അച്ചന്‍കോവിലാറില്‍ ജലനിരപ്പ് ഉയരുന്നു; പ്രളയ മുന്നറിയിപ്പ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 11th November 2021 07:32 PM  |  

Last Updated: 11th November 2021 07:48 PM  |   A+A-   |  

achankovil

അച്ചന്‍കോവിലാര്‍

 

കൊല്ലം: കനത്ത മഴയെത്തുടര്‍ന്ന് അച്ചന്‍കോവിലാറില്‍ ജലനിരപ്പ് ഉയരുന്നു. ജലനിരപ്പ് ക്രമാതീതമായി ഉയരുന്നതിനാല്‍ പ്രളയ സാധ്യതയുണ്ടെന്ന് കേന്ദ്ര ജല കമ്മീഷന്റെ മുന്നറിയിപ്പ്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, കൊല്ലം ജില്ലകളില്‍ കേന്ദ്ര ജല കമ്മീഷന്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. മണിമല, പെരിയാര്‍, മീനച്ചില്‍, പമ്പ, മുവാറ്റുപുഴ, ഇത്തിക്കര, കല്ലട, പള്ളിക്കല്‍ നദികളിലും കൈവഴികളിലും ജലനിരപ്പ് ഉയരാന്‍ സാധ്യതയുണ്ട്.

വ്യാപക ഉരുള്‍പൊട്ടല്‍

ഇന്നലെ രാത്രിയില്‍ പെയ്ത മഴയില്‍ ആര്യങ്കാവ്, അച്ചന്‍കോവില്‍ വനമേഖലയില്‍ പത്തോളം സ്ഥലങ്ങളില്‍ ഉരുള്‍പൊട്ടി. അച്ചന്‍കോവില്‍, ആമ്പനാട്, പ്രിയ എസ്റ്റേറ്റ്, ചേനഗിരി, ആര്യങ്കാവ് എന്നിവിടങ്ങളിലാണ് ഉരുള്‍പൊട്ടിയത്. അച്ചന്‍കോവില്‍ ആറും കഴുതുരുട്ടി ആറും പലയിടങ്ങളിലും കരകവിഞ്ഞ് ഒഴുകുകയാണ്. 


അച്ചന്‍കോവില്‍, അമ്പനാട്, പ്രിയ എസ്റ്റേറ്റ് ഒറ്റപ്പെട്ടു

അച്ചന്‍കോവില്‍-പുനലൂര്‍ പാതയില്‍ കോടമ ഭാഗത്ത് ഉരുള്‍പൊട്ടിയതോടെ പാതയില്‍ മണ്ണും കല്ലും നിറഞ്ഞ് ഇതുവഴിയുള്ള ഗതാഗതം നിലച്ചു. ആദിവാസി മേഖലകൂടിയായ അച്ചന്‍കോവിലിലേക്കുള്ള ഏക പാതയാണ് അടഞ്ഞത്. ഇതോടെ അച്ചന്‍കോവില്‍ ഗ്രാമവാസികള്‍ ഒറ്റപ്പെട്ട നിലയിലാണ്. അമ്പനാട്, അരണ്ടല്‍, മെത്താപ്പ് എന്നിവിടങ്ങളില്‍ പല സ്ഥലങ്ങളിലും ഉരുള്‍പൊട്ടിയതോടെ തോട്ടം തൊഴിലാളികളും ഒറ്റപ്പെട്ടു. രണ്ട് തൊഴിലാളി ലയങ്ങളും തകര്‍ന്നിട്ടുണ്ട്.

പ്രിയ എസ്റ്റേറ്റിലേക്കുള്ള പാതയില്‍ മണ്ണിടിഞ്ഞതിനാല്‍ പുറത്തേക്കുള്ള വഴി അടഞ്ഞു കിടക്കുകയാണ്. ഈ ഭാഗത്തെ ഒരു ട്രാന്‍സ്‌ഫോര്‍മര്‍ മണ്ണിടിച്ചിലില്‍ തകര്‍ന്നു. തെന്മല പരപ്പാര്‍ അണക്കെട്ടില്‍ ഒറ്റ രാത്രി കൊണ്ട് ജലനിരപ്പ് ഒരു മീറ്റര്‍ ഉയര്‍ന്നു. ഇതോടെ ഡാമിന്റെ ഷട്ടറുകള്‍ 30 സെന്റീമീറ്റര്‍ വീതം ഉയര്‍ത്തി.