മഴയ്‌ക്കൊപ്പം വെള്ള നിറത്തില്‍ നീരുറവ, പുതിയ പ്രതിഭാസം കണ്ട് ഞെട്ടി നാട്ടുകാര്‍; കൂടുതല്‍ പഠനത്തിന് ഒരുങ്ങി ജിയോളജി വകുപ്പ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 07th November 2021 01:08 PM  |  

Last Updated: 07th November 2021 01:08 PM  |   A+A-   |  

Spring with rain, locals shocked by new phenomenon

പ്രതീകാത്മക ചിത്രം

 

ഇടുക്കി: പൂപ്പാറ മുള്ളംതണ്ടില്‍ മഴയ്‌ക്കൊപ്പം വെളള നിറത്തില്‍ നീരുറവ കണ്ട് പരിഭ്രാന്തരായി നാട്ടുകാര്‍. ഇതുസംബന്ധിച്ച് കൂടുതല്‍ പഠനം നടത്തേണ്ടതുണ്ടെന്നും നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും സ്ഥലത്ത് പരിശോധന നടത്തിയ ജിയോളജി വകുപ്പ് അറിയിച്ചു. 

വെള്ളിയാഴ്ച ഉച്ചക്കു ശേഷമാണ് പൂപ്പാറ മള്ളം തണ്ടില്‍ ഉണ്ണിയുടെ കൃഷിയിടത്തിലെ നീര്‍ച്ചാലിലെ വെള്ളത്തിന്റെ നിറം മാറിയത്. ശക്തമായ നീരൊഴുക്കിനൊപ്പം വെളുത്ത നിറത്തിലുള്ള മണലും ഒഴുകിയെത്തി.  ഇതോടെ ആശങ്കയിലായ സമീപ വാസികളെ  ഉടുമ്പന്‍ ചോല തഹസില്‍ദാരുടെ നേതൃത്വത്തിലുള്ള സംഘമെത്തി മാറ്റിപ്പാര്‍പ്പിച്ചു.  ഉരുള്‍പൊട്ടല്‍ ഭീഷണിയെ തുടര്‍ന്ന് 15 കുടുംബങ്ങളെയാണ് ഇവിടെ നിന്നും മാറ്റിപ്പാര്‍പ്പിച്ചത്. 

ജില്ലാ കളക്ടറുടെ നിര്‍ദ്ദേശ പ്രകാരം ജിയോളജി വകുപ്പ് സ്ഥലത്തെത്തി പരിശോധന നടത്തി.  ഭൂമിക്കടിയിലെ പാറപ്പൊടി വെള്ളത്തിനൊപ്പം പുറത്തേക്ക് ഒഴുകിയതാകാമെന്നാണ് പ്രാഥമിക നിഗമനം.2019 ല്‍ ഇതിനു മുകള്‍ ഭാഗത്ത് സോയില്‍ പൈപ്പിംഗിനെ തുടര്‍ന്ന് ഒരു ഗര്‍ത്തം രൂപപ്പെട്ടിരുന്നു.  പുതിയ പ്രതിഭാസത്തിനു ഇതുമായി ബന്ധമുണ്ടോയെന്നും പരിശോധന നടത്തും.