സമൂഹമാധ്യമങ്ങളില്‍ സൈനിക വേഷത്തില്‍; പെണ്‍കുട്ടികളെയും വീട്ടമ്മമാരെയും വശീകരിച്ചു തട്ടിപ്പ്‌; യുവാവ് അറസ്റ്റില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 11th November 2021 10:05 AM  |  

Last Updated: 11th November 2021 10:05 AM  |   A+A-   |  

arrest

പ്രതീകാത്മക ചിത്രം

 

കോട്ടയം: സൈനിക ഉദ്യോഗസ്ഥന്‍ ചമഞ്ഞ് വീട്ടമ്മമാരെയും പെണ്‍കുട്ടികളെയും വശീകരിച്ചു പണം തട്ടിയ കേസില്‍ യുവാവ് അറസ്റ്റില്‍. 29കാരനായ കൊല്ലം ശൂരനാട് രഞ്ജിത്ത് ആണ് അറസ്റ്റിലായത്. സമൂഹമാധ്യമങ്ങളില്‍ അജയ് എന്ന പേരില്‍ അക്കൗണ്ട് തുടങ്ങിയാണ് രഞ്ജിത്ത് തട്ടിപ്പ് നടത്തിയതെന്നു പൊലീസ് പറഞ്ഞു. ഉന്നത സൈനിക ഉദ്യോഗസ്ഥരുടെ യൂണിഫോം ധരിച്ച യുവാക്കളുടെ ആകര്‍ഷക ചിത്രങ്ങള്‍ പ്രൊഫൈല്‍ ചിത്രമാക്കിയാണു തട്ടിപ്പ് നടത്തിയത്. 

പതിനേഴുകാരിയുടെ പരാതിയില്‍ പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് കോയമ്പത്തൂരില്‍ നിന്നു പ്രതിയെ പിടികൂടിയത്. 2018ല്‍ രഞ്ജിത്ത് പൂനെയില്‍ പട്ടാളക്കാരുടെ കന്റീനില്‍ ജോലി ചെയ്തിരുന്നു.  500 മുതല്‍ 10,000 രൂപ വരെ രഞ്ജിത്ത് പലരില്‍ നിന്നായി തട്ടിയെടുത്തു. തട്ടിപ്പിനു മാത്രമായി ഒരു ഫോണും രഞ്ജിത്തിനുണ്ടായിരുന്നു.

നവമാധ്യമങ്ങളില്‍ വ്യാജ അക്കൗണ്ടില്‍ നിന്നു ഫ്രന്‍ഡ് റിക്വസ്റ്റുകള്‍ അയച്ച് വീട്ടമ്മമാരെയും വിദ്യാര്‍ഥിനികളെയും സൗഹൃദത്തിലാക്കും. സൗഹൃദത്തിലായവരുടെ ചിത്രങ്ങള്‍ ശേഖരിച്ച ശേഷം ഭീഷണിപ്പെടുത്തി പണം കൈക്കലാക്കും. എന്നാല്‍ പ്രതി ഒരു തവണ പോലും വിഡിയോ കോളില്‍ പ്രത്യക്ഷപ്പെട്ടിരുന്നില്ലന്നു തട്ടിപ്പിനിരയായവര്‍ പറഞ്ഞു.