മുന്‍ മിസ് കേരളയടക്കം മൂന്ന് പേര്‍ മരിച്ച സംഭവത്തില്‍ പാര്‍ട്ടി നടന്ന ഹോട്ടലില്‍ പരിശോധന; ഹാര്‍ഡ് ഡിസ്‌ക് പിടിച്ചെടുത്തു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 09th November 2021 03:33 PM  |  

Last Updated: 09th November 2021 03:33 PM  |   A+A-   |  

EX_MISS_KERALA

 


കൊച്ചി: കൊച്ചിയിലെ മോഡലകുൾ ഉള്‍പ്പെടെയുള്ളവര്‍ വാഹനാപകടത്തിൽ മരിച്ച സംഭവത്തില്‍ ഫോര്‍ട്ട് കൊച്ചിയിലെ ഹോട്ടലില്‍ നിന്നും ഹാര്‍ഡ് ഡിസ്‌ക് കസ്റ്റഡിയിലെടുത്തു. ഫോര്‍ട്ട് കൊച്ചിയിലെ 'നമ്പര്‍ 18' ഹോട്ടലില്‍ നടത്തിയ പരിശോധനയിലാണ് സിസിടിവി ദൃശ്യങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന ഹാര്‍ഡ് ഡിസ്‌ക് പൊലീസ് പിടിച്ചെടുത്തത്. ഈ ഹോട്ടലില്‍നിന്ന് പാര്‍ട്ടി കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് വൈറ്റിലയ്ക്ക് സമീപത്തുവച്ച് മുൻ മിസ് കേരള വിജയികളായ അന്‍സി കബീറും അന്‍ജന ഷാജനും ഇവരുടെ സുഹൃത്തായ ആഷിഖും വാഹനാപകടത്തില്‍ മരിച്ചത്. 

എന്നാൽ ഹോട്ടലില്‍നിന്ന് കണ്ടെടുത്ത ഹാര്‍ഡ് ഡിസ്‌ക്കിന്റെ പാസ് വേഡ് അറിയില്ലെന്നാണ് ജീവനക്കാര്‍ പൊലീസിന് നല്‍കിയ മൊഴി. സാങ്കേതിക വിദഗ്ധരുടെ സഹായത്താല്‍ ഇത് പരിശോധിക്കുമെന്ന് മെട്രോ സ്‌റ്റേഷന്‍ പൊലീസ് അറിയിച്ചു. 

ഒക്ടോബര്‍ 31-ന് രാത്രി ഇവിടെ നടന്ന പാര്‍ട്ടി കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് അന്‍സി കബീര്‍, അന്‍ജന ഷാജന്‍, ആഷിഖ്, അബ്ദുള്‍ റഹ്മാന്‍ എന്നിവര്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടത്. അന്‍സി കബീറും അന്‍ജന ഷാജനും തല്‍ക്ഷണം മരിച്ചു. ചികിത്സയിലായിരുന്ന ആഷിഖ് കഴിഞ്ഞദിവസമാണ് മരിച്ചത്.

കാറിന്റെ ഡ്രൈവർ മാള സ്വദേശിയായ  അബ്ദുള്‍ റഹ്മാനെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. മദ്യലഹരിയിലാണ് ഇയാള്‍ വാഹനമോടിച്ചതെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു നടപടി. മദ്യപിച്ച് വാഹനമോടിച്ചതിനും മനഃപൂര്‍വമല്ലാത്ത നരഹത്യയ്ക്കുമാണ് ഇയാള്‍ക്കെതിരേ കേസെടുത്തിരിക്കുന്നത്. രാത്രി സമയം കഴിഞ്ഞിട്ടും മദ്യം വിറ്റതിനെ തുടർന്ന് പരിപാടി നടത്തിയ ഹോട്ടൽ എക്സൈസ് പൂട്ടിക്കുകയും ചെയ്തു