'ജോജു പറഞ്ഞത് നുണ; ആംബുലന്‍സില്‍ കീമോ ചെയ്യാനുള്ള കുട്ടിയുണ്ടായിരുന്നില്ല': അസഭ്യം പറഞ്ഞെന്ന് ആവര്‍ത്തിച്ച് ഡിസിസി പ്രസിഡന്റ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 02nd November 2021 11:43 AM  |  

Last Updated: 02nd November 2021 11:43 AM  |   A+A-   |  

joju against congress strike

മുറിവ് പറ്റിയ ഭാഗത്ത് പഞ്ഞി ഉപയോഗിച്ച് തുടയ്ക്കുന്ന ജോജു/വീഡിയോ സ്‌ക്രീന്‍ഷോട്ട് 


കൊച്ചി: നടന്‍ ജോജു ജോര്‍ജിന് എതിരെ കോണ്‍ഗ്രസ് വനിതാ നേതാക്കള്‍ നല്‍കിയ പരാതിയില്‍ കേസെടുത്തില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്ന് എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്. 'ജോജുവിന്റെ വാഹനത്തിന് കേടുപറ്റി, അതിന് കേസെടുത്തു, സമ്മതിച്ചു. പക്ഷേ എന്തുകൊണ്ടാണ് സ്ത്രീകള്‍ കൊടുത്ത പരാതിയില്‍ കേസെടുക്കാത്തത്? സ്ത്രീകളെ തട്ടിയിടുന്നത് കണ്ടിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. പുറകില്‍ക്കൂടിയാണ് അദ്ദേഹം കടന്നുവന്നത്. ക്യാമറ മുഴുവന്‍ മുന്നിലായിരുന്നു. പാലത്തിനോട് അടുപ്പിച്ചായിരുന്നു ചാനലുകാര്‍ നിന്നത്.' ഷിയാസ് പറഞ്ഞു. 

കീമോ തെറാപ്പിയ്ക്ക് പോകാന്‍ ആംബുലന്‍സില്‍ കിടക്കുന്ന കുട്ടിയുണ്ടെന്നാണ് ജോജു പറഞ്ഞത്. അങ്ങനെയൊരു സംഭവമേ അവിടെയില്ലായിരുന്നെന്നും ഷിയാസ് പറഞ്ഞു. 

വഴിതടയല്‍ സമരത്തിനോട് യോജിപ്പില്ലെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞത് വ്യക്തിപരമായ അഭിപ്രായമാണ്. അത് മാനിക്കുന്നു. തങ്ങളുടെ ഭാഗത്ത് വീഴ്ചയുണ്ടായിട്ടുണ്ടെങ്കില്‍ നേതൃത്വം അന്വേഷിക്കട്ടേയെന്നും ഷിയാസ് കൂട്ടിച്ചേര്‍ത്തു. 

പൊലീസ് ഏകപക്ഷീയമായാണ് പെരുമാറുന്നത്. ലഹരിക്ക് അടിമപ്പെട്ടുവരുന്നതുപോലെ തുണിയും മടക്കിക്കുത്തിയാണ് സ്ത്രീകള്‍ അടക്കമുള്ള സ്ഥലത്തേക്ക് കടന്നുവന്ന്. ജോജു സഭ്യമല്ലാത്ത ഭാഷയില്‍ സംസാരിച്ചുവെന്നും ഷിയാസ് ആവര്‍ത്തിച്ചു. 

ജോജുവിന്റെ മൊഴിയെടുക്കും 

ഇന്ധനവില വര്‍ധനവിന് എതിരെ കൊച്ചിയില്‍ കോണ്‍ഗ്രസ് നടത്തിയ സമരത്തിലാണ് അക്രമം അരങ്ങേറിയത്. കേസില്‍, ജോജു ജോര്‍ജിനെ പൊലീസ് വിളിച്ചു വരുത്തി മൊഴിയെടുക്കും. ജോജുവിന് ഒപ്പമുണ്ടായിരുന്നവരുടെ മൊഴിയും രേഖപ്പെടുത്തും. സംഭവത്തിന്റെ ദൃശ്യങ്ങളും പൊലീസ് വിശദമായി പരിശോധിക്കും.

കോണ്‍ഗ്രസ് സമരത്തിനിടെയുണ്ടായ ആക്രമണത്തില്‍ ജോജു ജോര്‍ജിന്റെ കാര്‍ തകര്‍ത്തവരെ പൊലീസ് തിരിച്ചറിഞ്ഞു. ജോജുവിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പ്രതി ചേര്‍ത്തേക്കും. അക്രമം നടത്തിയവരുടെ അറസ്റ്റും ഇന്നുണ്ടായേക്കും.

വാഹനം ആക്രമിച്ചെന്നാരോപിച്ച് ജോജു നല്‍കിയ പരാതിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് ഇന്നലെ തന്നെ കേസെടുത്തിരുന്നു. മുന്‍ മേയര്‍ ടോണി ചമ്മിണിയുടെ നേതൃത്വത്തിലാണ് ജോജുവിനെ കയ്യേറ്റം ചെയ്തതെന്നും വാഹനത്തിന് ആറ് ലക്ഷം രൂപയുടെ കേടുപാടുണ്ടാക്കിയെന്നും എഫ്ഐആറിലുണ്ട്.

മൊഴി വ്യാജമെന്ന് ടോണി ചമ്മിണി

അതേസമയം ജോജു തനിക്കെതിരെ നല്‍കിയ മൊഴി വ്യാജമാണെന്ന് ടോണി ചമ്മിണി പറയുന്നു. ജോജുവിനോട് അസഭ്യം പറയുകയോ, കഴുത്തില്‍ പിടിക്കുകയോ ചെയ്തിട്ടില്ലെന്നും ടോണി പറഞ്ഞു. ജോജുവിന്റെ വാഹനം തടഞ്ഞത് സ്വാഭാവികമായ വികാരപ്രകടനം മാത്രമാണ്. എന്നാല്‍ കാര്‍ തകര്‍ത്തത് കോണ്‍ഗ്രസ് പ്രവര്‍ത്തകരല്ലെന്നും ടോണി ചമ്മിണി പറഞ്ഞു.

ദൃശ്യങ്ങള്‍ പരിശോധിക്കുന്നു

അതിനിടെ, സംഘര്‍ഷത്തിനിടെ ജോജു ജോര്‍ജ് അപമര്യാദയായി പെരുമാറിയെന്ന വനിതാ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പരാതിയില്‍, ദൃശ്യങ്ങള്‍ വിശദമായി പരിശോധിച്ചശേഷം മാത്രം കേസെടുത്താല്‍ മതിയെന്നാണ് പൊലീസ് തീരുമാനം. ജോജു മദ്യപിച്ചിരുന്നെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചിരുന്നെങ്കിലും, വൈദ്യപരിശോധനയില്‍ മദ്യപിച്ചിട്ടില്ലെന്ന് തെളിഞ്ഞിരുന്നു.

കൂടുതല്‍ നേതാക്കള്‍ക്കെതിരെ കേസെടുത്തേക്കും

ഇന്നലെ നടന്ന റോഡ് ഉപരോധവുമായി ബന്ധപ്പെട്ടും കൂടുതല്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കേസെടുത്തേക്കും. മണിക്കൂറുകളോളം ദേശീയ പാതയില്‍ ഗതാഗതം തടസപ്പെടുത്തിയതിനാലാണ് ഇത്തരമൊരു നടപടിയിലേക്ക് പൊലീസ് നീങ്ങുന്നത്. അഞ്ചു മിനിറ്റ് സമരത്തിനാണ് അനുമതി നല്‍കിയതെങ്കിലും സമരം 45 മിനിറ്റ് നീണ്ടതാണു ഗതാഗതക്കുരുക്കു രൂക്ഷമാകാന്‍ കാരണമെന്ന് പൊലീസ് പറഞ്ഞു.

ഇതോടെ 8 ജംക്ഷനുകളില്‍ ഗതാഗതം തടസ്സപ്പെട്ടു. റോഡിലെ 2 ലെയ്നുകളും തടഞ്ഞു. ഒരു ലെയ്ന്‍ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടുവെങ്കിലും സമരക്കാര്‍ വഴങ്ങിയില്ലെന്നും പൊലീസ് പറഞ്ഞു.