പതിനൊന്നുകാരിയുടെ മരണം മന്ത്രവാദ ചികിത്സയ്ക്കിടെ?, കുടുംബത്തിലെ മൂന്ന് അംഗങ്ങളുടെ മരണത്തിലും അന്വേഷണം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 03rd November 2021 09:58 AM  |  

Last Updated: 03rd November 2021 10:13 AM  |   A+A-   |  

fathima

ഫാത്തിമ

 

കണ്ണൂര്‍: കണ്ണൂരില്‍ പനി ബാധിച്ച പതിനൊന്നുകാരി ചികിത്സ കിട്ടാതെ മരിച്ച സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ്. മന്ത്രവാദ ചികിത്സയ്ക്കിടയിലാണോ കുട്ടിയുടെ മരണം എന്ന സംശയം ഉയര്‍ന്ന സാഹചര്യത്തിലാണിത്. കുടുംബത്തിലെ മൂന്ന് അംഗങ്ങള്‍ക്കൂടി നേരത്തെ സമാന സാഹചര്യത്തില്‍ മരിച്ചതായ വിവരം പുറത്തുവന്നിട്ടുണ്ട്. ഇതും അന്വേഷിക്കാനൊരുങ്ങുകയാണ് പൊലീസ്. സംഭവവുമായി ബന്ധപ്പെട്ട് മന്ത്രവാദ ചികിത്സ നടത്തിയ ഉസ്താദിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

കണ്ണൂര്‍ സിറ്റി ഞാലുവയലില്‍ എംസി അബ്ദുല്‍ സത്താറിന്റെയും സാബിറയുടെയും മകള്‍ ഫാത്തിമയാണ് കഴിഞ്ഞ ദിവസം മരിച്ചത്. പനി ബാധിച്ച കുട്ടിയെ ആശുപത്രിയില്‍ എത്തിക്കാതെ മന്ത്രവാദ ചികിത്സ നടത്തിയെന്ന ബന്ധുക്കളുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. 

പെണ്‍കുട്ടിയുടെ മരണത്തില്‍ മാതാപിതാക്കള്‍ ഉള്‍പ്പെടെയുള്ളവരുടെ പങ്ക് അന്വേഷിക്കുമെന്ന് സിറ്റി പൊലീസ് കമ്മിഷണര്‍ ആര്‍ ഇളങ്കോ പറഞ്ഞു. സംഭവത്തില്‍ ബാലാവകാശ കമ്മിഷന്‍ കേസെടുത്തിട്ടുണ്ട്. പൊലീസില്‍നിന്നും ജില്ലാ കലക്ടറില്‍നിന്നും റിപ്പോര്‍ട്ട് തേടിയതായി കമ്മിഷന്‍ അറയിച്ചു.

പനി പിടിച്ച് അവശനിലയിലായ കുട്ടിയെ നിര്‍ബന്ധിച്ച് മന്ത്രവാദ ചികിത്സയില്‍ പങ്കെടുപ്പിച്ചെന്നാണ് ബന്ധുക്കള്‍ പറയുന്നത്. ചികിത്സയുടെ ഭാഗമായി കുട്ടിയെ മര്‍ദിച്ചെന്നും അവര്‍ പറയുന്നു. ശ്വാസകോശത്തിലെ അണുബാധ മൂലമാണ് കുട്ടിയുടെ മരണം എന്നാണ് പോസ്റ്റ്‌മോര്‍്ട്ടം റിപ്പോര്‍ട്ട്.