ക്ലാസില്‍ കയറാതെ ആനയെ കാണാന്‍ പോയി, അധ്യാപകന്റെ ശകാരം; അച്ഛന്‍ തല്ലുമെന്ന് ഭയന്ന് നാടുവിട്ട് കുട്ടികള്‍ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 04th November 2021 07:33 AM  |  

Last Updated: 04th November 2021 07:33 AM  |   A+A-   |  

school_children

പ്രതീകാത്മക ചിത്രം


തൊടുപുഴ: ക്ലാസിൽ കയറാതെ ആനയെ കാണാൻ പോയതിന് അധ്യാപകൻ ശകാരിച്ചതിന്റെ പേരിൽ നാടുവിടാൻ ശ്രമിച്ച് വിദ്യാർഥികൾ. മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിൽ ഇവരെ പൊലീസ് കണ്ടെത്തി. 

ഇടുക്കി കരിമണ്ണൂരിലാണ് വിദ്യാർഥികൾ നാടുവിടാൻ ശ്രമിച്ചത്. തൊമ്മൻകുത്ത് സ്വദേശികളായ പതിനാലുകാരായ പ്രണവ്, ആദിദേവ് എന്നിവരെ പൊലീസ് നടത്തിയ തിരച്ചിലിൽ കണ്ടെത്തി. ക്ലാസിൽ പോകാതിരുന്നതിന് രക്ഷിതാക്കളെ സ്കൂളിലേക്ക് വിളിപ്പിക്കുമെന്ന് ഭയന്നാണ് ഇവർ നാടുവിടാൻ ശ്രമിച്ചത്.

വീട്ടുകാരെ അറിയിക്കുമെന്ന് അധ്യാപകന്‍ പറഞ്ഞതോടെ നാടുവിട്ടു

ബുധനാഴ്ച രാവിലെയാണ് സംഭവം. വീട്ടിൽ നിന്ന് സ്കൂളിലേക്ക് പോയ കുട്ടികൾ ക്ലാസിൽ കയറാതെ സമീപ പ്രദേശത്ത് ഉണ്ടായിരുന്ന ആനയെ കാണാൻ പോയി.  ഇക്കാര്യം അറിഞ്ഞ അധ്യാപകൻ ക്ലാസിൽ വരാതിരുന്ന വിവരം വീട്ടിൽ അറിയിക്കുമെന്ന് കുട്ടികളോട് പറഞ്ഞു. ഇതോടെ കുട്ടികൾ കൂട്ടുകാരന്റെ വീട്ടിൽ ബാഗ് ഏൽപ്പിച്ച് പോവുകയായിരുന്നു. 

അച്ഛന്‍ തല്ലുമെന്ന് പറഞ്ഞ് സുഹൃത്തിന് സന്ദേശം

കൂട്ടത്തിൽ ഒരു കുട്ടിയുടെ കയ്യിൽ മൊബൈൽ ഫോൺ ഉണ്ടായിരുന്നു. വിവരം അറിഞ്ഞാൽ അച്ഛൻ തല്ലുമെന്നും അതിനാൽ ഞങ്ങൾ നാടുവിടുകയാണെന്നും ഈ ഫോണിൽ നിന്ന് കുട്ടി സുഹൃത്തിന് മെസേജ് അയച്ചിരുന്നു. ഇതോടെപ്പം സുഹൃത്തിന്റെ വീട്ടിൽ എൽപ്പിച്ച നോട്ടുബുക്കിൽ കത്തും എഴുതി വെച്ചു.

കുട്ടികളെ കാണാതായതോടെ പൊലീസിനൊപ്പം വീട്ടുകാരും നാട്ടുകാരും തിരച്ചിൽ തുടങ്ങി. ഇന്നലെ ഒരു ദിവസം തിരഞ്ഞിട്ടും കുട്ടികളെ കണ്ടെത്തിയിരുന്നില്ല. ഒടുവിൽ കോതമംഗലത്തിനടുത്ത് കോടനാട് വെച്ചാണ് ഇന്ന് കുട്ടികളെ കണ്ടെത്തിയത്.