ജോജുവിന്റെ കാര്‍ തകര്‍ത്ത കോണ്‍ഗ്രസ് നേതാവ് കസ്റ്റഡിയില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 02nd November 2021 05:48 PM  |  

Last Updated: 02nd November 2021 05:48 PM  |   A+A-   |  

Congress leader in custody

വൈറ്റില സ്വദേശിയായ ജോസഫ്

 

കൊച്ചി: ഇന്ധനവില വര്‍ധനയ്‌ക്കെതിരെ ദേശീയപാത ഉപരോധിച്ച് കോണ്‍ഗ്രസ് നടത്തിയ സമരത്തിനെതിരെ പ്രതിഷേധിച്ച നടന്‍ ജോജു ജോസഫിന്റെ കാര്‍ തകര്‍ത്ത സംഭവത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കസ്റ്റഡിയില്‍. വൈറ്റില സ്വദേശിയായ ജോസഫിനെയാണ് കസ്റ്റഡിയിലെടുത്തത്. ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ജോസഫിനെ കസ്റ്റഡിയിലെടുത്തതെന്നാണ് റിപ്പോര്‍ട്ടുകള്‍. ജോസഫിനെ പൊലീസ് വിശദമായി ചോദ്യം ചെയ്ത് വരികയാണ്.

ഇന്ധനവില വര്‍ധനയ്‌ക്കെതിരെ കോണ്‍ഗ്രസ് സമരം 

കഴിഞ്ഞദിവസം ദേശീയപാത ഉപരോധിച്ച് കോണ്‍ഗ്രസ് നടത്തിയ സമരത്തില്‍ നാടകീയ സംഭവങ്ങളാണ് അരങ്ങേറിയത്. സമരത്തെ തുടര്‍ന്ന് ദേശീയപാതയില്‍ വാഹനകുരുക്ക് അനുഭവപ്പെട്ടതോടെ നടന്‍ ജോജു പ്രതിഷേധവുമായി രംഗത്തുവരികയായിരുന്നു. കോണ്‍ഗ്രസ് പ്രവര്‍ത്തകരുമായുള്ള വാക്കേറ്റത്തെ തുടര്‍ന്ന് ജോജുവിന്റെ കാറിന്റെ ചില്ല് അടിച്ചുതകര്‍ത്തിരുന്നു.

ജോജുവിന്റെ കാര്‍ തകര്‍ത്തു

ദേശീയപാത ഉപരോധിച്ചതിലും കാറിന്റെ ചില്ല് തകര്‍ത്തതിലും ജോജുവിന്റെ പരാതിയില്‍ പൊലീസ് കേസെടുത്തിരുന്നു. ഇതിന്റെ തുടര്‍ച്ചയായി നടത്തിയ അന്വേഷണത്തിലാണ് കാറിന്റെ പിന്നിലെ ചില്ല് തകര്‍ത്ത കോണ്‍ഗ്രസ് പ്രവര്‍ത്തകനെ പൊലീസ് കണ്ടെത്തിയത്. ചില്ല് തകര്‍ക്കുന്ന സമയത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ കൈയ്ക്ക് പരിക്കേറ്റിരുന്നു. കാറില്‍ നിന്ന് ലഭിച്ച രക്തസാമ്പിളുകളും കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ രക്തസാമ്പിളുകളും ഒന്നായതോടെയാണ് ജോസഫിനെ കസ്റ്റഡിയിലെടുത്തതെന്നാണ് ലഭിക്കുന്ന വിവരം.