ബസ് ചാര്‍ജ് വര്‍ധിപ്പിക്കാന്‍ എല്‍ഡിഎഫ് ധാരണ; മുഖ്യമന്ത്രിയെ ചുമതലപ്പെടുത്തി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 09th November 2021 07:14 PM  |  

Last Updated: 09th November 2021 07:16 PM  |   A+A-   |  

Private bus rate

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം: സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ധിപ്പിക്കുന്നതിന് ഇടതുമുന്നണി യോഗത്തില്‍ ധാരണ. നിരക്ക് കൂട്ടുന്നതില്‍ തീരുമാനമെടുക്കാന്‍ മുഖ്യമന്ത്രിയെയും ഗതാഗത മന്ത്രിയെയും എല്‍ഡിഎഫ് യോഗം ചുമതലപ്പെടുത്തി. നിരക്കു കൂട്ടാമെന്ന ധാരണയുടെ അടിസ്ഥാനത്തില്‍ 
ഇന്നുമുതല്‍ പ്രഖ്യാപിച്ചിരുന്ന പണിമുടക്ക് സ്വകാര്യ ബസുടമകള്‍ പിന്‍വലിച്ചിരുന്നു. 

മിനിമം ചാര്‍ജ് 12 രൂപയായി ഉയര്‍ത്തുക, വിദ്യാര്‍ത്ഥികളുടെ കണ്‍സഷന്‍ മിനിമം ആറ് രൂപയാക്കുക തുടങ്ങിയവയായിരുന്നു ബസ് ഉടമകള്‍ മുന്നോട്ടുവച്ച പ്രധാന ആവശ്യങ്ങള്‍. നിരക്ക് വര്‍ധനയുമായി ബന്ധപ്പെട്ട കുറിപ്പ് ഗതാഗത മന്ത്രി എല്‍ഡിഎഫ് നേതാക്കള്‍ക്ക് കൈമാറിയിരുന്നു. മിനിമം ചാര്‍ജ് പത്തുരൂപയായി വര്‍ധിപ്പിച്ചേക്കുമെന്നാണ് സൂചന. ഇന്ധനവില വര്‍ധനയ്ക്കു പിന്നാലെ ഇരുട്ടടിയായാണ് ബസ് ചാര്‍ജും കൂടുന്നത്. 

ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിഷന്റെ ശുപാര്‍ശ അനുസരിച്ചാണ് നിരക്ക് വര്‍ധിപ്പിക്കുന്നത്. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ മിനിമം ചാര്‍ജ് എട്ടില്‍ നിലനിര്‍ത്തി ഒരു കിലോമീറ്ററിന് 70 പൈസയില്‍നിന്ന് 90 പൈസ ആക്കിയിരുന്നു. എട്ടു രൂപയ്ക്ക് സഞ്ചരിക്കാവുന്ന ദൂരം 5 കിലോമീറ്ററില്‍നിന്നും രണ്ടരയും ആക്കി. അന്ന് ഡീസല്‍ വില 72 രൂപ ആയിരുന്നു. ഇന്ന് ഡീസല്‍ വില 94 കടന്നെന്നു ബസ് ഉടമകള്‍ പറയുന്നു.