ജോജുവിന്റെ കാർ തകർത്ത കേസ് : ടോണി ചമ്മിണി അടക്കമുളള കോൺ​ഗ്രസ് നേതാക്കളുടെ ജാമ്യാപേക്ഷയിൽ ഇന്ന് വിധി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 10th November 2021 06:40 AM  |  

Last Updated: 10th November 2021 06:40 AM  |   A+A-   |  

tony_chammany

മുന്‍ മേയര്‍ ടോണി ചമ്മണി

 

കൊച്ചി: ഇന്ധന വില വർധനവിനെതിരായ ഹൈവേ ഉപരോധത്തിനിടെ നടന്‍ ജോജു ജോര്‍ജിന്‍റെ കാർ തല്ലിത്തകര്‍ത്ത കേസില്‍ കോൺ​ഗ്രസ് നേതാക്കളായ മുന്‍ മേയർ ടോണി ചമ്മിണി ഉള്‍പ്പെടെ ആറ് പ്രതികളുടെ ജാമ്യാപേക്ഷയില്‍ ഇന്ന് വിധി പറയും. എറണാകുളം മജിസ്ട്രേറ്റ് കോടതിയാണ് വിധി പുറപ്പെടുവിക്കുക. 

അറ്റകുറ്റപ്പണിക്ക് ആറരലക്ഷം രൂപ ചെലവ് വരുമെന്നാണ് കോടതിക്ക് കൈമാറിയ റിപ്പോര്‍ട്ടിലുള്ളത്. ഈ തുകയുടെ 50 ശതമാനം കെട്ടിവെച്ച് ജാമ്യം അനുവദിക്കണമെന്നാണ് പ്രതികളുടെ  വാദം. എന്നാല്‍ കാറിന്‍റെ മൊത്തം വിലയുടെ 50 ശതമാനം കെട്ടിവെക്കണമെന്നതാണ് പ്രോസിക്യൂട്ടർ ആവശ്യപ്പെടുന്നത്. 

അതിനിടെ ജോജു സംഘർഷത്തിനിടെ അപമര്യാദയായി പെരുമാറിയെന്നുള്ള പരാതിയില്‍ കേസെടുക്കാത്ത പൊലീസിന്‍റെ നടപടിയില്‍ പ്രതിഷേധിച്ച് മഹിളാ കോണ്‍ഗ്രസിന്‍റെ ആഭിമുഖ്യത്തിൽ ഇന്ന് മരട് സ്റ്റേഷനിലേക്ക് പ്രകടനം നടത്തും. ഉപരോധത്തിന്‍റെ വീഡിയോ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ചിട്ടും ജോജുവിനെതിരെ കേസെടുക്കാനുള്ള തെളിവൊന്നും ലഭിച്ചിട്ടില്ലെന്നാണ് പൊലീസിന്‍റെ വാദം.