എന്റെ മൗനം വാചാലം; കൂടുതല്‍ പറയിപ്പിക്കരുത്; സുധാകരന് മുല്ലപ്പള്ളിയുടെ മറുപടി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 07th November 2021 01:23 PM  |  

Last Updated: 07th November 2021 01:23 PM  |   A+A-   |  

mullappally ramachandran

ഫയല്‍ ചിത്രം

 

തിരുവനന്തപുരം: വൈരാഗ്യ ബുദ്ധിയോടെയാണ് പെരുമാറുന്നതെന്ന കെ സുധാകരന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി കെപിസിസി മുന്‍ അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍.  ഇന്നുവരെ ആരോടും വൈരാഗ്യ ബുദ്ധിയോടെപെരുമാറിയിട്ടില്ല. വിമര്‍ശനങ്ങളോട് മൗനം പാലിക്കാനാണ് ശ്രമിക്കുന്നത്. പക്ഷേ മൗനം വാചാലമാണ്, കൂടുതല്‍ പറയിപ്പിക്കരുത്. സംഘടനാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ട് പുനഃസംഘടന നടത്തുന്നത് അധാര്‍മികമാണെന്നും മുല്ലപ്പള്ളി മാധ്യമങ്ങളോട് പറഞ്ഞു. 

തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു കഴിഞ്ഞാല്‍ പിന്നീട് പുനഃസംഘടന എന്നുപറയുന്നത് രാഷ്ട്രീയ അധാര്‍മികതയാണ്. സുധാകരന്‍ കെപിസിസി പ്രസിഡന്റായ ശേഷം ഞാന്‍ എവിടെയെങ്കിലും അദ്ദേഹത്തെ വിമര്‍ശിച്ചിട്ടുണ്ടോ? പാര്‍ട്ടിയുടെ മുന്നോട്ടുള്ള പ്രയാണത്തില്‍ ഒരു തടസ്സവും സൃഷ്ടിക്കാന്‍ പാടില്ലെന്ന് എനിക്ക് നിര്‍ബന്ധ ബുദ്ധിയുണ്ട്. അതുകൊണ്ടാണ് ഞാന്‍ മൗനം പാലിക്കുന്നത്. പക്ഷേ എന്റെ മൗനം വാചാലമാണെന്ന കാര്യം കേരളത്തിലെ പൊതുസമൂഹത്തിന് അറിയാം. അദ്ദേഹം പറഞ്ഞ കാര്യങ്ങള്‍ക്കുള്ള ഉത്തരം പൊതുസമൂഹംതന്നെ നല്‍കുമെന്ന് ഞാന്‍ വിശ്വസിക്കുന്നുവെന്ന് മുല്ലപ്പള്ളി പറഞ്ഞു.