ജയേഷ് വധക്കേസ്: മൂന്നു പ്രതികള്‍ക്ക് ജീവപര്യന്തം; ഒരു ലക്ഷം രൂപ വീതം പിഴ; കോടതി വളപ്പില്‍ ഗുണ്ടാസംഘങ്ങളുടെ ഭീഷണി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 08th November 2021 01:26 PM  |  

Last Updated: 08th November 2021 01:26 PM  |   A+A-   |  

jayesh murder case

പ്രതികളെ ജയിലിലേക്ക് കൊണ്ടുപോകുന്നു/ ടെലിവിഷൻ ദൃശ്യം

 

ആലപ്പുഴ : ആലപ്പുഴ കൈനകരി ജയേഷ് വധക്കേസില്‍ മൂന്നു പ്രതികള്‍ക്ക് ജീവപര്യന്തം. രണ്ടാം പ്രതി സാജന്‍, മൂന്നാം പ്രതി നന്ദു, ജനീഷ് എന്നിവര്‍ക്ക് ജീവപര്യന്തവും 1 ലക്ഷം രൂപവീതം പിഴ വിധിച്ചു. ആലപ്പുഴ ജില്ലാ കോടതിയാണ് വിധി പുറപ്പെടുവിച്ചത്.  

കേസില്‍ 9,10 പ്രതികളായ സന്തോഷ്, കുഞ്ഞുമോന്‍ എന്നിവര്‍ക്ക് 2 വര്‍ഷം തടവും അര ലക്ഷം രൂപ വീതം പിഴയും കോടതി വിധിച്ചു. ഒന്നാം പ്രതി പുന്നമട അഭിലാഷ് കഴിഞ്ഞ ഏപ്രിലില്‍ കൊല്ലപ്പെട്ടിരുന്നു. 

കൈനകരി പഞ്ചായത്ത് 11-ാം വാര്‍ഡില്‍ ജയേഷ് ഭവനത്തില്‍ രാജുവിന്റെ മകന്‍ ജയേഷിനെ (26) കൊലപ്പെടുത്തിയ കേസില്‍ 10 പേരെയാണ് പ്രതികളാണ് ഉണ്ടായിരുന്നത്. ഇതില്‍ അഞ്ചു മുതല്‍ എട്ടുവരെ പ്രതികളെ കോടതി വെറുതെ വിട്ടിരുന്നു. 

2014 മാര്‍ച്ച് 28നാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. മുന്‍വൈരാഗ്യത്തിന്റെ പേരില്‍ മാരകായുധങ്ങളുമായി എത്തിയ സംഘം വീട് അടിച്ചുതകര്‍ത്തശേഷം പ്രാണരക്ഷാര്‍ത്ഥം ഓടിയ ജയേഷിനെ മാതാപിതാക്കളുടെയും ഭാര്യയുടേയും കണ്‍മുന്നിലിട്ട് വെട്ടിക്കൊലപ്പെടുത്തി എന്നാണ് കേസ്. 

കേസില്‍ വിധി പറഞ്ഞ ആലപ്പുഴ ജില്ലാ കോടതി പരിസരത്ത് ഗുണ്ടാസംഘാംഗങ്ങള്‍ എത്തിയതിനെ തുടര്‍ന്ന് സംഘര്‍ഷാവസ്ഥയുണ്ടായി. പ്രതികള്‍ പ്രോസിക്യൂഷനെ ഭീഷണിപ്പെടുത്തി. തുടര്‍ന്ന് പൊലീസ് ഗുണ്ടാംസംഘങ്ങളെ വിരട്ടിയോടിച്ചു. കോടതി പരിസരത്ത് പൊലീസ് വന്‍ സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്.