സീരിയലുകളുടെ കാര്യത്തില്‍ കൂടുതല്‍ ഉത്തരവാദിത്തബോധം കാട്ടണം; ചാനലുകള്‍ സ്വയം സെന്‍സറിങ് നടത്തണം: മന്ത്രി സജി ചെറിയാന്‍

മെച്ചപ്പെട്ട സീരിയലുകള്‍ സ്വീകരണ മുറിയിലെത്താന്‍ ചാനലുകള്‍ മുന്‍കൈ എടുക്കണമെന്ന് സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍
സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍
സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍

തിരുവനന്തപുരം: മെച്ചപ്പെട്ട സീരിയലുകള്‍ സ്വീകരണ മുറിയിലെത്താന്‍ ചാനലുകള്‍ മുന്‍കൈ എടുക്കണമെന്ന് സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍. തിരുവനന്തപുരം നിശാഗന്ധിയില്‍ സംസ്ഥാന ടെലിവിഷന്‍ പുരസ്‌കാര വിതരണ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വീടുകളില്‍ കുടുംബാംഗങ്ങളെല്ലാവരും ഒരുമിച്ചിരുന്ന് കാണുന്ന സീരിയലുകളുടെ നിലവാരത്തില്‍ കൂടുതല്‍ ഉത്തരവാദിത്തബോധം കാട്ടണം. വ്യവസായം എന്ന നിലയിലും ആയിരങ്ങള്‍ക്ക് ജീവനോപാധി എന്ന നിലയിലും നല്ല രീതിയിലെ പ്രോത്സാഹനമാണ് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്നത്. സീരിയലുകളുടെ ഉത്തരവാദിത്തപ്പെട്ടവര്‍ ധാര്‍മികമായ സെന്‍സറിങ് സ്വയം നടത്തണമെന്ന് മന്ത്രി പറഞ്ഞു.

2018ലെ പ്രളയകാലത്ത് ചാനലുകള്‍ സാമൂഹ്യപ്രതിബദ്ധതയോടെയാണ് പ്രവര്‍ത്തിച്ചത്. ആ സമയം ദുരന്തനിവാരണ കണ്‍ട്രോള്‍ റൂമുകളായി ചാനലുകള്‍ പ്രവര്‍ത്തിച്ചുവെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. കോവിഡ് ജനജീവിതത്തെ സാരമായി ബാധിച്ച വര്‍ഷങ്ങളാണ് പിന്നിട്ടു പോയത്. തിയേറ്ററുകള്‍ അടച്ചിടേണ്ടി വന്നു. കലാസാംസ്‌കാരിക പരിപാടികള്‍ നടത്താന്‍ കഴിയാതെ പോയി. ഇക്കാലയളവില്‍ ആശ്വാസമായത് ടെലിവിഷനാണെന്ന് മന്ത്രി പറഞ്ഞു.

കേരളത്തിലെ ജനങ്ങളുടെ കൂടുതല്‍ ശ്രദ്ധയും പങ്കാളിത്തവും ടെലിവിഷന്‍ പരിപാടികള്‍ക്ക് ലഭിക്കുന്നുണ്ടെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ഭക്ഷ്യ മന്ത്രി അഡ്വ. ജി ആര്‍ അനില്‍ പറഞ്ഞു. കോവിഡ് കാലത്ത് കേരളത്തിലെ കുടുംബങ്ങളെ സജീവമാക്കാന്‍ ടെലവിഷനു കഴിഞ്ഞിരുന്നതായി ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com