എന്‍ഐഎ കേസിലും ജാമ്യം; സ്വപ്ന ജയിലിനു പുറത്തേക്ക് 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 02nd November 2021 02:29 PM  |  

Last Updated: 02nd November 2021 02:34 PM  |   A+A-   |  

swapna_suresh

ഫയല്‍ ചിത്രം

 

തിരുവനന്തപുരം: നയതന്ത്ര ചാനല്‍ വഴി സ്വര്‍ണക്കള്ളക്കടത്തു നടത്തിയതുമായി ബന്ധപ്പെട്ട് ദേശീയ അന്വേഷണ ഏജന്‍സി രജിസ്റ്റര്‍ ചെയ്ത കേസില്‍ സ്വപ്‌ന സുരേഷിനു ജാമ്യം. ജാമ്യം നിഷേധിച്ച എന്‍ഐഎ കോടതി വിധിക്കെതിരെ സ്വപ്‌ന നല്‍കിയ അപ്പീലിലാണ് ഹൈക്കോടതി നടപടി. സ്വപ്‌നയ്‌ക്കൊപ്പം കേസിലെ ആറു പ്രതികള്‍ക്കും ഹൈക്കോടതി ജാമ്യം അനുവദിച്ചു.

എന്‍ഐഎ രജിസ്റ്റര്‍ ചെയ്ത യുഎപിഎ കേസിലും ജാമ്യം കിട്ടിയതോടെ, സംസ്ഥാനത്ത് രാഷ്ട്രീയ കോളിളക്കമുണ്ടാക്കിയ കേസില്‍ മുഖ്യപ്രതിയായ സ്വപ്‌ന സുരേഷ് ജയില്‍ മോചിതയാവാന്‍ സാഹചര്യമൊരുങ്ങി. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് കസ്റ്റംസും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും (ഇഡി) രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ സ്വപ്‌നയ്ക്കു നേരത്തെ ജാമ്യം ലഭിച്ചിരുന്നു. സ്വ്പനയെ കള്ളക്കടത്തു നിരോധന നിയമ പ്രകാരം (കോഫെപോസ) കരുതല്‍ തടങ്കലില്‍ വച്ച കസ്റ്റംസ് നടപടി ഹൈക്കോടതി നേരത്തെ റദ്ദാക്കിയിരുന്നു. അറസ്റ്റിലായി ഒരു വര്‍ഷത്തിനു ശേഷമാണ് സ്വപ്‌ന ജയില്‍ മോചിതയാവുന്നത്. 

കസ്റ്റംസ് കുറ്റപത്രം

കേസില്‍ കസ്റ്റംസ് നേരത്തെ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. സ്വര്‍ണക്കടത്തു ഗൂഢാലോചനയിലും കടത്തിലും സ്വപ്‌നയ്ക്ക് നിര്‍ണായക പങ്കാളിത്തമുണ്ടെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. സരിത്തുമായി സ്വപ്‌ന അടുപ്പത്തിലായിരുന്നു. കൂടുതല്‍ പണം സമ്പാദിച്ചശേഷം നിലവിലുള്ള ജീവിത പങ്കാളികളെ ഉപേക്ഷിച്ച് ഇരുവരും വിവാഹം കഴിക്കാന്‍ പദ്ധതിയിട്ടിരുന്നതായും കുറ്റപത്രത്തില്‍ ചൂണ്ടിക്കാട്ടുന്നു.

ഇതിനായി സ്വപ്‌നയുടെ കമ്മീഷന്‍ വിഹിതം കൂടി എടുക്കാന്‍ സരിത്തിന് അനുവദിച്ചു. കോണ്‍സുലേറ്റ് ജനറലിന് ദുബായില്‍ വീടു പണിയാന്‍ പണം ആവശ്യമുണ്ടെന്നും നയതന്ത്ര ചാനല്‍ വഴിയുള്ള സ്വര്‍ണക്കടത്തിന് പ്രതിഫലമായി അദ്ദേഹത്തിന് പണം നല്‍കണമെന്ന് സ്വപ്‌ന മറ്റുള്ളവരെ പറഞ്ഞു മനസ്സിലാക്കി സമ്മതിപ്പിച്ചു. പ്രതിഫലമായി 14.5 ലക്ഷം രൂപ കൈപ്പറ്റിയെന്നും സന്ദീപ് മൊഴി നല്‍കിയതായി കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു. 

കള്ളനോട്ടു പരിശോധിക്കാന്‍ നോട്ടെണ്ണല്‍ യന്ത്രം

നയതന്ത്ര പാഴ്‌സലിനുള്ളില്‍ സ്വര്‍ണം കടത്താനുള്ള അനുമതിക്കു വേണ്ടി കോണ്‍സല്‍ ജനറലിനു ഒരു കിലോഗ്രാം സ്വര്‍ണത്തിനു 1000 ഡോളര്‍ വീതം നല്‍കണമെന്നു റമീസിനെയും സന്ദീപിനെയും അറിയിച്ചത് സരിത്താണ്. സ്വര്‍ണക്കടത്തുകാര്‍ കടത്തു കമ്മിഷനായി കള്ളനോട്ടു നല്‍കുമെന്ന് കോണ്‍സല്‍ ജനറല്‍ മുന്നറിയിപ്പു നല്‍കിയപ്പോള്‍ അതു പരിശോധിക്കാന്‍ കഴിയുന്ന നോട്ടെണ്ണല്‍ മെഷീന്‍ വാങ്ങി. അഡ്മിന്‍ അറ്റാഷെക്കു കമ്മിഷന്‍ നല്‍കാന്‍ ഇന്ത്യന്‍ കറന്‍സി ഡോളറാക്കി മാറ്റിയതും സരിത്താണെന്ന് കുറ്റപത്രം പറയുന്നു. 

സിപിഎം കമ്മിറ്റി ടെലിഗ്രാം ഗ്രൂപ്പ്

സ്വര്‍ണക്കടത്ത് ആസൂത്രണം ചെയ്യാനും കോഡ് വാക്കുകള്‍ ഉപയോഗിച്ചു വിവരങ്ങള്‍ കൈമാറാനും  'സിപിഎം കമ്മിറ്റി' എന്ന പേരില്‍ ടെലിഗ്രാം ഗ്രൂപ്പുണ്ടാക്കിയത് സന്ദീപ് നായരാണ്. ഒരിക്കലും സ്വന്തം മൊബൈല്‍ സ്വര്‍ണക്കടത്തിനു വേണ്ടി ഉപയോഗിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ഇലക്ട്രിക് ഉപകരണങ്ങള്‍ക്കുള്ളില്‍ ഒളിപ്പിച്ച നിലയില്‍ കടത്തിക്കൊണ്ടു വന്ന സ്വര്‍ണം ഏറ്റുവാങ്ങി കെ ടി റെമീസിന്റെ സഹായത്തോടെ വേര്‍തിരിച്ചെടുത്ത് സ്വര്‍ണം റെമീസിനു കൈമാറി. 

യുഎഇയില്‍ നിക്ഷേപം നടത്താന്‍ പദ്ധതി

നയതന്ത്ര ചാനലിലൂടെ സ്വര്‍ണം കടത്തുന്നതിനെക്കുറിച്ചു ശിവശങ്കറിനു അറിയാമായിരുന്നു. സ്വപ്നയുമായി ശിവശങ്കര്‍ സാമ്പത്തിക ഇടപാടുകള്‍ നടത്തി. രാജ്യത്തിനകത്തും പുറത്തുമുള്ള ഔദ്യോഗിക യാത്രകളില്‍ അദ്ദേഹം സ്വപ്നയെ ഒപ്പം കൂട്ടി. കേശവദാസ് എന്നയാളുമായി ചേര്‍ന്നു യുഎഇയില്‍ നിക്ഷേപം നടത്താന്‍ പദ്ധതിയുണ്ടാക്കി. നയതന്ത്ര ബാഗില്‍ സ്വര്‍ണം പിടികൂടിയതു മുതല്‍ എന്‍ഐഎ അറസ്റ്റ് ചെയ്യുന്നതു വരെ സ്വപ്നയുമായി നിരന്തരം വാട്‌സാപ് കോളിലൂടെ ശിവശങ്കര്‍ ബന്ധപ്പെട്ടതായി സന്ദീപ് നായര്‍ മൊഴി നല്‍കിയിട്ടുണ്ട്. കോണ്‍സല്‍ ജനറലായിരുന്ന ജമാല്‍ ഹുസൈന്‍ അല്‍ സാബിയുമായി രാജ്യത്തിന്റെ നയതന്ത്ര മാനദണ്ഡങ്ങള്‍ക്കു വിരുദ്ധമായി ശിവശങ്കര്‍ ബന്ധം സ്ഥാപിച്ചിരുന്നതായും കുറ്റപത്രം വിശദീകരിക്കുന്നു.