'പെട്രോളടിക്കാൻ കാശില്ലാത്തത് കൊണ്ട് വണ്ടി വിറ്റു'; ജോജുവിന്റെ പഴയ വീഡിയോ 'കുത്തിപ്പൊക്കി' വി ടി ബൽറാം 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 02nd November 2021 02:57 PM  |  

Last Updated: 02nd November 2021 02:57 PM  |   A+A-   |  

JOJU AGAINST CONGRESS PROTEST

വി ടി ബല്‍റാം, ജോജു

 

കൊച്ചി: ഇന്ധനവില വർധനയ്ക്കെതിരെ കോൺ​ഗ്രസ് നടത്തിയ വഴിതടയൽ സമരത്തിനെതിരെ പ്രതിഷേധിച്ച നടൻ ജോജു ജോർജിന്റെ പഴയ വീഡിയോ 'കുത്തിപ്പൊക്കി' കോൺ​ഗ്രസ് നേതാവ് വി ടി ബൽറാം. പെട്രോളടിക്കാന്‍ കാശില്ലാത്തത് കൊണ്ട് വണ്ടി വിറ്റു എന്ന് ജോജു പറയുന്ന വീഡിയോയാണ് ബൽറാം സോഷ്യൽമീഡിയയിൽ പങ്കുവെച്ചത്. 

 ഓട്ടോമൊബൈല്‍ വ്‌ളോഗറായ ബൈജു എന്‍ നായര്‍ യൂട്യൂബ് ചാനലില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലെ ഒരു ഭാഗമാണ് ബല്‍റാം ചർച്ചയാക്കിയത്. കാറില്‍ യാത്ര ചെയ്യുന്നതിനിടയിലെ അഭിമുഖത്തിലെ വാചകങ്ങളാണ് ബൽറാം പങ്കുവെച്ചത്. സംസാരത്തിനിടയില്‍ തങ്ങള്‍ ആദ്യം കണ്ട സമയത്ത് ജോജുവിന് ഉണ്ടായിരുന്ന വണ്ടിയെക്കുറിച്ച് വ്‌ളോഗര്‍ ചോദിക്കുന്നുണ്ട്. അതിന് മറുപടിയായി 'പെട്രോളടിക്കാന്‍ കാശില്ലാത്തത് കൊണ്ട് ആ വണ്ടി വിറ്റു' എന്ന് ജോജു പറയുന്ന ഭാഗമാണ് ബല്‍റാം പങ്കുവെച്ചത്. ഇതിന് പിന്നാലെ നിരവധി പേരാണ് സമൂഹമാധ്യമങ്ങളില്‍ ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

 

ജോജുവിന് എതിരായ പരാതിയിൽ തെളിവില്ല

അതിനിടെ, ജോജു ജോര്‍ജിന് എതിരായ കോണ്‍ഗ്രസ് വനിതാ നേതാക്കളുടെ പരാതിയില്‍ തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ സി എച്ച് നാഗരാജു. അക്രമിച്ച ചിലരെ ജോജു തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇവരുടെ അറസ്റ്റ് ഉടനുണ്ടാകുമെന്നും കമ്മീഷണര്‍ വ്യക്തമാക്കി. 

ജോജു ജോര്‍ജ് അപമര്യാദയായി പെരുമാറിയെന്ന മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പരാതിയില്‍ പ്രാഥമിക അന്വേഷണത്തില്‍ തെളിവുകള്‍ ലഭിച്ചിട്ടില്ല. എന്നാല്‍ പരാതിയില്‍ അന്വേഷണം പുരോഗമിക്കുകയാണ്. നിലവില്‍ ജോജു ജോര്‍ജിന് എതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും കമ്മീഷണര്‍ വ്യക്തമാക്കി. അതേസമയം, ജോജു ജോര്‍ജിന് എതിരെ കോണ്‍ഗ്രസ് വനിതാ നേതാക്കള്‍ നല്‍കിയ പരാതിയില്‍ കേസെടുത്തില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്ന് എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് പറഞ്ഞു.