പെട്രോളിയം ഉത്പന്നങ്ങൾക്ക് എന്തുകൊണ്ട് ജിഎസ്ടി ഇല്ല; വീണ്ടും ചോദ്യം ഉന്നയിച്ച് ഹൈക്കോടതി 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 08th November 2021 04:53 PM  |  

Last Updated: 08th November 2021 04:53 PM  |   A+A-   |  

Fuel price cut relief may come soon

ഫയല്‍ ചിത്രം

 

കൊച്ചി: പെട്രോളിയം ഉത്പന്നങ്ങളെ ജിഎസ്ടി പരിധിയിൽ കൊണ്ടുവരാത്തത് എന്തുകൊണ്ടെന്ന ചോദ്യം വീണ്ടും ആവർത്തിച്ച് ഹൈക്കോടതി. ജിഎസ്ടി പരിധിയിൽ കൊണ്ടു വരാത്തത് എന്താണെന്ന് ആരാഞ്ഞ കോടതി ഇക്കാര്യം വ്യക്തമാക്കാൻ ജിഎസ്ടി കൗൺസിലിന് നിർദ്ദേശം നൽകി. പത്ത് ദിവസത്തിനകം ഇക്കാര്യത്തിൽ വിശദീകരണ പത്രിക കോടതി മുമ്പാകെ സമർപ്പിക്കണമെന്നും നിർദ്ദേശത്തിലുണ്ട്. 

ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ചാണ് ജിഎസ്ടി കൗൺസിലിനോടു ചോദ്യം ഉന്നയിച്ചത്. കേരള പ്രദേശ് ഗാന്ധി ദർശൻ വേദി നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു കോടതി. 

കേരള പ്രദേശ് ഗാന്ധി ദർശൻ വേദി തന്നെ നൽകിയ ഹർജിയിൽ ഹൈക്കോടതി ഉത്തരവിനെ തുടർന്നാണ് ജിഎസ്ടി കൗൺസിൽ ഇക്കാര്യം നേരത്തെ പരിഗണിച്ചത്. കഴിഞ്ഞ ജൂൺ 22ന് ഇന്ധന വില ജിഎസ്ടിയിൽ കൊണ്ടുവരണമെന്നു നിവേദനം പരിഗണിക്കാൻ ആവശ്യപ്പെട്ട് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. 

ഉത്തരവു നടപ്പാക്കിയില്ലെങ്കിൽ കോടതി അലക്ഷ്യ നടപടി സ്വീകരിക്കുമെന്ന നോട്ടീസിനെ തുടർന്നായിരുന്നു കേന്ദ്ര മന്ത്രാലയം കൗൺസിൽ ചേർന്നത്. എന്നാൽ പെട്രോളിയം ഉൽപ്പന്നങ്ങളെ ജിഎസ്ടിയിൽ ഉൾപ്പെടുത്തുന്നതിനെ എതിർക്കുന്ന സമീപനമാണ് സംസ്ഥാന സർക്കാർ സ്വീകരിക്കുന്നത്.