ഉരുള്‍പൊട്ടല്‍: ദുരന്തബാധിതര്‍ക്ക് കൂടുതല്‍ സഹായം; മന്ത്രി കെ രാജന്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 04th November 2021 03:16 PM  |  

Last Updated: 04th November 2021 03:16 PM  |   A+A-   |  

k_rajan

റവന്യു മന്ത്രി കെ രാജന്‍


കൊല്ലം:പ്രകൃതി ദുരന്തമേഖലകളില്‍ കൂടുതല്‍ ധനസഹായം ലബ്യമാക്കുമെന്ന് റവന്യുമന്ത്രി കെ രാജന്‍. സംസ്ഥാന ദുരിതാശ്വാസനിധിയില്‍ നിന്നുമുള്ള തുകയ്ക്ക് ഒപ്പം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് കൂടി തുക ഉള്‍പ്പെടുത്തി കൂടുതല്‍ സഹായം നല്‍കുമെന്ന് അദ്ദേഹം വ്യക്തമാക്കി. 
പുനലൂര്‍ താലൂക്കില്‍ ഉരുള്‍പൊട്ടലുണ്ടായ ഇടപ്പാളയം, ആശ്രയ കോളനി എന്നിവിടങ്ങള്‍ സന്ദര്‍ശിക്കുകയായിരുന്നു അദ്ദേഹം.

മേഖലയില്‍ ജിയോളജി, സോയില്‍ കണ്‍സര്‍വേഷന്‍, ഭൂജലം എന്നീ വകുപ്പുകളെ ഉള്‍പ്പെടുത്തി സമഗ്ര പഠനം നടത്തും. പഠന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. മൂന്നാം തവണയാണ് കിഴക്കന്‍ മേഖലയില്‍ ഉരുള്‍പൊട്ടലുണ്ടായത്. ഈ സാഹചര്യം കണക്കിലെടുത്ത് ഒരാഴ്ചയ്ക്കുള്ളില്‍ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചുള്ള പഠനത്തിന് തുടക്കമാകും. ഉരുള്‍പൊട്ടല്‍ സാധ്യത, പ്രദേശത്തിന്റെ പ്രത്യേകത എന്നിവയെ കുറിച്ച് സമഗ്രമായി വിലയിരുത്തും. വിവരങ്ങള്‍ക്ക് ആവശ്യമെങ്കില്‍ കൂടുതല്‍ വകുപ്പുകളെ ഉള്‍പ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.