'കള്ളനെ' പോലെ അകത്തുകയറി, വീട്ടുകാരെ വെട്ടിലാക്കി നായ; മണിക്കൂറുകളോളം പുറത്ത് 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 10th November 2021 05:21 PM  |  

Last Updated: 10th November 2021 05:21 PM  |   A+A-   |  

dog entered the house

പ്രതീകാത്മക ചിത്രം

 

മൂന്നാര്‍: ആരും ഇല്ലാത്ത സമയത്ത് വീട്ടില്‍ കയറി പുറത്തേയ്ക്ക് പോകാന്‍ കൂട്ടാക്കാതെ നിന്ന നായ വീട്ടുകാരെ വെട്ടിലാക്കിയത് മണിക്കൂറുകളോളം. തുടര്‍ന്ന്  രക്ഷാപ്രവര്‍ത്തകരാണ് നായയെ വീട്ടില്‍ നിന്ന് പുറത്തെത്തിച്ച് വീട്ടുകാരെ വീടിനുള്ളില്‍ കയറാനുള്ള സാഹചര്യമൊരുക്കിയത്. 

മൂന്നാറിലെ ഏറ്റവും തിരക്കേറിയ പ്രദേശമായ മൂന്നാര്‍ കോളനിയിലാണ് സംഭവം. ഒരു കുടുംബത്തെ മണിക്കൂറുകളോളമാണ് ഭീതിയിലാഴ്ത്തിയത്. വാതില്‍ ചാരിയിട്ട ശേഷം സമീപമുള്ള കടയിലേക്ക് സാധനങ്ങള്‍ വാങ്ങാന്‍ പോയതായിരുന്നു വീട്ടുകാര്‍. ആ സമയത്താണ് ചാരിയിട്ട വാതില്‍ തുറന്ന്, മുന്‍ അംഗനവാടി ജീവനക്കാരിയായ പാപ്പാത്തിയുടെ വീടിനുള്ളിലേക്ക് നായ കയറിയത്. 

അല്പ നേരം കഴിഞ്ഞ് മടങ്ങിയെത്തിയ വീട്ടുകാര്‍ വീടിനുള്ളില്‍ രോഷത്തോടെ കുരയ്ക്കുന്ന നായയെയാണ് കണ്ടത്. ഒച്ച വച്ച് ഓടിക്കുവാന്‍ ശ്രമിച്ചെങ്കിലും നായ ആക്രമിക്കാന്‍ ശ്രമിക്കുകയായിരുന്നു. തുടര്‍ന്ന് ഭയന്നുപോയ വീട്ടുകാര്‍ അയല്‍വാസികളെ സഹായത്തിനായി വിളിച്ചു.  എന്നാല്‍ മെരുങ്ങാന്‍ കൂട്ടാനാക്കാതെ ബഹളം വച്ചതോടെ നായയെ ഓടിക്കാനായില്ല. 

നായ പുറത്തിറങ്ങാന്‍ കൂട്ടാക്കാതെ വന്നതോടെ അവിടെയത്തിയവര്‍ പഞ്ചായത്ത് അധികൃതരെ വിവരമറിയിച്ചു. പഞ്ചായത്തില്‍ നിന്ന് കിട്ടിയ വിവരമനുസരിച്ച് യുവജനക്ഷേമ ബോര്‍ഡ് കോ-ഓര്‍ഡിനേറ്റര്‍ സെല്‍വകുമാര്‍, പരിസ്ഥിതി പ്രവര്‍ത്തകനായ ആര്‍ മോഹന്‍, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനായ ഷജിന്‍ എന്നിവരെത്തി. ഇവരെത്തിയതോടെ കൂടുതല്‍ ബഹളം വച്ച നായയെ അനുനയിപ്പിക്കുവാമനുള്ള ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടു.  

വിശപ്പു മൂലമായിരിക്കും ബഹളത്തിനു കാരണമെന്ന ചിന്തയില്‍ ബിസ്‌കറ്റ് വാങ്ങി നല്‍കിയെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്ന് ഏറെ പണിപ്പെട്ട് നായയുടെ കഴുത്തില്‍  ഇട്ട ചങ്ങല  കൈയില്‍ കിട്ടിയ ശേഷമാണ് നായ അല്പമെങ്കിലും ശാന്തനായത്.