'ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടായതില്‍ ഖേദിക്കുന്നു'; സമരം വിജയിച്ചെന്ന് യൂത്ത് കോണ്‍ഗ്രസ്, ലഡു വിതരണം

യൂത്ത് കോണ്‍ഗ്രസിന്റെ ലഡുവിതരണം/വീഡിയോ സ്‌ക്രീന്‍ഷോട്ട്
യൂത്ത് കോണ്‍ഗ്രസിന്റെ ലഡുവിതരണം/വീഡിയോ സ്‌ക്രീന്‍ഷോട്ട്


കൊച്ചി: ഇന്ധന വില വര്‍ധനവിനെതിരായ റോഡ് ഉപരോധ പ്രതിഷേധത്തിനിടെ കൊച്ചി വൈറ്റിലയില്‍ ജനങ്ങള്‍ക്കുണ്ടായ ബുദ്ധിമുട്ടില്‍ ഖേദം പ്രകടിപ്പിച്ച് യൂത്ത് കോണ്‍ഗ്രസ്. വൈറ്റിലയിലെ സമരത്തില്‍ ജനങ്ങള്‍ക്കുണ്ടായ ബുദ്ധിമുട്ടില്‍ ഖേദിക്കുന്നുവെന്ന് യൂത്ത് കോണ്‍ഗ്രസ് പ്രതിനിധികള്‍ പ്രതികരിച്ചു. കേന്ദ്രം എക്‌സൈസ് തീരുവ കുറച്ച സാഹചര്യത്തില്‍ ഇന്ധന വില കുറഞ്ഞതോടെ വൈറ്റിലയില്‍ യൂത്ത് കോണ്‍ഗ്രസ് മധുരം വിതരണം നടത്തി. കഴിഞ്ഞ ദിവസം പ്രതിഷേധ സമരവും സംഘര്‍ഷങ്ങളും നടന്നയിടത്താണ് പ്രവര്‍ത്തകരെത്തി മധുരം വിതരണം ചെയ്തത്. വഴിയാത്രക്കാര്‍ക്കും വാഹന യാത്രക്കാര്‍ക്കും ലഡു വിതരണം ചെയ്തു. ഇതിനിടെയാണ് വൈറ്റിലയില്‍ ജനങ്ങള്‍ക്കുണ്ടായ ബുദ്ധിമുട്ടില്‍ നേതാക്കള്‍ ഖേദപ്രകടനം നടത്തിയത്. 

പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് തീരുവ കുറച്ച കേന്ദ്ര സര്‍ക്കാരിന്റെ നടപടി ഇന്ധന വിലയ്ക്ക് എതിരായ സമരങ്ങളുടെ പരിണിത ഫലമാണെന്നും നേതാക്കള്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാരും നികുതി കുറക്കാന്‍ തയ്യാറാകണം. അതല്ലെങ്കില്‍ തെരുവില്‍ പ്രതിഷേധം നേരിടേണ്ടി വരുമെന്നും യൂത്ത് കോണ്‍ഗ്രസ് കൂട്ടിച്ചേര്‍ത്തു. 

ഇന്ധന വിലകുറച്ചതില്‍ ആഹ്ലാദം പ്രകടിപ്പിച്ച് വൈറ്റിലക്ക് പുറമേ കോട്ടയത്തും യൂത്ത് കോണ്‍ഗ്രസ്  മധുര വിതരണം ചെയ്തു. യൂത്ത് കോണ്‍ഗ്രസിന്റെ സമര വിജയമെന്ന് അവകാശപ്പെട്ടായിരുന്നു പരിപാടി. ദീപാവലി തലേന്ന് ഉണ്ടായത് തിന്മയുടെ മേല്‍ നന്മയുടെ വിജയമെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു. 

സംസ്ഥനത്ത് ഇന്ധന നികുതി കുറയ്ക്കില്ല: സിപിഎം

സംസ്ഥാനം ഇന്ധനനികുതി കുറയ്‌ക്കേണ്ടെന്ന് സിപിഎം. സാഹചര്യം വിശദീകരിക്കാന്‍ ധനമന്ത്രിയെ ചുമതലപ്പെടുത്തി. ജനങ്ങളെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തും. കേന്ദ്രം വര്‍ധിപ്പിച്ച അധിക നികുതി പിന്‍വലിക്കണമെന്നും സിപിഎം നേതൃത്വം ആവശ്യപ്പെട്ടു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com