കോഴിക്കോട് കനത്തമഴ; കുറ്റ്യാടിയിലും ബാലുശ്ശേരിയിലും ഉരുള്‍പൊട്ടല്‍; അടിവാരം ടൗണില്‍ വെള്ളം കയറി

By സമകാലിക മലയാളം ഡെസ്‌ക്  |   Published: 02nd November 2021 05:46 PM  |  

Last Updated: 02nd November 2021 05:46 PM  |   A+A-   |  

floods

അടിവാരം ടൗണില്‍ വെള്ളം കയറിയപ്പോള്‍/ ടെലിവിഷന്‍ ദൃശ്യം

 

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ കനത്ത മഴ. രണ്ടിടത്ത് മണ്ണിടിച്ചിലുണ്ടായി. കുറ്റിയാടി ചുരം റോഡില്‍ ഉരുള്‍പൊട്ടി. കുറ്റ്യാടിയില്‍ വ്യാപകകൃഷിനാശമുണ്ടായി. കുറ്റ്യാടി, മരുതോംകര, കായക്കൊടി, കാവിലുംപാറ പ്രദേശങ്ങളിലെ താഴ്ന്ന ഇടങ്ങള്‍ വെള്ളത്തിനടിയിലായി.

അടിവാരത്ത് ശക്തമായ മലവെള്ളപ്പാച്ചിലാണ് ഉണ്ടായത്. അടിവാരം ടൗണില്‍ വെള്ളപ്പൊക്കമുണ്ടായി. നഗരത്തിലെ കടകളില്‍ പലതിലും വെള്ളം കയറി. മണ്ണിടിച്ചിലിന്റെ ഭാഗമായാണ് അടിവാരം ടൗണിലേക്ക് വലിയ തോതില്‍ മലവെള്ളപ്പാച്ചില്‍ ഉണ്ടായതെന്നാണ് റിപ്പോര്‍ട്ട്.

അടിവാരം ടൗണില്‍ വെള്ളപ്പൊക്കമുണ്ടായതോടെ കോഴിക്കോട്- വയനാട് ദേശീയ പാതയില്‍ ഗതാഗതം സ്തംഭിച്ചു. കനത്ത മഴയില്‍ ഗ്രാമീണ മേഖലകളിലും വെള്ളം ഉയരുന്ന സാഹചര്യമാണുള്ളത്. കോഴിക്കോട് ബാലുശേരി കുറുമ്പൊയില്‍ തോരാട് മലയിലും ഉരുള്‍ പൊട്ടലുണ്ടായതായി റിപ്പോര്‍ട്ടുണ്ട്.  കോഴിക്കോട് നഗരത്തിലും ശക്തമായ മഴയാണ് പെയ്യുന്നത്.

ന്യൂനമര്‍ദം അറബിക്കടലിലേക്ക്

ബംഗാള്‍ ഉല്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദം അറബിക്കടലിലേക്ക് പ്രവേശിക്കാനൊരുങ്ങുന്നു. ഇതിന്റെ ഫലമായി സംസ്ഥാനത്ത് അടുത്ത നാലുദിവസം അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.  ഇന്നും നാളെയും എട്ടു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഇന്നും നാളെയും തീവ്ര മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുള്ളത്. ശേഷിക്കുന്ന ആറു ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്.

നാളെ ആലപ്പുഴ, പാലക്കാട്, തൃശൂര്‍, മലപ്പുറം ജില്ലകളില്‍ യെല്ലോ അലര്‍ട്ടുണ്ട്. വ്യാഴാഴ്ച ആറു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുള്ളത്. കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമുണ്ട്.