മുന്‍ മിസ് കേരളയെയും സംഘത്തെയും ബി എംഡബ്ലിയു കാറില്‍ പിന്തുടര്‍ന്നതാര്?; ഡാന്‍സ് ഫ്‌ളോറിലെ ഹാര്‍ഡ് ഡിസ്‌ക് അപകടം നടന്നയുടന്‍ തന്നെ മാറ്റിയെന്ന് വിവരം; അന്വേഷണം ശക്തമാക്കി പൊലീസ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 11th November 2021 12:35 PM  |  

Last Updated: 11th November 2021 12:35 PM  |   A+A-   |  

EX_MISS_KERALA

അന്‍സി കബീര്‍ - അഞ്ജന/ ഫയൽ

 


കൊച്ചി: മുന്‍ മിസ് കേരള ഉള്‍പ്പെടെ വാഹനാപകടത്തില്‍ മരിച്ച സംഭവത്തില്‍, അപടകമുണ്ടായ അന്നു തന്നെ ഹോട്ടലിലെ ഹാര്‍ഡ് ഡിസ്‌ക് മാറ്റിയതായി പൊലീസിന് വിവരം ലഭിച്ചു. ഹോട്ടല്‍ ജീവനക്കാരന്‍ തന്നെയാണ് ഇത് ഊരി മാനേജ്‌മെന്റിനെ ഏല്‍പ്പിച്ചതെന്നാണ് വിവരം. ഇയാളെ പൊലീസ് ചോദ്യം ചെയ്തിരുന്നു. ഊരിയെടുത്ത ഹാര്‍ഡ് ഡിസ്‌ക് ഹോട്ടല്‍ ഉടമയ്ക്ക് കൈമാറിയതായി ജീവനക്കാരന്‍ പൊലീസിനോട് വെളിപ്പെടുത്തിയതായിട്ടാണ് സൂചന. 

ഹാര്‍ഡ് ഡിസ്‌ക് മാറ്റിയതിനെക്കുറിച്ച് അന്വേഷണം

നവംബര്‍ ഒന്നിന് പുലര്‍ച്ചെ പാലാരിവട്ടത്ത് നടന്ന കാറപകടത്തില്‍ മുന്‍ മിസ് കേരള അന്‍സി കബീര്‍, മിസ് കേരള റണ്ണറപ്പ് അഞ്ജന ഷാജന്‍, സുഹൃത്ത് കെഎ മുഹമ്മദ് ആഷിഖ് എന്നിവരാണ് മരിച്ചത്. കാറപകടത്തിന് തൊട്ടുമുമ്പ് ഇവര്‍ രാവ് ആഘോഷിച്ച ഹോട്ടലിലെ ഡാന്‍സ് ബാറിലെ സിസിടിവി ഹാര്‍ഡ് ഡിസ്‌ക് മാറ്റിയതിനെക്കുറിച്ച് പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. 

ഫോര്‍ട്ടുകൊച്ചിയിലെ ആഡംബര ഹോട്ടലായ നമ്പര്‍ 18 ലെ മുകള്‍ നിലയിലുള്ള ക്ലബ് 18 ലെ നൈറ്റ് ക്ലബ്ബിലായിരുന്നു ആഘോഷം. ഹോട്ടലിലെ താഴത്തെ നിലയിലെ ദൃശ്യങ്ങള്‍ പകര്‍ത്തിയ സിസിടിവി ഹാര്‍ഡ് ഡിസ്‌കും ഡിവിആറും ചൊവ്വാഴ്ച പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഈ ഭാഗത്ത് യുവതികളും യുവാക്കളും മദ്യപിക്കുന്നതും നൃത്തം ചെയ്യുന്നതുമായ ദൃശ്യങ്ങള്‍ ഇതില്‍ നിന്ന് ലഭിച്ചിട്ടുണ്ട്. കുറേ ഭാഗങ്ങള്‍ ഡിലീറ്റ് ചെയ്തതായും പൊലീസ് സംശയിക്കുന്നുണ്ട്. 

ഡാന്‍സ് ഫ്‌ളോറിലെ ഹാര്‍ഡ് ഡിസ്‌ക് മാത്രം മാറ്റിയതിലാണ് അന്വേഷണസംഘം ദുരൂഹത സംശയിക്കുന്നത്. സമയപരിധി കഴിഞ്ഞ് മദ്യപാനം നടന്നതിന്റെ പേരിലാണെങ്കില്‍ താഴെയുള്ള ഹാര്‍ഡ് ഡിസ്‌കുകളും മാറ്റാത്തതെന്താണെന്ന് അന്വേഷിക്കുന്നുണ്ട്. യുവതികളെയും സുഹൃത്തുക്കളെയും ബിഎംഡബ്ലിയു കാറില്‍ ആരോ പിന്തുടര്‍ന്നതായി സൂചനയുള്ളതിനാല്‍ ഈ ഹാര്‍ഡ് ഡിസ്‌കിന് വളരെ പ്രാധാന്യമുള്ളതായി അന്വേഷണസംഘം വിലയിരുത്തുന്നു.

ഹാര്‍ഡ് ഡിസ്‌ക് ഉടന്‍ എന്തിന് മാറ്റി ?

അപകടം നടന്ന ഉടന്‍ ഹാര്‍ഡ് ഡിസ്‌ക് എന്തിന് മാറ്റിയെന്ന് പൊലീസ് വിശദമായി അന്വേഷിക്കുന്നുണ്ട്. ഡിജെ പാര്‍ട്ടിയില്‍ അസ്വാഭാവികമായി എന്തെങ്കിലും നടന്നിരുന്നോ, ലഹരി ഉപയോഗം ഉണ്ടായിരുന്നോ എന്നെല്ലാം പൊലീസ് സംശയിക്കുന്നുണ്ട്. നമ്പര്‍ 18 ഹോട്ടല്‍ മുതല്‍ അപകടം നടന്ന പാലാരിവട്ടം ബൈപ്പാസിലെ ചളിക്കവട്ടം വരെയുള്ള സിസിടിവി ക്യാമറ ദൃശ്യങ്ങളും പൊലീസ് പരിശോധിക്കുന്നുണ്ട്. ഇവരെ പിന്തുടര്‍ന്നതായി സംശയിക്കുന്ന ബംഎംഡബ്ലിയു കാര്‍ കണ്ടെത്തുകയാണ് ലക്ഷ്യം. 

ഡ്രൈവറുടെ വീട്ടില്‍ പരിശോധന

മുന്‍ മിസ് കേരള ഉള്‍പ്പെടെ വാഹനാപകടത്തില്‍ മരിച്ച സംഭവത്തില്‍ കാര്‍ ഡ്രൈവറുടെ വീട്ടില്‍ പൊലീസ് പരിശോധന നടത്തിയിരുന്നു. അറസ്റ്റിലായ അബ്ദുല്‍ റഹ്മാന്റെ ഇടക്കൊച്ചിയിലെ വീട്ടിലാണ് പരിശോധന നടത്തിയത്. ഫോര്‍ട്ട് കൊച്ചിയിലെ നമ്പര്‍ 18 ഹോട്ടലില്‍ പൊലീസ് വീണ്ടും പരിശോധന നടത്തിയെങ്കിലും സിസിടിവി ദൃശ്യങ്ങളടങ്ങിയ ഹാര്‍ഡ് ഡിസ്‌ക് കണ്ടെടുക്കാനായിരുന്നില്ല. 

കഴിഞ്ഞമാസം 31ന് രാത്രി ഏഴരയോടെ ഹോട്ടലില്‍ എത്തിയതും മറ്റ് ദൃശ്യങ്ങളും പൊലീസിന് ലഭിച്ചിട്ടുണ്ട്. നേരത്തെ എക്‌സൈസ് ഇതേ ഹോട്ടലില്‍ നടത്തിയ പരിശോധനയില്‍ അനുവദിച്ച സമയത്തിന് ശേഷവും മദ്യം നല്‍കിയെന്ന് കണ്ടെത്തിയിരുന്നു. ഇതേത്തുടര്‍ന്ന് ഈ മാസം 2ന് ഹോട്ടലിന്റെ ബാര്‍ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തിരുന്നു.