കോടിയേരി സെക്രട്ടറി സ്ഥാനത്ത് തിരിച്ചെത്തുമോ? സിപിഎം സംസ്ഥാന സമിതി യോഗത്തിന് ഇന്ന് തുടക്കം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 06th November 2021 07:52 AM  |  

Last Updated: 06th November 2021 07:52 AM  |   A+A-   |  

cpm leader kodiyeri balakrishnan

കോടിയേരി ബാലകൃഷ്ണന്‍ / ഫയല്‍ ചിത്രം

 

തിരുവനന്തപുരം: സിപിഎം സംസ്ഥാന സമിതി യോഗത്തിന് ഇന്ന് തുടക്കം. സെക്രട്ടറി സ്ഥാനത്തേക്കുള്ള കോടിയേരി ബാലകൃഷ്ണന്റെ മടങ്ങി വരവ് ഇപ്പോൾ ഉണ്ടാകുമോ എന്നതാണ് യോഗത്തിൽ നിർണായകം. മകൻ ബിനീഷ് കോടിയേരിക്ക് കള്ളപ്പണക്കേസിൽ ജാമ്യം ലഭിച്ചതും കോടിയേരിയുടെ ആരോഗ്യ സ്ഥിതിയിലുണ്ടായ മാറ്റങ്ങളുമാണ് തിരിച്ചുവരാനുള്ള അനുകൂല ഘടകങ്ങൾ. അടുത്ത പോളിറ്റ് ബ്യൂറോ യോഗം വരെ കാത്താൽ മടങ്ങി വരവ് വരും ദിവസങ്ങളിൽ ഉണ്ടാകില്ല. 

അമ്പലപ്പുഴ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ജി സുധാകരനെതിരെ ഉയർന്ന പരാതികളിൽ പാർട്ടി അന്വേഷണ കമ്മീഷൻ റിപ്പോർട്ട് യോഗത്തിൽ വെയ്ക്കും. ജി സുധാകരന്റെ ഭാഗത്തു വീഴ്ചയുണ്ടായെന്ന കണ്ടെത്തൽ റിപ്പോർട്ടിലുണ്ട്. സംസ്ഥാന സമിതി അംഗമായ സുധാകരനെതിരേയുള്ള നടപടി യോഗം തീരുമാനിക്കും. പരാതി ഉന്നയിച്ച എച്ച് സലാമിനെതിരെയും കണ്ടെത്തലുകളുണ്ട്. 

ഇന്ധന വില വർധനയുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിനെതിരെയുള്ള പ്രതിഷേധങ്ങൾ പ്രതിരോധിക്കാനുള്ള പ്രചാരണ പരിപാടികൾക്കും സംസ്ഥാന കമ്മിറ്റി രൂപം നൽകും. പെട്രോൾ, ഡീസൽ നികുതി കേന്ദ്രം കുറച്ചിട്ടും സംസ്ഥാന നികുതി കുറക്കില്ലെന്ന് സർക്കാർ വ്യക്തമാക്കിയിരുന്നു. ഇതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം ശക്തമായ സമരത്തിനൊരുങ്ങുകയാണ്.