അനുപമയുടെ ഹര്‍ജി പിന്‍വലിക്കണം, അല്ലെങ്കില്‍ തള്ളുമെന്ന് ഹൈക്കോടതി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 02nd November 2021 11:10 AM  |  

Last Updated: 02nd November 2021 11:10 AM  |   A+A-   |  

high court declined to accept habeas corpus petition

അനുപമ സെക്രട്ടേറിയറ്റ് പടക്കല്‍ സമരം നടത്തിയപ്പോള്‍/ഫയല്‍

 

കൊച്ചി: കുഞ്ഞിനെ ഹാജരാക്കാന്‍ നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് അനുപമ നല്‍കിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയില്‍ ഇടപെടാന്‍ വിസമ്മതിച്ച് ഹൈക്കോടതി. കുടുംബ കോടതിയില്‍ കേസ് നിലനില്‍ക്കുമ്പോള്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി നിലനില്‍ക്കുമോയെന്ന് ഹൈക്കോടതി ആരാഞ്ഞു.

കുഞ്ഞിനെ ദത്തു നല്‍കുന്നതുമായി ബന്ധപ്പെട്ട കേസ് കുടുംബ കോടതിയുടെ പരിഗണനയിലാണ്. അമ്മ അറിയാതെ കുഞ്ഞിനെ ദത്തു നല്‍കിയെന്ന് ആക്ഷേപമുയര്‍ന്ന കേസില്‍ ആവശ്യമെങ്കില്‍ ഡിഎന്‍എ ടെസ്റ്റ് നടത്താമെന്ന് കുടുംബ കോടതി ഇന്നലെ നിര്‍ദേശിച്ചിരുന്നു. കുഞ്ഞ് ഉപേക്ഷിക്കപ്പെട്ടതാണോയെന്നു കണ്ടെത്തണമെന്നും തിരുവനന്തപുരം കുടുംബ കോടതി നിര്‍ദേശിച്ചിട്ടുണ്ട്. 

ഇന്ന് അനുപമയുടെ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി പരിഗണിച്ചപ്പോള്‍ ഈ കേസ് കുടുംബ കോടതിയുടെ പരിഗണനയില്‍ അല്ലേയെന്ന് ബെഞ്ച് ആരാഞ്ഞു. ഈ ഹര്‍ജി നിലനില്‍ക്കുമോ? ഇതില്‍ സത്വരമായി ഇടപെടാന്‍ കാരണം കാണുന്നില്ല. ഹര്‍ജി പിന്‍വലിച്ചില്ലെങ്കില്‍ തള്ളുമെന്ന് സൂചിപ്പിച്ച കോടതി ഇതു പിന്നീടു പരിഗണിക്കാന്‍ മാറ്റി.

നിലവില്‍ കുഞ്ഞ് നിയമ വിരുദ്ധ കസ്റ്റഡിയില്‍ ആണെന്നു പറയാനാവില്ലെന്ന് വിലയിരുത്തിയ കോടതി ഡിഎന്‍എ ടെസ്റ്റ് നടത്താന്‍ ശിശുക്ഷേമ സമിതിക്ക് അധികാരമുണ്ടെന്നും വ്യക്തമാക്കി.