മുഖ്യമന്ത്രിയുണ്ടായിട്ടും 'അപ്രത്യക്ഷമായിപ്പോയ' പാര്‍ട്ടി; മറക്കാത്ത രണ്ട് മുദ്രാവാക്യങ്ങള്‍; രാഷ്ട്രീയ കേരളത്തിന്റെ 65 വര്‍ഷങ്ങള്‍

1957ല്‍ ഇഎംഎസ് കേരളത്തിന്റെ ആദ്യ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ അമേരിക്ക ഞെട്ടിക്കാണുമോ?
മുഖ്യമന്ത്രിയുണ്ടായിട്ടും 'അപ്രത്യക്ഷമായിപ്പോയ' പാര്‍ട്ടി; മറക്കാത്ത രണ്ട് മുദ്രാവാക്യങ്ങള്‍; രാഷ്ട്രീയ കേരളത്തിന്റെ 65 വര്‍ഷങ്ങള്‍

നവധി വളവുകളും കയറ്റിറക്കങ്ങളുമുള്ളതാണ് കേരളത്തിന്റെ രാഷ്ട്രീയ ഭൂപടം. നവോത്ഥാന, തൊഴിലാളി പ്രസ്ഥാനങ്ങള്‍ ഉഴുതുമറിച്ചിട്ട മണ്ണ്. അതികായരുടെ വളര്‍ച്ചയും ശരവേഗത്തിലുള്ള വീഴ്ചയും ഒട്ടനവധി തവണ കണ്ടിട്ടുണ്ട്, വിശാല ഇന്ത്യയുടെ തെക്കുപടിഞ്ഞാറേ അറ്റത്ത് സ്ഥിതി ചെയ്യുന്ന കൊച്ചു സംസ്ഥാനം. ഒന്നാം കമ്മ്യൂണിസ്റ്റ് മന്ത്രിസഭയില്‍ തുടങ്ങി പിണറായി വിജയന്റെ രണ്ടാം മന്ത്രിസഭയില്‍ എത്തിനില്‍ക്കുന്ന മലയാളം നടന്നു തീര്‍ത്ത രാഷ്ട്രീയ വഴികളുടെ കഥ, എല്ലാ ചേരുവകളും സമത്തില്‍ പാകപ്പെടുത്തിയിട്ടുണ്ടാക്കിയ ഒരു സസ്‌പെന്‍സ് ആക്ഷന്‍ ത്രില്ലര്‍ സിനിമയ്ക്ക് സമാനമാണ്. 

അമേരിക്കയെ 'ഞെട്ടിച്ച' കേരളം

1957ല്‍ ഇഎംഎസ് കേരളത്തിന്റെ ആദ്യ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ അമേരിക്ക ഞെട്ടിക്കാണുമോ? സാധ്യത ചിലപ്പോള്‍ തള്ളിക്കളയാന്‍ കഴിയില്ല. കമ്മ്യൂണിസ്റ്റ് ചരിത്രത്തില്‍ പുതിയ ഏട് കൂട്ടിച്ചേര്‍ത്താണ്  ഐക്യകേരളം അതിന്റെ രാഷ്ട്രീയ യാത്ര ആരംഭിക്കുന്നതുതന്നെ. ആദ്യമായി ഒരു കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെ ജനാധിപത്യ പ്രക്രികയിലൂടെ കേരളം അധികാരത്തിലെത്തിച്ചു. 

സി അച്യുത മേനോന്‍, ടിവി തോമസ്, കെആര്‍ ഗൗരി, വി ആര്‍ കൃഷ്ണയ്യര്‍, ജോസഫ് മുണ്ടശ്ശേരി. അതികായരും പ്രഗത്ഭരുമായ നേതാക്കള്‍ നിറഞ്ഞ മന്ത്രിസഭയ്ക്ക് പക്ഷേ രണ്ടുവര്‍ഷം മാത്രമായിരുന്നു ആയുസ്സ്. ഭൂപരിഷ്‌കരണ, വിദ്യാഭ്യാസ ബില്ലുകള്‍ അവതരിപ്പിച്ചുകൊണ്ട് വിപ്ലവകരമായ മാറ്റത്തിലേക്ക് കുതിച്ച സര്‍ക്കാരിനെ വിമോചന സമരത്തിലൂടെ കോണ്‍ഗ്രസ് താഴെയിറക്കി. 

കേരളം മറക്കാത്ത രണ്ട് മുദ്രാവാക്യങ്ങള്‍

രക്തം ചീന്തിയ വിമോചന സമരത്തിനൊടുവില്‍, 1959ജൂലൈ 31ന് ഭരണഘടനയുടെ 356 ആം വകുപ്പനുസരിച്ച് കേരളത്തിലെ ആദ്യ മന്ത്രിസഭയെ രാഷ്ട്രപതി പിരിച്ചുവിട്ടു. കത്തോലിക്ക സഭയും എന്‍എസ്എസും മുസ്ലിം ലീഗും കോണ്‍ഗ്രസും കൈകോര്‍ത്ത സമരത്തില്‍ നവകേരള പിറവിയ്ക്ക് ശേഷം വിസ്മരിക്കപ്പെടാത്ത രണ്ട് മുദ്രാവാക്യങ്ങളുണ്ടായി. 

'പാളേല്‍ കഞ്ഞി കുടിപ്പിക്കും, തമ്പ്രാനെന്ന് വിളിപ്പിക്കും ഗൗരിച്ചോത്തി പെണ്ണല്ലേ പുല്ലുപറിക്കാന്‍ പൊയ്ക്കൂടേ' മറ്റൊന്ന്, തെക്ക് തെക്കൊരു ദേശത്ത്, അലമാലകളുടെ തീരത്ത് ഭര്‍ത്താവില്ലാ നേരത്ത് ഗ്ലോറിയെന്നൊരു ഗര്‍ഭിണിയെ ചുട്ടുകരിച്ചൊരു സര്‍ക്കാരേ...ഞങ്ങടെ ചങ്കിലെ ചോരയ്ക്ക് നിങ്ങടെ കൊടിയുടെ നിറമെങ്കില്‍, ആ ചെങ്കൊടിയാണേ കട്ടായം പകരം ഞങ്ങള്‍ ചോദിക്കും...'

അപ്രത്യക്ഷമായ പാര്‍ട്ടി ഭരിച്ച നാളുകള്‍

കേരള ചരിത്രത്തില്‍ നിന്ന് മാഞ്ഞുപോയൊരു പാര്‍ട്ടിയും അതിന്റെ നേതാവുമായിരുന്നു ഒന്നാം കമ്മ്യൂണിസ്റ്റ് മന്ത്രിസഭയ്ക്ക് ശേഷം അധികാരത്തിലെത്തിയത്. ഇഎംഎസ് സര്‍ക്കാരിന്റെ പിരിച്ചിവിടലിന് ശേഷം ആറുമാസം രാഷ്ട്രപതി ഭരണത്തില്‍ കഴിഞ്ഞ കേരളത്തില്‍ 1960ല്‍ രണ്ടാം നിയമസഭ തെരഞ്ഞെടുപ്പ് നടന്നു. പിഎസ്പിയുടെ പട്ടം താണുപിള്ളയെ മുഖ്യമന്ത്രിയാക്കി മുക്കൂട്ടു മുന്നണി അധികാരത്തിലെത്തി.

രണ്ടുവര്‍ഷമായിരുന്നു താണുപിള്ള സര്‍ക്കാരിന്റെ ആയുസ്സ്, സ്പീക്കര്‍ സ്ഥാനവുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ ലീഗ് മന്ത്രിസഭയുടെ പുറത്തേക്ക് പോകുന്നതിലേക്ക് നയിച്ചു. പട്ടം താണുപിള്ള പഞ്ചാബ് ഗവര്‍ണറായി പോയതിന് പിന്നാലെ 1962ല്‍ ആര്‍ ശങ്കര്‍ മുഖ്യമന്ത്രിയായി. ഐക്യകേരളത്തില്‍ ആദ്യമായി കോണ്‍ഗ്രസ് മുഖ്യമന്ത്രി. 

പട്ടം താണുപിള്ള
 

ചോര മണമുള്ള രാത്രികള്‍

1964, രാഷ്ട്രീയ ഭൂപടങ്ങളില്‍ പുതിയ വഴികള്‍ വെട്ടിത്തെളിക്കപ്പെട്ട വര്‍ഷമായിരുന്നു. അമ്പതുകളുടെ തുടക്കംമുതല്‍ നിലനിന്നുരുന്ന അഭിപ്രായ ഭിന്നതകള്‍ക്കൊടുവില്‍ ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ചരിത്രപരമായ ദശാസന്ധിയിലെത്തി. പാര്‍ട്ടി പിളര്‍ന്നു. കമ്മ്യൂണിസ്റ്റ് മൂവ്‌മെന്റിനെ പിന്നോട്ടടിച്ചെന്നും മുന്നോട്ടു നയിച്ചെന്നും ഇരുപക്ഷം നിലനില്‍ക്കുന്ന സംഭവത്തിനൊടുവില്‍ പുതിയൊരു പാര്‍ട്ടിയുണ്ടായി, സിപിംഐഎം. പിന്നാലെ നക്‌സല്‍ പ്രസ്ഥാനങ്ങളും ചോര മണമുള്ള രാത്രി പകലുകളുമുണ്ടായി. അതേ വര്‍ഷം തന്നെ കോണ്‍ഗ്രസും പിളര്‍പ്പിനെ നേരിട്ടു. കേരള കോണ്‍ഗ്രസ് എന്ന പിളര്‍പ്പും ലയനങ്ങളും തുടര്‍ക്കഥയായൊരു പ്രസ്ഥാനം കൂടി രൂപപ്പെട്ടു. 

1967ല്‍ വൈരം മറന്ന് സിപിഐയും സിപിഎമ്മും ഒരുമിച്ചു മത്സരിച്ചു. സപ്ത കക്ഷി മന്ത്രിസഭയില്‍ ഇഎംഎസ് മുഖ്യമന്ത്രിയായി. എന്നാല്‍ അധികനാള്‍ ഭരണത്തിലിരിക്കാന്‍ ഇഎമ്മിസിനായില്ല. സിപിഐ തെറ്റിപ്പിരിഞ്ഞു. സര്‍ക്കാര്‍ താഴെവീണു. 

അച്യുതമേനോന്‍ കാലം

വികസനവും വിവാദവും ഒരുപോലെ വാണ കാലം. 1969ല്‍ സിപിഐ മന്ത്രിസഭ രൂപീകരിച്ചു. മദ്രാസിലായിരുന്ന സി അച്യുത മേനോന്‍ തിരുവനന്തപുരത്തെത്തി മുഖ്യമന്ത്രിയായി. പിന്നീടുള്ള നീണ്ട പന്ത്രണ്ടുവര്‍ഷം സിപിഎം പ്രതിപക്ഷത്തിരുന്നു.

1970ല്‍ വീണ്ടും തെരഞ്ഞെടുപ്പ്. സി അച്യുത മേനോന്‍ മുഖ്യമന്ത്രിയായി. 1971ല്‍ കോണ്‍ഗ്രസ് മന്ത്രിസഭയില്‍ ചേര്‍ന്നു. 1977വരെ സി അച്യുത മോനോന്‍ കേരളം ഭരിച്ചു.  

സി അച്യുത മേനോന്‍
 

1975 ജൂണ്‍ 25ന് പ്രധാനമന്ത്രി ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. സ്വതന്ത്ര ഇന്ത്യകണ്ട ഏറ്റവും വലിയ ജനാധിപത്യ ധ്വംസനത്തിന്റെ നാളുകള്‍. കേരളത്തില്‍ അടിയന്താരാവസ്ഥ കാലം നക്‌സല്‍ വേട്ടയ്ക്ക് വേണ്ടി ആഭ്യന്തരമന്ത്രി കെ കരുണാകരന്‍ ഉപയോഗിച്ചു. നിരവധി യുവാക്കളുടെ ചോര പൊലീസ് ക്യാമ്പുകളില്‍ തളം കെട്ടി. കാണാതായ മകനെ തേടി ഈച്ചരവാര്യരെന്ന അച്ഛന്‍ കാലങ്ങളോളം നടന്നു. രാജന് എന്തുപറ്റിയെന്ന ചോദ്യം നല്ലതൊരുപാട് ചെയ്തിട്ടും സി അച്യുത മേനോന്‍ എന്ന രാഷ്ട്രീയ അതികായനെ ജീവിതാവസാനം വരെ പെരുമഴയത്ത് നിര്‍ത്തി.

എല്ലായിടത്തും തോറ്റ കോണ്‍ഗ്രസിനെ ജയിപ്പിച്ച കേരളം 

അടിയന്തരാവസ്ഥയ്ക്ക് ശേഷം, രാജ്യത്താകെ കോണ്‍ഗ്രസ് വലിയ തിരിച്ചടി നേരിട്ടപ്പോള്‍, വന്‍ ഭൂരിപക്ഷത്തില്‍ കേരളം കോണ്‍ഗ്രസിനെ അധികാരത്തിലെത്തിക്കുകയാണ് ചെയ്തത്. 1977 മാര്‍ച്ചില്‍ കെ കരുണാകരന്‍ മുഖ്യമന്ത്രിയായി. എന്നാല്‍ രാജന്റെ തിരോധാനവുമായി ബന്ധപ്പെട്ട ഹൈക്കോടതി വിധിയെ തുടര്‍ന്ന് കരുണാകരന്‍ രാജിവച്ചു. 1977 ഏപ്രില്‍ 27മുതല്‍ 78 ഒക്ടോബര്‍ 27വരെ എകെ ആന്റണി കേരളം ഭരിച്ചു. 

ഇടതുപക്ഷത്തിന് വേണ്ടിയുള്ള 'ത്യാഗം'

ആന്റണിയുടെ രാജിയെത്തുടര്‍ന്ന് സിപിഐയുടെ പി കെ വാസുദേവന്‍ നായര്‍ 1978 ഒക്ടോബര്‍ 29ന് മുഖ്യമന്ത്രിയായി. ഇടതുപക്ഷ മുന്നണി രൂപീകരിക്കാനുള്ള ധാരണയെത്തുടര്‍ന്ന് 79 ഒക്ടോബര്‍ 7ന് പികെവി മുഖ്യമന്ത്രി പദം രാജിവച്ചു. 1979 ഒക്ടോബര്‍ 12മുതല്‍ ഡിസംബര്‍ 1വരെ മുസ്ലിം ലീഗ് നേതാവ് സിഎച്ച് മുഹമ്മദ് കോയ മുഖ്യമന്ത്രിയായി. 

പി കെ വാസുദേവന്‍ നായര്‍
 

ഇടതുപക്ഷ ജനാധിപത്യ മുന്നണി നിലവില്‍ വന്ന 1980ലെ തെരഞ്ഞെടുപ്പല്‍ സിപിഎം അധികാരത്തിലേക്ക് തിരിച്ചെത്തി. ഇകെ നായനാര്‍ മുഖ്യമന്ത്രി. കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിച്ച് വന്ന സിപിഐയ്ക്ക് മുന്നണിയിലെ പ്രധാന വകുപ്പുകള്‍. ഇന്ദിരയോട് പിണങ്ങി എകെ ആന്റണിയും മുന്നണിയുടെ ഭാഗമായി. എന്നാല്‍ കോണ്‍ഗ്രസ് എസും കേരള കോണ്‍ഗ്രസ് എമ്മും പിന്തുണ പിന്‍വലിച്ചതോടെ ഒന്നാം ഇടതുപക്ഷ സര്‍ക്കാര്‍ മൂക്കുകുത്തി.  

കരുണാകരന്റെ തിരിച്ചുവരവ് 

കെ കരുണാകരന്‍ വീണ്ടും മുഖ്യമന്ത്രി പദത്തിലെത്തുന്നത് 1981 ഡിസംബര്‍ 28ന്. അവിശ്വാസ പ്രമേയത്തില്‍ അടിതെറ്റിയ കരുണാകരനും കൂട്ടരും മാര്‍ച്ച് 17ന് രാജിവച്ചു. കേരളം വീണ്ടും പ്രസിഡന്റ് ഭരണത്തിലായി. ശേഷം കെ കരുണാകരന്‍, 1982മുതല്‍ 87വരെ അഞ്ചുവര്‍ഷം പൂര്‍ത്തിയാക്കി കേരളം ഭരിച്ചു. ഇക്കാലയളവില്‍ എ കെ ആന്റണിയുടെ സംഘടന കോണ്‍ഗ്രസ് ഇടത് പാളയം വിട്ട് ഐക്യ ജനാധിപത്യ മുന്നണിയിലെത്തി. 

കെ കരുണാകരന്‍
 

1987മുതല്‍ 91വരെ ഇ കെ നായനാര്‍ മുഖ്യമന്ത്രി. കാലാവധി പൂര്‍ത്തിയാക്കുന്നതിന് മുന്‍പ് രാജിവച്ചു തെരഞ്ഞെടുപ്പിനെ നേരിട്ട ഇടതുപക്ഷത്തിന് പക്ഷേ കണക്കുകൂട്ടല്‍ തെറ്റി. രാജീവ് ഗാന്ധി വധത്തെത്തുടര്‍ന്ന് രാജ്യത്താകെ വീശിയ കോണ്‍ഗ്രസ് അനുകൂല കാറ്റ് കേരളത്തിലും കോണ്‍ഗ്രസിനെ സഹായിച്ചു. 

ഗൗരിയമ്മയുടെ പിണങ്ങിപ്പോക്കും കരുണാകാരന്റെ പതനവും

1994ല്‍ കെ ആര്‍ ഗൗരിയെന്ന തീപ്പൊരി നേതാവ് സിപിഎമ്മുമായി തെറ്റിപ്പിരിഞ്ഞു. ജനാധിപത്യ സംരക്ഷണ സമിതിയെന്ന പേരില്‍ പുതിയ പാര്‍ട്ടി രൂപീകരിച്ചു. അതേവര്‍ഷം കേരളം വലിയൊരു വിവാദത്തിന് സാക്ഷ്യം വഹിച്ചു. ഐഎസ്ആര്‍ഒ ചാരക്കേസ്. അത് ചെന്നവസാനിച്ചത് മുഖ്യമന്ത്രി കെ കരുണാകരന്റെ രാജിയില്‍. 1995 മാര്‍ച്ച് 22മുതല്‍ മെയ് 9വരെ എകെ ആന്റണി വീണ്ടും മുഖ്യമന്ത്രി. 

കെ ആര്‍ ഗൗരിയമ്മ,പിണറായി വിജയന്‍

1996. ഇകെ നായനാര്‍ വീണ്ടും മുഖ്യമന്ത്രിയായി. 2001മുതല്‍ 2004വരെ എകെ ആന്റണി, 2004മുതല്‍ 2006വെര ഉമ്മന്‍ചാണ്ടി. കോണ്‍ഗ്രസുമായി തെറ്റിപ്പിരിഞ്ഞ കെ കരുണാകരന്‍, 2005ല്‍ നാഷണല്‍ കോണ്‍ഗ്രസ് ഇന്ദിര എന്ന പേരില്‍ പുതിയ പാര്‍ട്ടി രൂപീകരിച്ചു. പിന്നീട് പാര്‍ട്ടിയുടെ പേര് ഡിഐസി എന്നാക്കി. ഇടത് മുന്നണിയ്‌ക്കൊപ്പം ചേരാനുള്ള കരുണാകരന്റെ ശ്രമം സിപിഐയുടെയും വിഎസ് അച്യുതാനന്ദന്റെയും എതിര്‍പ്പിനെത്തുടര്‍ന്ന് പരാജയപ്പെട്ടു. 2008ല്‍ കരുണാകരന്‍ കോണ്‍ഗ്രസിലേക്ക് തന്നെ തിരിച്ചുപോയി. 

വിഎസും വിഭാഗിയതയും

2006ല്‍ വിഎസ് അച്യുതാനന്ദന്റെ മുഖ്യമന്ത്രി പദത്തിലേക്കുള്ള വരവ്. സിപിഎമ്മില്‍ കൊടികുത്തി വാണ വിഭാഗിയത അതിന്റെ പാരമ്യത്തിലെത്തിയ കാലം. പാര്‍ട്ടി സെക്രട്ടറിയായ പിണറായി വിജയനും മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദനും തമ്മില്‍ നിരന്തരം നടന്നുവന്ന പോര് രാഷ്ട്രീയ കേരളത്തെ മുള്‍മുനയില്‍ നിര്‍ത്തി. 

വിഎസ്, പിണറായി വിജയന്‍
 

2011ല്‍ നേരിയ ഭൂരിപക്ഷത്തില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തി. ജനമ്പര്‍ക്കം അടക്കമുള്ള പരിപാടികളുമായി ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ മുന്നേറിയെങ്കിലും അവസാന വര്‍ഷങ്ങളില്‍ വന്നുപെട്ട സോളാര്‍ വിവാദമുള്‍പ്പെടെയുള്ളവ ശോഭ കെടുത്തി. 

പിണറായിയുടെ സ്ഥാനാരോഹണം

പാര്‍ട്ടിക്കുള്ളിലെ വിഭാഗിയതകളെല്ലാം വെട്ടിയൊതുക്കി പിണറായി വിജയന്‍ 2016ല്‍ കേരള മുഖ്യമന്ത്രിയായി. കേരളം കണ്ടതില്‍വെച്ച് ഏറ്റവും പ്രതിസന്ധികള്‍ നേരിട്ട സര്‍ക്കാരിയുരുന്നു ഒന്നാം പിണറായി സര്‍ക്കാര്‍. ഓഖിയില്‍ തുടങ്ങിയ പ്രകൃതി ദുരന്തങ്ങളുടെ തുടര്‍ക്കഥ,രണ്ട് പ്രളയങ്ങള്‍, നിപ്പയും കോവിഡും. 

രാഷ്ട്രീയ ആരോപണങ്ങള്‍ക്കും പഞ്ഞമില്ലായിരുന്നു. സ്വര്‍ണ്ണക്കടത്തുള്‍പ്പെടെ പലതും സര്‍ക്കാരിനെ പ്രതിരോധത്തിലാക്കി. എന്നിട്ടും 2021ല്‍ മൃഗീയ ഭൂരിപക്ഷത്തോടെ പിണറായി വിജയന്‍ സര്‍ക്കാര്‍ രണ്ടാമതും അധികാരത്തിലെത്തി. 

കേരളത്തിന്റെ മുഖ്യധാരാ രാഷ്ട്രീയം കടന്നുവന്ന വഴികളെ കുറിച്ചു മാത്രമാണ് പറഞ്ഞവസാനിപ്പിക്കുന്നത്. കര്‍ഷക പ്രക്ഷോഭങ്ങള്‍, വിദ്യാര്‍ത്ഥി സമരങ്ങള്‍, ഭൂമിയ്ക്ക് വേണ്ടി ആദിവാസികളും ദലിതരും നടത്തിയ ഐതിഹാസിക പോരാട്ടങ്ങള്‍, കുടിയിറക്കലുകള്‍ക്ക് എതിരെയുള്ള ചെറുത്തുനില്‍പ്പുകള്‍... സമര കലുഷിതമായിരുന്നു ആധുനിക കേരളത്തിന്റെ 65 രാഷ്ട്രീയ വര്‍ഷങ്ങള്‍, അത് മറ്റൊരിക്കല്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com