കണ്ണൂരിൽ നിർമാണത്തിലിരുന്ന സെപ്റ്റിക് ടാങ്കിൽ വീണ് നാല് വയസുകാരി മരിച്ചു; ദാരുണം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 08th November 2021 01:19 PM  |  

Last Updated: 08th November 2021 01:19 PM  |   A+A-   |  

sanvi

 

കണ്ണൂർ: നിർമാണം നടക്കുന്ന സെപ്റ്റിക് ടാങ്കിൽ വീണ് നാല് വയസുകാരി മരിച്ചു. പയ്യന്നൂർ കൊറ്റിയിലെ കക്കറക്കൽ ഷമൽ– വികെ അമൃത ദമ്പതികളുടെ ഏക മകൾ സാൻവിയയാണ് മരിച്ചത്. പരിക്കേറ്റ കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണം സംഭവിച്ചു. 

ഞായറാഴ്ച രാവിലെ 11നാണ് സംഭവം. തൊട്ടടുത്ത് നിർമാണം നടന്നുകൊണ്ടിരിക്കുന്ന പുതിയ വീടിനോട് ചേർന്നുള്ള സെപ്റ്റിക് ടാങ്കിൽ വീണ നിലയിലാണ് സാൻവിയയെ കണ്ടെത്തിയത്. വീടിനു സമീപത്തെ മതിൽ പൊളിച്ച് നീക്കിയിരുന്ന ഭാഗത്ത് കൂടിയാണ് കുട്ടി ടാങ്കിന് അരികിലേക്ക് മറ്റാരുടെയും ശ്രദ്ധയിൽപ്പെടാതെ നടന്നു പോയതെന്നാണ് അനുമാനം. ഒൻപത് അടിയോളം ആഴമുള്ള ടാങ്കിൽ നിറയെ വെള്ളം ഉണ്ടായിരുന്നു. നിർമാണം നടന്നുകൊണ്ടിരിക്കുന്നതിനാൽ ടാങ്കിന് മുകളിൽ സ്ലാബിട്ടിരുന്നില്ല.

കുട്ടിയെ വീട്ടിൽ കാണാത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിനിടയിലാണ് ടാങ്കിൽ വീണു കിടക്കുന്ന നിലയിൽ കണ്ടെത്തിയത്. പരിസരവാസികൾ സാൻവിയയെ പുറത്തെടുത്ത് കണ്ണൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ തിങ്കളാഴ്ച പുലർച്ചെയോടെ മരിച്ചു.