ലെന്ന് റോഷി അഗസ്റ്റിന്‍

തമിഴ്‌നാടുമായി സഹകരിച്ച് പോകണം. അനാവശ്യ സ്പര്‍ധയുണ്ടാക്കാന്‍ ശ്രമിക്കരുതെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ അണക്കെട്ട് വിഷയത്തില്‍ നിയമസഭയില്‍ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുല്ലപ്പെരിയാറില്‍ സര്‍ക്കാരിന് നയമില്ല. സംസ്ഥാനത്തെ അഞ്ചു ജില്ലകള്‍ ഭയത്തിലാണെന്നും ചെന്നിത്തല പറഞ്ഞു. തമിഴ്‌നാടുമായി ചര്‍ച്ച ചെയ്ത് പുതിയ ഡാം നിര്‍മ്മിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. 

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ അടിയന്തരപ്രമേയ നോട്ടീസ് നല്‍കിക്കൊണ്ടാണ്, ചെന്നിത്തല സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ത്തിയത്. ജലനിരപ്പ് 139.5 അടിയാക്കിയതിനെ മന്ത്രി റോഷി അഗസ്റ്റിന്‍ സ്വാഗതം ചെയ്തത് കേരള താല്‍പ്പര്യത്തിന് വിരുദ്ധമാണ്. മന്ത്രി റോഷി അഗസ്റ്റിന്‍ സംസാരിച്ചത് തമിഴ്‌നാട് ജലവിഭവ മന്ത്രിയെപ്പോലെയാണ്. ഇനിയെങ്കിലും കേരളമന്ത്രിയെന്ന നിലയില്‍ ഉയരണം. രണ്ടു സംസ്ഥാനങ്ങളിലേയും സര്‍വകക്ഷിസംഘം ചര്‍ച്ച നടത്തണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. 

മനുഷ്യച്ചങ്ങല പിടിച്ചവര്‍ എവിടെ?
 
120 അടിയിലേക്ക് ജലനിരപ്പ് ക്രമീകരിക്കണമെന്ന് ആവശ്യപ്പെട്ട് മനുഷ്യച്ചങ്ങല പിടിച്ച സിപിഎം പ്രവര്‍ത്തകര്‍ ഇപ്പോള്‍ എവിടെയാണെന്ന് ചെന്നിത്തല ചോദിച്ചു. ഇടുക്കിയിലെ ജനങ്ങള്‍ രണ്ടു തരത്തിലുള്ള ഭീഷണിയാണ് ഇപ്പോള്‍ നേരിടുന്നത്. ഒന്ന് മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ സുരക്ഷാ ഭീഷണിയും, രണ്ടാമത്തേത് ആശങ്കയില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനക്കെതിരെ പ്രതികരിച്ചാല്‍ നടപടി. ഈ രണ്ടു ഭീഷണിയെയും നേരിട്ടുകൊണ്ടാണ് ഇടുക്കിയിലെ ജനങ്ങള്‍ ജീവിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു. 

പാളിച്ചയുണ്ടായിട്ടില്ലെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ 

മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് വേണമെന്ന സര്‍ക്കാര്‍ നിലപാടില്‍ മാറ്റമില്ലെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ മറുപടി പറഞ്ഞു. പുതിയ ഡാം നിര്‍മ്മിക്കാനുള്ള ശേഷി സര്‍ക്കാരിനുണ്ട്. തമിഴ്‌നാട് സര്‍ക്കാരുമായി തര്‍ക്കമുണ്ടെന്ന് വരുത്താന്‍ ശ്രമിക്കരുതെന്നും, ഡാം മാനേജ്‌മെന്റില്‍ പാളിച്ചയുണ്ടായിട്ടില്ലെന്നും മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. 

സംസ്ഥാന താല്‍പ്പര്യം ഉയര്‍ത്തിപ്പിടിക്കാന്‍ കഴിയാവുന്നതെല്ലാം ചെയ്തിട്ടുണ്ട്. നിലവിലെ ഡാമിന് സുരക്ഷാഭീഷണി ഉള്ളതിനാല്‍, മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് വേണം. ആ നിലപാടില്‍ നിന്ന് സര്‍ക്കാര്‍ പിറകോട്ട് പോയിട്ടില്ല. പുതിയ അണക്കെട്ടിന് വേണ്ടിയുള്ള എല്ലാ പ്രവര്‍ത്തനവും നടത്തും. സുപ്രീംകോടതിയില്‍ അടക്കം കേരളത്തിന്റെ താല്‍പ്പര്യം സംരക്ഷിച്ചുകൊണ്ടാണ് മുന്നോട്ടുപോയതെന്നും മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. 

2018 ലെ പ്രളയകാലത്ത് മുല്ലപ്പെരിയാര്‍ ഡാം തുറന്നുവിട്ടപ്പോള്‍ തമിഴ്‌നാട് അറിയിപ്പ് നല്‍കിയിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ ആ സ്ഥിതി മാറി. കേരളവുമായി ആലോചിച്ചാണ് തമിഴ്‌നാട് എല്ലാ കാര്യവും ചെയ്യുന്നത്. എല്ലാ കാര്യങ്ങളും കേരളത്തെ തമിഴ്‌നാട് അറിയിക്കുന്നുണ്ട്. കേരളവും തമിഴ്‌നാടുമായി എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടെന്ന് വരുത്തിതീര്‍ക്കുന്നത് ഗുണകരമാകില്ല. അത്തരത്തില്‍ തെറ്റായി ചിത്രീകരിക്കരുതെന്നും മന്ത്രി റോഷി അഗസ്റ്റിന്‍ ആവശ്യപ്പെട്ടു.   

പുതിയ അണക്കെട്ട് വേണം, നിലപാടില്‍ മാറ്റമില്ലെന്ന് മുഖ്യമന്ത്രി

മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ ഭരണപ്രതിപക്ഷ കക്ഷികള്‍ യോജിപ്പോടു കൂടിയാണ് മുന്നോട്ടുപോയിട്ടുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. അതിന് വ്യത്യസ്തമായ സമീപനമാണ് ഇപ്പോഴുണ്ടായത്. അതെന്തുകൊണ്ടെന്ന് പ്രതിപക്ഷം ആലോചിക്കണം. കാര്യങ്ങള്‍ ശരിയായി മനസ്സിലാക്കാന്‍ കഴിവില്ലാത്ത ആളാണ് ചെന്നിത്തലയെന്ന് താന്‍ കരുതുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. പുതിയ അണക്കെട്ട് വേണമെന്ന നിലപാടില്‍ മാറ്റമില്ല. അതേസമയം തമിഴ്‌നാടിന് ജലം വിട്ടുകൊടുക്കണം. 

കേരളത്തിലെ ജനങ്ങളുടെ സുരക്ഷ, ഒപ്പം തമിഴ്‌നാടിന് വെള്ളം എന്നത് ഒരേതരത്തില്‍ സ്വീകരിക്കേണ്ട സമീപനമാണ്. അതില്‍ നിന്നും വ്യത്യസ്തമായ സ്വരം ചെന്നിത്തലയില്‍ നിന്നും ഉണ്ടായത് ഖേദകരമാണ്. വിഷയത്തില്‍ തമിഴ്‌നാടുമായി സഹകരിച്ച് പോകണം. അനാവശ്യ സ്പര്‍ധയുണ്ടാക്കാന്‍ ശ്രമിക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com