ശബരിമലയില്‍ ബെയ്‌ലി പാലം നിര്‍മ്മിക്കാന്‍ ഹൈക്കോടതി അനുമതി; ചെലവ് വഹിക്കുന്ന കാര്യത്തില്‍ തീരുമാനം തിങ്കളാഴ്ച

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 13th November 2021 02:39 PM  |  

Last Updated: 13th November 2021 02:39 PM  |   A+A-   |  

HIGHCOURT CRITICIZES

ഹൈക്കോടതി /ഫയല്‍ ചിത്രം

 

കൊച്ചി: പമ്പ ഞുണങ്ങാറിന് കുറുകെ താത്കാലിക ബെയ്ലി പാലം നിര്‍മ്മിക്കാന്‍ ഹൈക്കോടതിയുടെ അനുമതി. ബെയ്‌ലി പാലം നിര്‍മ്മിക്കുന്നതിന് തിരുവനന്തപുരത്തെ കരസേന യൂണിറ്റിന് അടിയന്തരമായി അപേക്ഷ നല്‍കാന്‍ കോടതി സര്‍ക്കാരിന് നിര്‍ദേശം നല്‍കി. അതേസമയം, ബെയ്‌ലി പാലത്തിന്റെ നിര്‍മ്മാണച്ചെലവ് ആര് വഹിക്കും എന്നതിനെച്ചൊല്ലിയുള്ള സര്‍ക്കാര്‍-ദേവസ്വം ബോര്‍ഡ് തര്‍ക്കം പരിഹരിച്ചിട്ടില്ല. 

നിര്‍മ്മാണച്ചെലവ് ദേവസ്വം ബോര്‍ഡ് വഹിക്കണമെന്ന നിലപാടിലാണ് സര്‍ക്കാര്‍. എന്നാല്‍ പാലത്തിന്റെ മേല്‍നോട്ട ചുമതല ജലവിഭവ വകുപ്പിന് ആണെന്നും ഈ സാഹചര്യത്തില്‍ സര്‍ക്കാരാണ് ചെലവ് വഹിക്കേണ്ടത് എന്നും ദേവസ്വം ബോര്‍ഡ് കോടതിയില്‍ നിലപാടെടുത്തു. 

ഇക്കാര്യത്തില്‍ തിങ്കളാഴ്ച തീരുമാനമെടുക്കാമെന്നും കോടതി നിര്‍ദേശിച്ചു. മണ്ഡലകാലത്തിന് മുന്‍പ് ഞുണങ്ങാറില്‍ പാലം നിര്‍മ്മിച്ചില്ലെങ്കില്‍ ശബരിമലയിലെ മാലിന്യനീക്കം തടസ്സപ്പെടും. ഈ സാഹചര്യത്തിലാണ് കോടതി അടിയന്തര സിറ്റിങ് നടത്തി വിഷയം പരിഗണിച്ചത്. 2018 ലെ പ്രളയത്തിലാണ് ഞുണങ്ങാര്‍ പാലം തകര്‍ന്നത്. ഇതിന് പകരം ജലവിഭവ വകുപ്പ് നിര്‍മ്മിച്ച താത്ക്കാലിക റോഡ് കഴിഞ്ഞ ദിവസത്തെ മലവെള്ളപ്പാച്ചിലില്‍ ഒലിച്ച് പോയിരുന്നു.