'സംസ്ഥാന നേതാവിന്റെ ഭാര്യയില്‍ നിന്ന് കൂടുതലൊന്നും പ്രതീക്ഷിക്കാനില്ല'; ആര്‍ ബിന്ദുവിനെതിരെ കുറിപ്പ്

ഉന്നതവിദ്യാഭ്യാസമന്ത്രി ആര്‍ ബിന്ദു കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചുവെന്ന് ജാതിവിവേചനം ആരേപിച്ച് സമരം തുടരുന്ന ഗവേഷക
മന്ത്രി ആർ ബിന്ദു/ ഫെയ്സ്ബുക്ക് ചിത്രം
മന്ത്രി ആർ ബിന്ദു/ ഫെയ്സ്ബുക്ക് ചിത്രം


കോട്ടയം: ഉന്നതവിദ്യാഭ്യാസമന്ത്രി ആര്‍ ബിന്ദു കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചുവെന്ന് ജാതിവിവേചനം ആരേപിച്ച് സമരം തുടരുന്ന ഗവേഷക. എംജി സര്‍വകലാശാലയിലെ അധ്യാപകനെതിരെയുള്ള കേസ് സിപിഎം അട്ടിമറിച്ചെന്നാണ് ആരോപണം. അതിന് മന്ത്രി ആര്‍ ബിന്ദു കൂട്ടുനിന്നുവെന്നാണ് ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ ഗവേഷക ആരോപിച്ചത്. പാര്‍ട്ടിയുടെ സംസ്ഥാന നേതാവിന്റെ ഭാര്യയില്‍ നിന്ന് കൂടുതലൊന്നും പ്രതീക്ഷിക്കുന്നില്ലെന്നും പോസ്റ്റില്‍ കുറ്റപ്പെടുത്തുന്നു. പോസ്റ്റ് പിന്നീട് പിന്‍വലിച്ചു.

ക്രിമിനല്‍ നന്ദകുമാറിനെ സംരക്ഷിക്കുന്ന സിപിഎം നേതാവിന്റെ ഫാസിസം നിമിത്തം പഠനം ഉപേക്ഷിക്കേണ്ട അവസ്ഥയിലാണ്. എസ് സി- എസ് ടി അട്രോസിറ്റി കേസ് അട്ടിമറിച്ചത് ഉള്‍പ്പടെ നാളിതുവരെ സംരക്ഷിച്ചതും പാര്‍ട്ടിയാണ്. മന്ത്രി ബിന്ദു കൂട്ടുനില്‍ക്കുന്നു. പാര്‍ട്ടിയുടെ സംസ്ഥാന നേതാവിന്റെ ഭാര്യയില്‍ നിന്ന് കൂടുതലൊന്നും പ്രതീക്ഷിക്കാനില്ല. നന്ദകുമാറിനെതിരെയുള്ള സര്‍വകലാശാല അന്വേഷണ റിപ്പോര്‍ട്ട് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കേസ് അട്ടിമറിക്കുകയാണ് പാര്‍ട്ടി ചെയ്തതെന്ന് ഗവേഷക കുറിപ്പില്‍ പറയുന്നത്. 

നാല്‍പ്പത് മിനിറ്റിന് ശേഷം സിപിഎമ്മിനും മന്ത്രിക്കുമെതിരായ ആരോപണങ്ങള്‍ അടങ്ങിയ ഫെയ്‌സ്ബുക്ക് കുറിപ്പ് ഗവേഷക പിന്‍വലിക്കുകയും ചെയ്തു. ആരോപണ വിധേയനായ അധ്യാപകനെ മാറ്റിയാല്‍ മാത്രം പോരെന്നും ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്ന് പുറത്താക്കുന്നത് വരെ സമരം പിന്‍വലിക്കില്ലെന്നും ഗവേഷക പറഞ്ഞു. സര്‍വകലാശാല കവാടത്തിന് മുന്നില്‍ ഗവേഷക നടത്തി വരുന്ന നിരാഹാര സമരം പത്താം ദിവസത്തിലേക്ക് കടന്നു. ആരോപണ വിധേയനായ അധ്യാപകനും നാനോ സയന്‍സ് വിഭാഗം മേധാവിയുമായ ഡോ. നന്ദകുമാര്‍ കളരിക്കലിനെ എംജി സര്‍വകലാശാല കഴിഞ്ഞ ദിവസം മാറ്റിയിരുന്നു. ഇതിനെ തുടര്‍ന്ന് സമരം അവസാനിപ്പിക്കണമെന്ന് മന്ത്രി ആര്‍. ബിന്ദു ഇന്നലെ രാത്രി വീണ്ടും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അധ്യാപകനെ പുറത്താക്കാതെ സമരം പിന്‍വലിക്കില്ലെന്ന നിലപാടിലാണ് ദീപ.

സര്‍വകലാശാലയുടെ നടപടി കണ്ണില്‍ പൊടിയിടാനുള്ളത് മാത്രമാണെന്നും സമരത്തില്‍ ഉറച്ചുനില്‍ക്കുമെന്നും ഗവേഷക വ്യക്തമാക്കി. വിസിയും നന്ദകുമാറും ചട്ടം ലംഘിച്ച് പ്രവര്‍ത്തിച്ചതിന്റെ തെളിവുകള്‍ പുറത്തുവിടുമെന്നും ഗവേഷക പറഞ്ഞു. വിസിയെ സ്ഥാനത്ത് നിന്നും മാറ്റണമെന്നും ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നേരിട്ട് ഇടപെടണമെന്നും ഗവേഷക ആവശ്യപ്പെട്ടു. അതേസമയം ഗവേഷക ജാതി വിവേചന പരാതി ഉന്നയിച്ചതിനെ തുടര്‍ന്ന് ഇന്നലെ ചേര്‍ന്ന ഉന്നതാധികാര സമിതി യോഗം അധ്യാപകനെ മാറ്റിയിരുന്നു. നാനോ സയന്‍സ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ ചുമതല വൈസ് ചാന്‍സിലര്‍ സാബു തോമസ് ഏറ്റെടുത്തിരുന്നു. അധ്യാപകന്‍ വിദേശത്ത് ആയതിനാലാണ് സ്ഥാനത്ത് നിന്ന് മാറ്റിയതെന്നാണ് വിശദീകരണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com