'ആര്‍എസ്എസിനെപ്പോലെ അസഹിഷ്ണുതയുടെ കേന്ദ്രമായി കോണ്‍ഗ്രസ്സ് മാറി'; സിനിമാ പ്രവര്‍ത്തകര്‍ക്ക് പൂര്‍ണ പിന്തുണയെന്ന് ഡിവൈഎഫ്‌ഐ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 08th November 2021 02:11 PM  |  

Last Updated: 08th November 2021 02:11 PM  |   A+A-   |  

dyfi youth congress protest

ഫയല്‍ ചിത്രം

 

തിരുവനന്തപുരം: സിനിമാ ചിത്രീകരണ സ്ഥലത്തേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധ മാര്‍ച്ച് നടത്തിയതിനെ അപലപിച്ച് ഡിവൈഎഫ്‌ഐ. അനുമതി ലഭിച്ച സിനിമയുടെ ചിത്രീകരണം തടയുന്നത് അംഗീകരിക്കാന്‍ കഴിയില്ല. സിനിമാ പ്രവര്‍ത്തകര്‍ക്ക് പൂര്‍ണ പിന്തുണ ഡിവൈഎഫ്‌ഐ വാഗ്ദാനം ചെയ്യുന്നു. കെ സുധാകരന്റെ വരവോടുകൂടി, ആര്‍എസ്എസിനെപ്പോലെ അസഹിഷ്ണുതയുടെ കേന്ദ്രമായി കോണ്‍ഗ്രസ്സ് മാറിക്കഴിഞ്ഞതിന്റെ ലക്ഷണമാണിത്. ഡിവൈഎഫ്‌ഐ വാര്‍ത്താക്കുറിപ്പില്‍ ആരോപിച്ചു. 

കാഞ്ഞിരപ്പള്ളിയില്‍ ഷാജി കൈലാസ്-പൃഥ്വിരാജ് ചിത്രം കടുവയുടെ സെറ്റിലേക്കാണ് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച് നടത്തിയത്. നടന്‍ ജോജു ജോര്‍ജിന് എതിരായ മുദ്രാവാക്യങ്ങളുമായി പൊന്‍കുന്നത്തൈ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് മാര്‍ച്ച് നടത്തിയത്. വഴിതടഞ്ഞ് ഷൂട്ടിങ് നടത്തുന്നു എന്നാരോപിച്ചായിരുന്നു പ്രതിഷേധം.

പ്രസ്താവനയുടെ പൂര്‍ണരൂപം: 

സിനിമ ചിത്രീകരണം തടഞ്ഞ യൂത്ത് കോണ്‍ഗ്രസ് നടപടി അപലപനീയം; സിനിമ ചിത്രീകരണത്തിന് സംരക്ഷണം നല്‍കും- ഡിവൈഎഫ്‌ഐ

പൃഥ്വിരാജ് ചിത്രം കടുവയുടെ ചിത്രീകരണം തടഞ്ഞ യൂത്ത് കോണ്‍ഗ്രസ് നടപടി അപലപനീയമാണ്. സിനിമ ചിത്രീകരണങ്ങള്‍ക്ക് എല്ലാ സംരക്ഷണവും നല്‍കുമെന്നും ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ പറഞ്ഞു. കാഞ്ഞിരപ്പള്ളിയില്‍ വഴി തടഞ്ഞു ചിത്രീകരണം നടത്തിയെന്നാരോപിച്ച് നടത്തിയ മാര്‍ച്ച്, നടന്‍ ജോജു ജോര്‍ജിനെതിരെയുള്ള പ്രതിഷേധവും കൂടിയാക്കി മാറ്റിയത്.
ചിത്രീകരണ അനുമതി ലഭിച്ച സിനിമയുടെ ചിത്രീകരണം തടയുന്നത് അംഗീകരിക്കാന്‍ കഴിയില്ല. സിനിമാ പ്രവര്‍ത്തകര്‍ക്ക് പൂര്‍ണ പിന്തുണ ഡിവൈഎഫ്‌ഐ വാഗ്ദാനം ചെയ്യുന്നു. കെ സുധാകരന്റെ വരവോടുകൂടി, ആര്‍എസ്എസിനെപ്പോലെ അസഹിഷ്ണുതയുടെ കേന്ദ്രമായി കോണ്‍ഗ്രസ്സ് മാറിക്കഴിഞ്ഞതിന്റെ ലക്ഷണമാണിത്. ഭയരഹിതമായ ചിത്രീകരണം പൂര്‍ത്തിയാക്കാന്‍ ബന്ധപ്പെട്ട ചലച്ചിത്ര പ്രവര്‍ത്തകര്‍ക്ക് സര്‍ക്കാര്‍ സുരക്ഷ ഉറപ്പാക്കണമെന്നും ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.