അടുത്തുകിടന്ന മകള്‍പോലും അറിഞ്ഞില്ല; നാസിലയെ കുത്തിക്കൊന്നത് മിഠായിയില്‍ മയക്കുമരുന്ന് നല്‍കി?

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 11th November 2021 03:00 PM  |  

Last Updated: 11th November 2021 03:00 PM  |   A+A-   |  

abdul raheem

അബ്ദുള്‍ റഹീം


തിരുവനന്തപുരം:പാലോട് പെരിങ്ങമലയില്‍ ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊന്നത് അടുത്തു കിടന്ന മകള്‍ പോലുമറിയാതെ. പെരിങ്ങമല പറങ്കിമാംവിള നൗഫര്‍ മന്‍സിലില്‍ നാസില ബീഗം (42) ആണ് കൊല്ലപ്പെട്ടത്. നാസിലയുടെ കുടുംബവീട്ടില്‍വെച്ചായിരുന്നു സംഭവം. ഇതിന് പിന്നാലെ ഭര്‍ത്താവ് അബ്ദുള്‍ റഹീമിനെ കാണാനില്ലെന്നാണ് വിവരം. 

വ്യാഴാഴ്ച രാവിലെ ഏഴുമണിക്ക് നാസിലയുടെ ഉമ്മ കിടപ്പുമുറിയുടെ കതക് തുറന്ന് നോക്കിയപ്പോളാണ് യുവതിയെ കൊല്ലപ്പെട്ടനിലയില്‍ കണ്ടത്. തുടര്‍ന്ന് നാട്ടുകാരെയും പൊലീസിനെയും വിവരമറിയിച്ചു. പാലോട് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

നാസിലയ്ക്ക് കുത്തേറ്റിട്ടും അടുത്ത് കിടന്ന 13 വയസുകാരിയായ മകള്‍ പോലും അറിഞ്ഞിരുന്നില്ല എന്നാണ് വിവരം. രാവിലെ നാസിലയുടെ ഉമ്മ കുട്ടിയെ വിളിച്ചുണര്‍ത്തുകയായിരുന്നു. മാത്രമല്ല അടുത്ത മുറിയിലുണ്ടായിരുന്ന നാസിലയുടെ മാതാപിതാക്കളും ഒന്നുമറിഞ്ഞിരുന്നില്ല. 

ബുധനാഴ്ച രാത്രി റഹിം മകള്‍ക്കും ഭാര്യയ്ക്കും മിഠായി നല്‍കിയതായി പറയുന്നുണ്ട്. ഇതില്‍ മയക്കുമരുന്ന് കലര്‍ത്തിയിരുന്നതായും സംശയിക്കുന്നു. നാസില മയങ്ങികിടക്കുമ്പോളാണ് കൊലപാതകം നടത്തിയതെന്നാണ് നിഗമനം. നാസിലയുടെ കഴുത്തിന്റെ ഇടതുവശത്തും നെഞ്ചിലും കുത്തേറ്റ മുറിവുകളുണ്ട്. നെഞ്ചിലേറ്റ കുത്താണ് മരണകാരണമെന്നാണ് പ്രാഥമികനിഗമനം. 

തിരുവനന്തപുരം ചാക്ക ഐടിഐയിലെ ക്ലര്‍ക്ക് ആണ് അബ്ദുള്‍ റഹീം. നേരത്തെ അബ്ദുള്‍ റഹീം ഓഹരിവിപണിയില്‍ ധാരാളം പണം നിക്ഷേപിച്ചിരുന്നു. അത് നഷ്ടത്തിലായതിന് ശേഷം ഇയാള്‍ മദ്യപാനം തുടങ്ങിയിരുന്നു. മദ്യപാനം അമിതമായതോടെ രണ്ട് വര്‍ഷമായി ചികിത്സയിലായിരുന്നു. 

സംഭവത്തില്‍ പാലോട് സിഐയുടെ നേതൃത്വത്തില്‍ അബ്ദുള്‍ റഹീമിനെ കണ്ടെത്താനുള്ള അന്വേഷണം ആരംഭിച്ചു. ഫിംഗര്‍ പ്രിന്റ് ,ഡോഗ്  സ്‌ക്വാഡ് സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. നാസിലയുടെ മൃതദേഹം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.