തിരുവനന്തപുരം ലുലുമാള്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും; ഡിസംബര്‍ 17ന് ജനങ്ങള്‍ക്ക്‌ തുറന്നുകൊടുക്കും; പ്രധാന ആകര്‍ഷണങ്ങള്‍ ഇവ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 08th November 2021 05:07 PM  |  

Last Updated: 08th November 2021 05:07 PM  |   A+A-   |  

lulu_mall_tvm

തിരുവനന്തപുരം ലുലുമാള്‍

 

തിരുവനന്തപുരം: തലസ്ഥാന നഗരിയിലെ ലുലു മാള്‍ ഡിസംബര്‍ 16ന്  മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുമെന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലി. ലുലു ഗ്രൂപ്പിന്റെ കേരളത്തിലെ രണ്ടാമത്തെ ഷോപ്പിംഗ് മാളാണിത്. 

പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ അധ്യക്ഷനാകുന്ന ചടങ്ങില്‍ കേന്ദ്രമന്ത്രി വി. മുരളീധരന്‍, സംസ്ഥാന മന്ത്രിമാര്‍,  ശശി തരൂര്‍ എം.പി, പ്രതിപക്ഷ ഉപനേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി, ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള മന്ത്രിമാര്‍, വ്യവസായ പ്രമുഖര്‍ ഉള്‍പ്പെടെയുള്ള വിശിഷ്ടാതിഥികള്‍ ചടങ്ങില്‍ പങ്കെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് മാനദണ്ഡങ്ങള്‍ പ്രകാരം ക്ഷണിക്കപ്പെട്ടവര്‍ക്ക് മാത്രമേ ഉദ്ഘാടന ചടങ്ങിലേക്ക് പ്രവേശനം ഉണ്ടാവുകയുള്ളുവെന്നും കൂടുതല്‍ ആളുകളെ ചടങ്ങിലേക്ക് ക്ഷണിക്കാന്‍ സാധിക്കാത്തതില്‍ ദു:ഖമുണ്ടെന്നും യൂസഫലി കൂട്ടിച്ചേര്‍ത്തു.
 
ഇന്ത്യയിലെ തന്നെ ഏറ്റവും വലുപ്പമേറിയ ഷോപ്പിംഗ് മാളുകളിലൊന്നാണ് രണ്ടായിരം കോടി രൂപ നിക്ഷേപത്തില്‍ ഏകദേശം ഇരുപത് ലക്ഷത്തോളം  ചതുരശ്രയടി വിസ്തീര്‍ണ്ണത്തില്‍  ടെക്‌നോപാര്‍ക്കിനു സമീപം ആക്കുളത്ത് പണിത തിരുവനന്തപുരം ലുലു മാള്‍. 2 ലക്ഷം ചതുരശ്രയടി വിസ്തീര്‍ണ്ണത്തിലുള്ള ലുലു ഹൈപ്പര്‍മാര്‍ക്കറ്റാണ് മാളിന്റെ മുഖ്യ ആകര്‍ഷണം. ഇതോടൊപ്പം   ലുലു കണക്ട്, ലുലു സെലിബ്രേറ്റ്,  200ല്‍ പരം രാജ്യാന്തര ബ്രാന്‍ഡുകള്‍, 12 സ്‌ക്രീന്‍ സിനിമ, 80,000 ചതുരശ്രയടിയില്‍ കുട്ടികള്‍ക്കായി ഏറ്റവും വലിയ  എന്റര്‍ടെയിന്മെന്റ് സെന്റര്‍,  2,500 പേര്‍ക്കിരിക്കാവുന്ന വിശാലമായ ഫുഡ്‌കോര്‍ട്ട്, എന്നിവ മാളിന്റെ മറ്റ് പ്രധാന ആകര്‍ഷണങ്ങളാണ്.

ഇരുചക്ര വാഹനങ്ങള്‍ ഉള്‍പ്പെടെ 3,500 ലധികം വാഹനങ്ങള്‍ക്ക് പാര്‍ക്ക് ചെയ്യാവുന്ന എട്ട് നിലകളിലായുള്ള മള്‍ട്ടിലെവല്‍ പാര്‍ക്കിംഗ് കേന്ദ്രം ഉള്‍പ്പെടെയുള്ള മാളിന്റെ വിശാല പാര്‍ക്കിംഗ് സൗകര്യം മറ്റ് ആകര്‍ഷണങ്ങളിലൊന്നാണ്. ഇതില്‍  മാള്‍ ബേസ്‌മെന്റില്‍ മാത്രം ആയിരം വാഹനങ്ങള്‍ക്കും, അഞ്ഞൂറ് വാഹനങ്ങള്‍ക്കുള്ള ഓപ്പണ്‍ പാര്‍ക്കിംഗ് സൗകര്യവും ഉള്‍പ്പെടെയാണിത്.  ഗതാഗത തടസങ്ങളില്ലാതെ വാഹനങ്ങള്‍ക്ക് സുഗമമായി മാളിലേക്ക് പ്രവേശിക്കാനും പുറത്തു കടക്കാനുമായി പാര്‍ക്കിംഗ് മാനേജ്‌മെന്റ് സിസ്റ്റം, ഇന്റലിജന്റ്  പാര്‍ക്കിംഗ് ഗൈഡന്‍സ് എന്നീ അത്യാധുനിക സംവിധാനവും മാളില്‍ ക്രമീകരിച്ചിട്ടുണ്ട്.   മാളിന്റെ രൂപരേഖ തയ്യാറാക്കിയ ബ്രിട്ടീഷ് ആര്‍ക്കിടെക്ട് സ്ഥാപനമായ ഡിസൈന്‍ ഇന്റര്‍നാഷണലാണ് മാളിന്റെ ട്രാഫിക് ഇംപാക്ട് പഠനവും നടത്തിയത്.

ഷോപ്പിംഗ് മാള്‍ പ്രവര്‍ത്തിക്കുന്നതിനാവശ്യമായ എല്ലാ അനുമതികളും വിവിധ കേന്ദ്രസംസ്ഥാന സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്നും ഇതിനകം ലഭിച്ചു കഴിഞ്ഞതായി ലുലു തിരുവനന്തപുരം റീജിയണല്‍ ഡയറക്ടര്‍ ജോയ് സദാനന്ദന്‍ നായര്‍  അറിയിച്ചു,കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചു കൊണ്ടുള്ള ഉദ്ഘാടന ചടങ്ങ് ക്ഷണിക്കപ്പെട്ടവര്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ട്. ഷോപ്പിംഗ് സൗകര്യത്തിനായി ഡിസംബര്‍ 17  വെള്ളിയാഴ്ച   മുതല്‍ മാള്‍ പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുക്കുമെന്നും  ലുലു ഗ്രൂപ്പ് കമ്മ്യൂണിക്കേഷന്‍സ് ഡയറക്ടര്‍ വി. നന്ദകുമാര്‍ അറിയിച്ചു