ഇടുക്കി ഡിസിസി പ്രസിഡന്റിന്റെ മുടി വെട്ടില്ല; പ്രതിഷേധവുമായി ബാര്‍ബര്‍മാരുടെ സംഘടന

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 10th November 2021 05:31 PM  |  

Last Updated: 10th November 2021 05:31 PM  |   A+A-   |  

cp_mathew

കോണ്‍ഗ്രസിന്റെ പ്രതിഷേധ പരിപാടിയില്‍ സി പി മാത്യു സംസാരിക്കുന്നു

 

ഇടുക്കി: ബാര്‍ബര്‍ തൊഴിലാളികളെ അപമാനിച്ച ഇടുക്കി ഡിസിസി പ്രസിഡന്റിന്റെ മുടിവെട്ടില്ലെന്ന് ബാര്‍ബര്‍മാരുടെ സംഘടന. പ്രതിഷേധ പരിപാടിക്കിടെ നടത്തിയ പരാമര്‍ശമാണ് കേരള ബാര്‍ബര്‍ ബ്യൂട്ടീഷന്‍ അസോസിയേഷനെ ചൊടിപ്പിച്ചത്. 

വണ്ടിപ്പെരിയാറില്‍ കഴിഞ്ഞ ദിവസം നടന്ന സമരത്തിനിടെയാണ് ഡിസിസി പ്രസിഡന്റ് സിപി. മാത്യു വിവാദ പരാമര്‍ശം നടത്തിയത്. 'മണ്മറഞ്ഞുപോയ രക്തസാക്ഷിയെ ഈ മണ്ണില്‍പ്പോലും കിടക്കാന്‍ അനുവദിക്കില്ലെങ്കില്‍ ഞങ്ങള്‍ ചെരയ്ക്കാനല്ല നടക്കുന്നത്' എന്നായിരുന്നു സി പി മാത്യുവിന്റെ പ്രസംഗം. തൊട്ടുപിന്നാലെ പ്രതിഷേധവുമായി ബാര്‍ബര്‍ ബ്യൂട്ടീഷ്യന്‍ അസോസിയേഷന്‍ രംഗത്തെത്തി. പരാമര്‍ശത്തില്‍ മാപ്പുപറയണമന്ന് ആവശ്യപ്പെട്ടെങ്കിലും വഴങ്ങിയില്ലെന്നാണ് ആരോപണം. ഇതോടെ താലൂക്ക് ആസ്ഥാനങ്ങളില്‍ പ്രകടനം നടത്തിയ തൊഴിലാളികള്‍ നയം പ്രഖ്യാപിച്ചു.

വിവാദ പരാമര്‍ശത്തെക്കുറിച്ച് പ്രതികരിക്കാന്‍ സിപി മാത്യു തയാറായില്ല. വണ്ടിപ്പെരിയാര്‍ രക്തസാക്ഷി മണ്ഡപത്തിന് സമീപം നിര്‍മിച്ച മാലിന്യക്കുഴി മാറ്റണം എന്നാവശ്യപ്പെട്ടായിരുന്നു കോണ്‍ഗ്രസ് സമരം.