റേഷന്‍ കാര്‍ഡിലെ പിശക് തിരുത്താം; തെളിമ പദ്ധതിക്ക് 15നു തുടക്കം 

പേര്, വയസ്, മേല്‍വിലാസം, കാര്‍ഡ് ഉടമയുമായുള്ള ബന്ധം തുടങ്ങിയവയിലെ പിശകുകള്‍, എല്‍.പി.ജി, വൈദ്യുതി എന്നിവയില്‍ ഉണ്ടായിട്ടുള്ള മാറ്റങ്ങള്‍, ഏറ്റവും പുതിയ വിവരങ്ങളുടെ ഉള്‍പ്പെടുത്തല്‍ എന്നിവ അനുവദിക്കും
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

തിരുവനന്തപുരം: റേഷന്‍ കാര്‍ഡിലെ പിശകുകള്‍ തിരുത്താനും പുതിയ വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യാനുമായുള്ള 'തെളിമ' പദ്ധതിക്കു നവംബര്‍ 15നു തുടക്കമാകുമെന്ന് ഭക്ഷ്യ - സിവില്‍ സപ്ലൈസ് മന്ത്രി ജി.ആര്‍. അനില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. സംസ്ഥാനത്തെ മുഴുവന്‍ റേഷന്‍ ഗുണഭോക്താക്കളുടേയും ആധാര്‍ വിവരങ്ങള്‍ റേഷന്‍ കാര്‍ഡ് മാനേജ്‌മെന്റ് സിസ്റ്റവുമായി ബന്ധിപ്പിക്കുന്നത് 2022 ജനുവരി ഒന്നിനു പൂര്‍ത്തിയാക്കാന്‍ ഉദ്ദേശിക്കുന്നതായും അദ്ദേഹം പറഞ്ഞു.

2017-ലെ റേഷന്‍ കാര്‍ഡ് പുതുക്കലുമായി ബന്ധപ്പെട്ട് റേഷന്‍ കാര്‍ഡ് മാനേജ്‌മെന്റ് സിസ്റ്റത്തില്‍ വന്ന പിശകുകള്‍ തിരുത്തുന്നതിനായാണ് 'തെളിമ' പദ്ധതി നടപ്പാക്കുന്നത്. അംഗങ്ങളുടെ പേര്, വയസ്, മേല്‍വിലാസം, കാര്‍ഡ് ഉടമയുമായുള്ള ബന്ധം തുടങ്ങിയവയിലെ പിശകുകള്‍, എല്‍.പി.ജി, വൈദ്യുതി എന്നിവയില്‍ ഉണ്ടായിട്ടുള്ള മാറ്റങ്ങള്‍, ഏറ്റവും പുതിയ വിവരങ്ങളുടെ ഉള്‍പ്പെടുത്തല്‍ തുടങ്ങിയവ പദ്ധതിയുടെ ഭാഗമായി അനുവദിക്കും. ഡിസംബര്‍ 15 വരെയാണ് ക്യാംപെയിന്‍. എല്ലാ വര്‍ഷവും നവംബര്‍ 15 മുതല്‍ ഒരു മാസക്കാലം ഈ ക്യാംപെയിന്‍ നടത്തും.

2022 ഏപ്രില്‍ മാസത്തോടെ എല്ലാ റേഷന്‍ കാര്‍ഡുകളും സ്മാര്‍ട്ട് റേഷന്‍ കാര്‍ഡുകളാക്കുമെന്നു മന്ത്രി വ്യക്തമാക്കി. സ്മാര്‍ട്ട് കാര്‍ഡിലേക്കു പോകുമ്പോള്‍ കാര്‍ഡിലെ വിവരങ്ങള്‍ പൂര്‍ണമായും ശരിയാണെന്ന് ഉറപ്പു വരുത്താനും 'തെളിമ' പദ്ധതിയിലൂടെ സാധിക്കും. റേഷന്‍ കാര്‍ഡുകള്‍ ശുദ്ധീകരിക്കുക എന്നതിന്റെ ആവശ്യകത കാര്‍ഡ് ഉടമകളെ ബോധ്യപ്പെടുത്തുന്നതിനുള്ള ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കും. റേഷന്‍ കാര്‍ഡുകളുടെ പരിവര്‍ത്തനം, കാര്‍ഡിലെ വരുമാനം, വീടിന്റെ വിസ്തീര്‍ണം, വാഹനങ്ങളുടെ വിവരം എന്നിവയില്‍ മാറ്റം വരുത്തുന്നതിനുള്ള അപേക്ഷകള്‍ ഈ പദ്ധതി പ്രകാരം സ്വീകരിക്കില്ലെന്നും മന്ത്രി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com