ജോജുവിന്റെ കാര്‍ തല്ലി തകര്‍ത്ത കേസ്, കൂടുതല്‍ അറസ്റ്റ് ഇന്ന് ഉണ്ടായേക്കും

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 03rd November 2021 08:25 AM  |  

Last Updated: 03rd November 2021 08:25 AM  |   A+A-   |  

joju george

ഫയല്‍ ചിത്രം


കൊച്ചി: സിനിമാ താരം ജോജു ജോർജിന്റെ കാർ തല്ലി തകർത്ത കേസിൽ ഇന്ന് കൂടുതൽ അറസ്റ്റ് ഉണ്ടാകും. മുൻ കൊച്ചി മേയർ ടോണി ചെമ്മണി ഉൾപ്പടെയുള്ളവരെ അറസ്റ്റ് ചെയ്യാനാണ് പൊലീസ് തീരുമാനം. പ്രതികളെ ജോജു ജോർജു തിരിച്ചറിഞ്ഞിട്ടുണ്ട്.

വാഹനത്തിന്റെ ചില്ല് തകർത്ത വൈറ്റില സ്വദേശിയും ഐഎൻടിയുസി പ്രവർത്തകനുമായ ജോസഫ് ജോർജിനെ ചൊവ്വാഴ്ച പൊലീസ് പിടികൂടിയിട്ടുണ്ട്. ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പ്രതികളെ തിരിച്ചറിഞ്ഞത്.  റോഡ് ഉപരോധിച്ച് പ്രതിഷേധം നടത്തിയതിനും, ജോജു ജോർജിന്റെ വാഹനം തകർത്തതിനമാണ് കേസെടുത്തിരിക്കുന്നത്. ഇക്കാര്യം കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ സി.എച്ച് നാഗരാജു വ്യക്തമാക്കിയിരുന്നു. 

ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസ്‌

കൊച്ചിയിലെ റോഡ് ഉപരോധവുമായി ബന്ധപ്പെട്ട് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ഉൾപ്പെടെ 15 പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസാണ് ഒന്നാംപ്രതി. സംഘർഷ സ്ഥലത്തുണ്ടായിരുന്ന നേതാക്കളുടെയും പ്രവർത്തകരുടെയും പട്ടിക പൊലീസ് തയ്യാറാക്കി. ഹൈവേ ഉപരോധിച്ചതിനും ജോജുവിന്റെ വാഹനം തകർത്തതിനും ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയായിരിക്കും അറസ്റ്റ്. 

തിങ്കളാഴ്ച രാവിലെയാണ് ഇടപ്പള്ളി വൈറ്റില ദേശീയ പാതയിൽ കോൺഗ്രസ് പ്രവർത്തകർ വഴി തടയൽ സമരം നടത്തിയത്. ഇന്ധനവില വർധനവിൽ പ്രതിഷേധിച്ചായിരുന്നു അത്.  ദേശീയ പാതയിൽ രൂക്ഷമായ ഗതാഗത തടസം നേരിട്ടതോടെയാണ് നടൻ ജോജു ജോർജിന്റെ പ്രതിഷേധവുമായി എത്തി. കാറിൽ നിന്നിറങ്ങിയ ജോജുവും പ്രതിഷേധക്കാരും തമ്മിൽ വാക്കേറ്റമുണ്ടായി.