ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടു; സംസ്ഥാനത്ത് തീവ്ര മഴയ്ക്ക് സാധ്യത; 5 ജില്ലകളിൽ ഓറഞ്ച് അലർട്ട്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 09th November 2021 01:53 PM  |  

Last Updated: 09th November 2021 01:53 PM  |   A+A-   |  

rain IN KERALA

ഫയല്‍ ചിത്രം

 

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടു. ഇതിന്റെ സ്വാധീനഫലമായി കേരളത്തിൽ അടുത്ത മൂന്നു ദിവസം അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. സംസ്ഥാനത്ത് അഞ്ച് ജില്ലകളിൽ മൂന്ന് ദിവസത്തേക്ക് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 

പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് ഇന്നും നാളെയും മറ്റന്നാളും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം മുതൽ മലപ്പുറം വരെയുള്ള ജില്ലകളിലാണ് ഇന്ന് മഴ മുന്നറിയിപ്പുള്ളത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശ്ശൂർ ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. 

കടലിൽ പോകരുത്

കേരളാ തീരത്ത് മത്സ്യബന്ധത്തിന് വിലക്കുണ്ട്. അറബിക്കടലില്‍  തീവ്ര ന്യുനമര്‍ദ്ദം നിലനില്‍ക്കുന്നതിനാല്‍  മധ്യകിഴക്കന്‍ അറബിക്കടലിലും അതിനോട് ചേര്‍ന്നുള്ള മധ്യ പടിഞ്ഞാറന്‍ അറബിക്കടലിലും മത്സ്യത്തൊഴിലാളികള്‍ മത്സ്യബന്ധനത്തിന്ന് പോകാന്‍ പാടുള്ളതല്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 

മാത്രമല്ല നവംബര്‍ 9,10 ദിവസങ്ങളില്‍ തെക്കു കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലും നവംബര്‍ 10, 11 ദിവസങ്ങളില്‍ തെക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉല്‍കടലിലും വടക്കു തമിഴ്‌നാട്ആന്ധ്രാ തീരങ്ങളിലും മത്സ്യബന്ധനത്തിന് പോകാന്‍ പാടുള്ളതല്ല എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.