ആലത്തൂരില്‍ നിന്നും കാണാതായ 14 കാരികളായ ഇരട്ട സഹോദരിമാരെയും സഹപാഠികളെയും തമിഴ്‌നാട്ടില്‍ നിന്നും കണ്ടെത്തി

വീടു വിട്ടിറങ്ങിയത് ​ഗെയിം കളിക്കാനാണെന്നാണ് കുട്ടികൾ പൊലീസിനോട് പറഞ്ഞത്
കുട്ടികൾ കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ/ സിസിടിവി ദൃശ്യം
കുട്ടികൾ കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ/ സിസിടിവി ദൃശ്യം

പാലക്കാട്: പാലക്കാട് ആലത്തൂരില്‍ നിന്ന് കാണാതായ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥികളെ തമിഴ്‌നാട്ടില്‍ നിന്നും കണ്ടെത്തി. ഇരട്ട സഹോദരിമാരെയും സഹപാഠികളായ രണ്ട് ആണ്‍കുട്ടികളെയുമാണ് കണ്ടെത്തിയത്. കോയമ്പത്തൂരില്‍ നിന്നാണ് ഇവരെ കണ്ടെത്തിയത്.

റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് ഇവരെ പിടികൂടിയത്. ചെന്നൈയിലേക്ക് പോകാനെത്തിയപ്പോഴാണ് പൊലീസ് ഇവരെ തിരിച്ചറിഞ്ഞത്. വീടു വിട്ടിറങ്ങിയത് ​ഗെയിം കളിക്കാനാണെന്നാണ് കുട്ടികൾ പൊലീസിനോട് പറഞ്ഞത്. അഞ്ചുദിവസം മുമ്പാണ് കുട്ടികളെ കാണാതായത്. 

പാലക്കാട് ജില്ലയിലെ ആലത്തൂരില്‍ നിന്നും 14 വയസ്സുള്ള ഇരട്ട സഹോദരിമാരെയാണ് നവംബര്‍ മൂന്നുമുതല്‍  കാണാതാകുന്നത്. എഎസ്എം സഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനികളായ ശ്രേയ, ശ്രേജ എന്നിവരെയാണ് കാണാതായത്. ഇവരുടെ ക്ലാസ്സില്‍ പഠിക്കുന്ന ചുണ്ടക്കാട് സ്വദേശി അര്‍ഷാദ്, മേലാര്‍കോട് സ്വദേശി അഫ്‌സല്‍ മുഹമ്മദ് എന്നിവരെയും കാണാതായിരുന്നു. 

ഇവര്‍ പാലക്കാട് നഗരത്തില്‍ ഉച്ചയ്ക്ക് 3.30 ഓടെ കറങ്ങി നടക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു. തുടര്‍ന്ന് കുട്ടികള്‍ തമിഴ്‌നാട്ടിലേക്കുള്ള ബസില്‍ കയറിയതായും പൊലീസിന് വിവരം ലഭിച്ചിരുന്നു.  വീട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം ആരംഭിച്ച പൊലീസ്, പുതിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം തമിഴ്‌നാട്ടിലേക്കും വ്യാപിപ്പിക്കുകയായിരുന്നു. 

ദുരൂഹത നീങ്ങാതെ സൂര്യയുടെ തിരോധാനം

രണ്ടു മാസം മുമ്പ്, ഓഗസ്റ്റ് 30 നാണ് ആലത്തൂര്‍ പുതിയങ്കം സ്വദേശി സൂര്യ കൃഷ്ണ എന്ന ഡിഗ്രി വിദ്യാര്‍ത്ഥിനിയെ കാണാതാകുന്നത്. പാലക്കാട് മേവ്‌സി കോളജ് ബിഎ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയാണ് സൂര്യ. വീട്ടില്‍ നിന്നും ഇറങ്ങിയ പെണ്‍കുട്ടി കള്ളപ്പേരില്‍ കോയമ്പത്തൂരിലേക്ക് ട്രെയിനില്‍ പോയതായാണ് പൊലീസിന് ലഭിച്ച വിവരം.

പെണ്‍കുട്ടി മൊബൈല്‍ ഫോണോ, എടിഎം കാര്‍ഡോ ഒന്നും എടുക്കാതെയാണ് വീടുവിട്ടിറങ്ങിയത്. കയ്യില്‍ രണ്ടുജോഡി ഡ്രസ്സ് മാത്രമാണ് എടുത്തിരുന്നത്. പെണ്‍കുട്ടിയെ കാണാതായിട്ട് രണ്ടു മാസം പിന്നിട്ടിട്ടും ഇതുവരെ യാതൊരു തുമ്പും ലഭിച്ചിട്ടില്ല.

ഓഗസ്റ്റ് മുപ്പതിന് പകല്‍ പതിനൊന്നേകാലോടെ ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിന് മുന്നിലെ സിസിടിവിയിലാണ് സൂര്യയുടെ ദൃശ്യങ്ങള്‍ അവസാനമായി പതിഞ്ഞത്. ഈ കേസ് അന്വേഷണ സംഘത്തെ കുഴയ്ക്കുന്നതിനിടെയാണ്, ആലത്തൂരില്‍ നിന്നും വീണ്ടും പെണ്‍കുട്ടികളെ കാണാതായതായി പരാതി ലഭിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com