ഫാത്തിമയുടെ കുടുംബത്തില്‍ മൂന്ന് ദുരൂഹമരണങ്ങള്‍; അന്വേഷണത്തിന് പൊലീസ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 03rd November 2021 07:47 PM  |  

Last Updated: 03rd November 2021 07:47 PM  |   A+A-   |  

fathima_new

ചികിത്സ കിട്ടാതെ മരിച്ച ഫാത്തിമ

 

കണ്ണൂര്‍: ചികിത്സ കിട്ടാതെ 11 വയസ്സുകാരി മരിച്ച സംഭവത്തില്‍ കൂടുതല്‍ അന്വേഷണത്തിനു പൊലീസ്. കുട്ടിയുടെ കുടുംബത്തില്‍ നേരത്തെ നടന്ന മൂന്നു മരണങ്ങളെക്കുറിച്ചാണ് പൊലീസ് അന്വേഷിക്കുന്നത്. പനി ബാധിച്ച ഫാത്തിമയെ ചികിത്സിക്കാതെ മന്ത്രവാദം നടത്തുകയായിരുന്നു. സംഭവത്തില്‍ കുട്ടിയുടെ പിതാവ് അബ്ദുല്‍ സത്താറും മന്ത്രവാദം നടത്തിയ ബന്ധു ഉവൈസും അറസ്റ്റിലായിരുന്നു.

രോഗത്തിന് ശാസ്ത്രീയ ചികിത്സ നല്‍കാത്തതാണ് ഫാത്തിമയുടെ മരണത്തിനിടയാക്കിയതെന്നാണ് പൊലീസ് പറയുന്നത്. മനഃപ്പൂര്‍വമല്ലാത്ത നരഹത്യക്കുറ്റമാണ് മന്ത്രവാദിക്കെതിരെ ചുമത്തിയിരിക്കുന്നത്. രക്ഷിതാവ് എന്ന നിലയിലുള്ള ഉത്തരവാദിത്വങ്ങള്‍ പാലിക്കാത്തതിനാല്‍ ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരമാണ് പെണ്‍കുട്ടിയുടെ പിതാവ് സത്താറിനെ അറസ്റ്റ് ചെയ്തത്.

ഫാത്തിമയുടെ പിതൃസഹോദരന്റെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. മന്ത്രവാദിക്കെതിരെ ഇയാളുടെ ബന്ധു തന്നെ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. മന്ത്രവാദം നടന്നെന്ന് ബോധ്യമായതിനാല്‍ ഡ്രഗ്‌സ് ആന്‍ഡ് മാജിക് റെമെഡി ആക്ട് കേസില്‍ ചുമത്തുന്നതും പൊലീസ് പരിശോധിക്കുന്നുണ്ട്. അതേസമയം ഇതേ കുടുംബത്തില്‍ നടന്ന മൂന്നു ദുരൂഹമരണങ്ങളില്‍ കൂടുതല്‍ അന്വേഷണം നടത്താനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്.