കളി കഴിഞ്ഞ് കൈകാല്‍ കഴുകുന്നതിനിടെ പുഴയില്‍ ഒഴുക്കില്‍പ്പെട്ടു; രണ്ടാമത്തെ കുട്ടിയുടെ മൃതദേഹവും കണ്ടെത്തി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 05th November 2021 07:50 PM  |  

Last Updated: 05th November 2021 07:50 PM  |   A+A-   |  

arattupuzha_river

ഒഴുക്കില്‍പ്പെട്ട് മരിച്ച ഗൗതം സാഗര്‍ - ഷജില്‍

 

തൃശൂര്‍: ആറാട്ടുപുഴ മന്ദാരക്കടവില്‍ ഒഴുക്കില്‍പ്പെട്ട് രണ്ട് കുട്ടികളെ കാണാതായ സംഭവത്തില്‍ രണ്ടാമത്തെ കുട്ടിയുടെ മൃതദേഹവും കണ്ടെത്തി.കരോട്ടുമുറി വെളുത്തുടന്‍ ഷാജി മകന്‍ ഷജില്‍ (14) എന്ന വിദ്യാര്‍ത്ഥിയുടെ മൃതദേഹമാണ് കണ്ടെത്തിയത്.കുന്നത്തു വീട്ടില്‍ മണി മകന്‍ ഗൗതം സാഗര്‍ (14) എന്ന കുട്ടിയുടെ മൃതദേഹം കഴിഞ്ഞ ദിവസം തന്നെ കണ്ടെത്തിയിരുന്നു.രണ്ട് പേരുടെയും മൃതദേഹങ്ങള്‍ കടവിന് സമീപത്ത് നിന്ന് തന്നെയാണ് കണ്ടെത്തിയത്.

കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ഒന്നരയോടെ സമീപത്തുള്ള ഗ്രൗണ്ടില്‍ ഫുട്‌ബോള്‍ കളി കഴിഞ്ഞ് കൈകാലുകള്‍ കഴുകാന്‍  മന്ദാരക്കടവില്‍ എത്തിയതാണ് കുട്ടികള്‍. കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത മഴയില്‍ പുഴയിലെ ജലനിരപ്പ് ഉയരുകയും ഒഴുക്ക് കൂടുകയും  ചെയ്തിരുന്നു.കാല് തെറ്റി പുഴയില്‍ വീണ കുട്ടികള്‍ പുഴയില്‍ മുങ്ങി താഴുകയായിരുന്നു.കൂടെയുള്ളവര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് നാട്ടുകാര്‍ വിവരം അറിഞ്ഞത്.ഗൗതം സാഗറിന്റെ മൃതദേഹം കഴിഞ്ഞ ദിവസം തന്നെ ലഭിച്ചുവെങ്കിലും ഷജിലിനെ കണ്ടെത്താനായിരുന്നില്ല.

കനത്ത മഴയും പെയ്തതോടെ രാത്രിയോടെ തിരച്ചില്‍ അവസാനിപ്പിക്കുകയായിരുന്നു. വെള്ളിയാഴ്ച്ച രാവിലെ 7.30 തോടെ തന്നെ വീണ്ടും തിരച്ചില്‍ ആരംഭിച്ചു.ഉച്ചയ്ക്ക് 1.30 തോടെയാണ് കടവിന് സമീപത്ത് നിന്ന് തന്നെ ഷജിലിന്റെ മൃതദേഹം ലഭിച്ചത്.