മിഠായിത്തെരുവിലെ കൈയ്യേറ്റം ഒഴിപ്പിച്ച് അധികൃതര്‍; ഉദ്യോഗസ്ഥരും വ്യാപാരികളും തമ്മില്‍ വാക്കുതര്‍ക്കം 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 09th November 2021 04:59 PM  |  

Last Updated: 09th November 2021 04:59 PM  |   A+A-   |  

sm_street_kozhikode

ഫയല്‍ ചിത്രം

 

കോഴിക്കോട്: അനധികൃത നിര്‍മാണം നടന്നതായി കണ്ടെത്തിയ കോഴിക്കോട് മിഠായിത്തെരുവിലെ കൈയ്യേറ്റം ഒഴിപ്പിച്ച് കോര്‍പ്പറേഷന്‍. കടകളുടെ മുന്‍വശം നീട്ടിക്കെട്ടി നടത്തുന്ന കച്ചവടമാണ് ഒഴിപ്പിക്കുന്നത്. കോര്‍പ്പറേഷന്‍ നടപടിക്കെതിരെ വ്യാപാരികള്‍ കടുത്ത പ്രതിഷേധം ഉയര്‍ത്തുകയാണ്. 

സെപ്തംബറില്‍ മിഠായിത്തെരുവില്‍ ഉണ്ടായ തീപിടുത്തതിന് ശേഷം കടകളില്‍ പരിശോധന നടത്തിയാണ് നിയമലംഘനങ്ങള്‍ കണ്ടെത്തിയത്. കോര്‍പ്പറേഷന്‍ വിവിധ ഡിവിഷനിലുള്ള അഞ്ച് സ്‌ക്വാഡുകളായി തിരിഞ്ഞാണ് പരിശോധന പൂര്‍ത്തീകരിച്ചത്. കച്ചവടക്കാരുടെ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയില്‍ അനുവദിച്ച ഒരു മാസം സമയം അവസാനിച്ചതിന് ശേഷമാണ് കോഴിക്കോട് ടൗണ്‍ പ്ലാനിങ് വിഭാഗം നടപടിയിലേക്ക് കടന്നത്. 

192 കടകള്‍ക്കാണ് നോട്ടീസ് നല്‍കിയത്. അനധികൃത നിര്‍മ്മാണവും അതുകൂടാതെ വഴിയോരത്തടക്കം കച്ചവടം നടത്തുന്നതും ഗോവണിപടികള്‍ സ്റ്റോറേജായി ഉപയോഗിക്കുന്നത് അടക്കമുള്ള അനധികൃത പ്രവര്‍ത്തികള്‍ ചൂണ്ടിക്കാട്ടിയാണ് നോട്ടീസ് നല്‍കിയത്. വീണ്ടും നടത്തിയ പരിശോധനയില്‍ 16 കടകള്‍ മാത്രമാണ് നോട്ടീസിനനുസരിച്ച് പ്രവര്‍ത്തിച്ചത്. അശാസ്ത്രീയ നടപടിയല്ലെന്നും അറിയിപ്പ് നല്‍കിയിട്ടാണ് നടപടിയെന്നും സെക്രട്ടറി പറഞ്ഞു.