'നികുതി വര്‍ധനവിന്റെ കാര്യത്തില്‍ കേന്ദ്രവും കേരളവും അനിയന്‍ ബാവയും ചേട്ടന്‍ ബാവയും'; പ്രതിഷേധവുമായി പ്രതിപക്ഷം; കൂട്ടിയവര്‍ തന്നെ കുറയ്ക്കട്ടെയെന്ന് ധനമന്ത്രി 

കേന്ദ്രത്തിന്റെ നികുതി ഭീകരതയ്ക്ക് കേരളം കൂട്ടെന്ന് പ്രതിപക്ഷം ആരോപിച്ചു
ധനമന്ത്രി കെ എൻ ബാല​ഗോപാൽ/ ഫയൽ
ധനമന്ത്രി കെ എൻ ബാല​ഗോപാൽ/ ഫയൽ

തിരുവനന്തപുരം: ഇന്ധന നികുതി ആറു വര്‍ഷമായി സംസ്ഥാന സര്‍ക്കാര്‍ കൂട്ടിയിട്ടില്ലെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. കൂട്ടിയവര്‍ തന്നെ കുറയ്ക്കട്ടെ എന്നാണ് സംസ്ഥാന സര്‍ക്കാര്‍ നിലപാട്. പാര്‍ലമെന്റിലേക്ക് സൈക്കിളില്‍ പോകാന്‍ 19 പേരുണ്ടല്ലോ, എന്താണ് പോകാത്തതെന്നും മന്ത്രി ചോദിച്ചു. പ്രതിപക്ഷം ബിജെപിയുടെ കൊള്ളയെ പിന്തുണയ്ക്കുകയാമെന്നും കെ എന്‍ ബാലഗോപാല്‍ പറഞ്ഞു. 

നികുതി ഭീകരതയ്ക്ക് കേരളം കൂട്ട്

ഇന്ധന വില വര്‍ധനയില്‍ പ്രതിപക്ഷം നല്‍കിയ അടിയന്തര പ്രമേയ നോട്ടീസിന് മറുപടിയായാണ് ധനമന്ത്രിയുടെ പ്രതികരണം. കേന്ദ്രത്തിന്റെ നികുതി ഭീകരതയ്ക്ക് കേരളം കൂട്ടെന്ന് പ്രതിപക്ഷം ആരോപിച്ചു. ജനം പ്രതിസന്ധിയിലാണെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടി.  നികുതി വര്‍ധനവിന്റെ കാര്യത്തില്‍ കേന്ദ്രവും കേരളവും അനിയന്‍ ബാവയും ചേട്ടന്‍ ബാവയുമാണ്. കേന്ദ്രം നികുതി കുറയ്ക്കരുതെന്നാണ് ധനമന്ത്രിയുടെ മനസിലിരുപ്പെന്ന് കെ.ബാബു ആരോപിച്ചു. 

ഉലക്കകൊണ്ടടിച്ചിട്ട് മുറം കൊണ്ടുവീശുന്നു

സര്‍ക്കാര്‍ ഉലക്കകൊണ്ടടിച്ചിട്ട് മുറം കൊണ്ടുവീശുന്നുവെന്നും ബാബു പരിഹസിച്ചു. കേന്ദ്രം കൂട്ടുമ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ സന്തോഷിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ആരോപിച്ചു. യുഡിഎഫ് കാലത്ത് ഇന്ധന നികുതി വരുമാനം 493 കോടിയാണ്. എല്‍ഡിഎഫിന്റെ കാലത്ത് ഇതിന്റെ പത്തിരട്ടി വര്‍ധനവാണ് ഉണ്ടായത്. 

അധിക വരുമാനം 5000 കോടി

ഇടതുസര്‍ക്കാരിന്‍രെ കാലത്ത് അധിക വരുമാനം 5000 കോടിയാണ്. ഇതില്‍ നിന്ന് സബ്‌സിഡി നല്‍കണം. വാഹനങ്ങള്‍ അയല്‍ സംസ്ഥാനങ്ങളില്‍ പോയി ഇന്ധനം നിറയ്ക്കുകയാണ്. ഇതുവഴി പ്രതിദിനം കേരളത്തിന് 1.10 കോടി രൂപ നികുതി നഷ്ടമാണുണ്ടാകുന്നത്. കോണ്‍ഗ്രസിന്റെ 19 എംപിമാരും പ്രതിഷേധവുമായി പോയപ്പോള്‍ സിപിഎം എംപി പങ്കെടുത്തില്ല. കേരളം നികുതി കുറച്ചെന്ന് പറഞ്ഞ് പാര്‍ട്ടിക്കാരെ പറ്റിക്കാമെന്ന് ധനമന്ത്രിയോട് വി ഡി സതീശന്‍ പറഞ്ഞു.

സൈക്കിള്‍ ചവിട്ടി പ്രതിപക്ഷ എംഎല്‍എമാര്‍

സംസ്ഥാന സര്‍ക്കാര്‍ ഇന്ധന നികുതി കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് നിയമസഭയിലേക്ക് സൈക്കിള്‍ ചവിട്ടി പ്രതിപക്ഷ എംഎല്‍എമാര്‍. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ നേതൃത്വത്തില്‍ എംഎല്‍എ ഹോസ്റ്റലില്‍ നിന്നാണ് പ്രതിഷേധം തുടര്‍ന്നത്. നികുതി കുറക്കില്ലെന്ന വാശിയാണ് സര്‍ക്കാരിന് എന്ന് വി.ഡി.സതീശന്‍ പറഞ്ഞു. നികുതി ഭീകരതക്ക് എതിരാണ് സമരമെന്നും വി ഡി സതീശന്‍ വ്യക്തമാക്കി. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com