ജാതി തിരിച്ച് സ്‌കൂളില്‍ കുട്ടികളെ ഇരുത്തി; 'കോവിഡ് പ്രോട്ടോകോള്‍' എന്ന് ന്യായീകരണം; നടപടി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 07th November 2021 01:06 PM  |  

Last Updated: 07th November 2021 01:07 PM  |   A+A-   |  

school opens

പ്രതീകാത്മക ചിത്രം

 

ചെന്നൈ: കോവിഡ് പ്രോട്ടോകോളിന്റെ പേരില്‍ സ്‌കൂളില്‍ ജാതി അടിസ്ഥാനത്തില്‍ കുട്ടികളെ ബാച്ച് തിരിച്ചത് വിവാദമാകുന്നു.ചെന്നൈയിലെ ഒരു എല്‍പി സ്‌കൂളിലാണ് സംഭവം. വിവാദമായതിന് പിന്നാലെ ചെന്നൈ കോര്‍പ്പറേഷന്‍ സ്‌കൂളിനെതിരെ നടപടിയെടുക്കുകയും ബാച്ച് നടപടികള്‍ അവസാനിപ്പിക്കാനും നിര്‍ദേശം നല്‍കി.
 
സ്‌കൂളില്‍ ജാതി അടിസ്ഥാനത്തില്‍ വിദ്യാര്‍ഥികളുടെ ഹാജര്‍ സൂക്ഷിക്കുന്നതായും ആരോപണമുണ്ട്. എന്നാല്‍ ഇത് മനപൂര്‍വമല്ലെന്നും ഇത് നേരത്തെയുമുണ്ടെന്നുമാണ് പ്രധാന അധ്യാപികയുടെ വാദം. ജാതി അടിസ്ഥാനത്തിലുള്ള ഹാജര്‍ പട്ടിക സൂക്ഷിക്കുന്നത് ഭരണപരമായ കാര്യങ്ങള്‍ക്കാണെന്നും കുട്ടികള്‍ക്ക് പരസ്പരം അവരുടെ ജാതി അറിയില്ലെന്നും ടീച്ചര്‍ പറഞ്ഞു.

നിലവില്‍ പ്രശ്്‌നം പരിഹരിച്ചതായും ഹാജര്‍ പട്ടികയിലെ ആക്ഷേപം പരിഹരിച്ചതായും കോര്‍പ്പറേഷന്‍ അധികൃതര്‍ പറഞ്ഞു. നിലവില്‍ അക്ഷരമാല ക്രമത്തിലാണ് ഹാജര്‍പട്ടിക. കോര്‍പ്പറേഷിന് കീഴിലുള്ള സ്‌കൂളുകളുടെ ഹാജര്‍ പട്ടിക പരിശോധിക്കാന്‍ നിര്‍ദേശം നല്‍കിയതായും ജിസിസി കമ്മീഷണര്‍ പറഞ്ഞു. 

ഹെഡ്മിസ്്ട്രസിന്റെ നടപടി ഞെട്ടിക്കുന്നതാണെന്നും ഈ ഉത്തരവാദിത്വത്തില്‍ നിന്ന് എങ്ങനെ ഒഴിഞ്ഞുമാറാനാവുമെന്നും സെന്റര്‍ ഫോര്‍ പോളിസി ആന്റ് ഡവലപ്പ്‌മെന്റ് ഡയറക്ടര്‍ രാജിവ് പറഞ്ഞു. സര്‍ക്കാര്‍ ജാതിവിവേചനം ഇല്ലാതാക്കാന്‍ ശ്രമിക്കുമ്പോള്‍ ചെറിയ കുട്ടികളില്‍ ജാതീയത കുത്തി നിറയ്ക്കുകയാണ് ഹെഡ്മിസ്ട്രസ് ചെയ്യുന്നത്. കുറ്റക്കാര്‍ക്കെതിരെ കര്‍ശനനടപടി സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.