ഗുരുവായൂരില്‍ നാലമ്പല ദര്‍ശനത്തിനും പ്രസാദ ഊട്ടിനും അനുമതി; പ്രവേശനം വെര്‍ച്വല്‍ ക്യൂവിലൂടെ

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വൃശ്ചികം ഒന്നുമുതല്‍ നാലമ്പല ദര്‍ശനവും പ്രസാദ ഊട്ടും ആരംഭിക്കാന്‍ ദേവസ്വം ഭരണസമിതി തീരുമാനം
ഫയൽ ചിത്രം
ഫയൽ ചിത്രം


ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വൃശ്ചികം ഒന്നുമുതല്‍ നാലമ്പല ദര്‍ശനവും പ്രസാദ ഊട്ടും ആരംഭിക്കാന്‍ ദേവസ്വം ഭരണസമിതി തീരുമാനം. കോവിഡ് നിയന്ത്രണങ്ങളില്‍ സര്‍ക്കാര്‍ ഇളവ് നല്‍കിയ പശ്ചാത്തലത്തിലാണ് നവംബര്‍ പതിനാറുമുതല്‍ നാലമ്പലത്തിലേക്ക് ഭക്തര്‍ക്ക് പ്രവേശനം നല്‍കാനും പ്രസാദ ഊട്ട് ആരംഭിക്കാനും ദേവസ്വം ഭരണസമിതി യോഗം തീരുമാനിച്ചത്. 

കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് വെര്‍ച്വല്‍ ക്യൂ മുഖേനയാകും ക്ഷേത്രദര്‍ശനം അനുവദിക്കുക. ഇതിനായി നിലവിലുള്ള ഓണ്‍ലൈന്‍ ബുക്കിങ് അതേപടി തുടരും. മുന്‍കൂട്ടി ബുക്ക് ചെയ്ത ഭക്തര്‍ക്ക് അനുവദിച്ച സമയത്ത് നാലമ്പലത്തില്‍ പ്രവേശിക്കാം. 

കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം നിയമതടസ്സമില്ലെങ്കില്‍ കുട്ടികളുടെ ചോറൂണ്‍, തുലാഭാരം എന്നിവയും വൃശ്ചികം ഒന്നുമുതല്‍ ആരംഭിക്കും. നവംബര്‍ പതിനാറ് രാവിലെ അഞ്ചുമുതല്‍ പ്രസാദ ഊട്ട് ആരംഭിക്കും. 

ക്ഷേത്രത്തില്‍വെച്ച് നടക്കുന്ന വിവാഹങ്ങള്‍ക്ക് മണ്ഡപത്തില്‍ അനുവദിക്കുന്ന പത്തുപേര്‍ക്ക് പുറമേ, മണ്ഡപത്തിന് താഴെ പത്തുപേര്‍ക്കും നാല് ഫോട്ടോഗ്രാഫര്‍മാര്‍ക്കും കൂടി അനുമതി നല്‍കാനും തീരുമാനമായി. കോവിഡ് സാഹചര്യത്തില്‍ സര്‍ക്കാര്‍ നിര്‍ദേശ പ്രകാരം, 2020 മാര്‍ച്ചിലാണ് പ്രസാദ ഊട്ട് നിര്‍ത്തിവച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com