അമ്മയുടെ കാമുകന്‍ നിരവധി തവണ ലൈംഗികമായി പീഡിപ്പിച്ചു; 12 കാരി നേരിട്ടത് ക്രൂരപീഡനം; പ്രതി കോടതിയില്‍ കീഴടങ്ങി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 13th November 2021 12:08 PM  |  

Last Updated: 13th November 2021 12:08 PM  |   A+A-   |  

rape case

പ്രതീകാത്മക ചിത്രം

 


മലപ്പുറം: മങ്കടയില്‍ 12കാരിയെ പലതവണ പീഡിപ്പിച്ച അമ്മയുടെ കാമുകന്‍ കോടതിയില്‍ കീഴടങ്ങി. കഴിഞ്ഞമാസം 20 ന് കുട്ടിയുടെ അമ്മയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പാലക്കാട് സ്വദേശി ബിനീഷാണ് കീഴടങ്ങിയത്. 

12 വയസുകാരിയെ അമ്മയും കാമുകനും പലതവണ പീഡിപ്പിച്ചിരുന്നു. അമ്മയുടെ കാമുകന്‍ പെണ്‍കുട്ടിയെ വാടകവീട്ടില്‍വച്ച് നിരവധി തവണ ലൈംഗിക പീഡനത്തിന് ഇരയാക്കുകയും ചെയ്തു. 2019 ജനുവരി ഒന്നു മുതല്‍ 2021 ജൂണ്‍ 30 വരെയുള്ള കാലയളവില്‍ ആനമങ്ങാടും വള്ളിക്കാപ്പറ്റയിലുമുള്ള വാടക വീടുകളില്‍ വെച്ച് പല തവണ പീഡിപ്പിച്ചുവെന്നാണ് കേസ്. ഒക്ടോബര്‍ 19ന് കുട്ടി മലപ്പുറം വനിതാ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പ്രതിക്ക് ഒത്താശ ചെയ്തു നല്‍കിയതിന് കുട്ടിയുടെ മാതാവായ 30 കാരിയെ 20ന് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ റിമാന്റിലാണ്.

പരാതിയുടെ അടിസ്ഥാനത്തില്‍ പെണ്‍കുട്ടിയുടെ അമ്മയെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഒളിവില്‍ ഉള്ള പ്രതിയെ തേടി പോലീസ് ഇയാളുടെ ബന്ധു വീടുകളില്‍ എല്ലാം അന്വേഷണം നടത്തിയിരുന്നു. ഇന്ന് പതിനൊന്ന് മണിയോടെയാണ് പ്രതി മഞ്ചേരി പോക്‌സോ കോടതിയിലെത്തി കീഴടങ്ങിയത്

അമ്മയും കാമുകനും വീട്ടു തടങ്കലില്‍ പാര്‍പ്പിച്ച്  ലൈംഗികമായി പീഡിപ്പിച്ച 12കാരി പെണ്‍കുട്ടിയെ മലപ്പുറത്ത് ചൈല്‍ഡ് ലൈനും പൊലീസും ചേര്‍ന്ന് ആണ് രക്ഷപെടുത്തിയത് കഴിഞ്ഞ മാസം ആണ്. തിരുവനന്തപുരം ജില്ലയില്‍ നിന്നും മലപ്പുറം മങ്കടയില്‍ വന്ന്  വാടകക്ക് താമസിക്കുക ആയിരുന്നു യുവതിയും 12 കാരിയായ മകളും. ഭര്‍ത്താവുമായി അകന്നു കഴിഞ്ഞിരുന്ന ഇവര്‍ ഇവിടെ കാമുകന് ഒപ്പം ജീവിക്കുകയായിരുന്നു

ഇവര്‍ താമസിച്ചിരുന്ന സ്ഥലത്ത് നടക്കുന്ന കാര്യങ്ങള്‍ പുറം ലോകം അറിഞ്ഞിരുന്നില്ല. പുറത്ത് നിന്ന് ആര്‍ക്കും വരാന്‍ കഴിയാത്ത വിധത്തില്‍ വലിയ മതിലും വളര്‍ത്തു നായ്ക്കളും എല്ലാം ഇവിടെ ഉണ്ടായിരുന്നു എന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ലൈംഗിക പീഡനവും ശാരീരിക മര്‍ദ്ദനങ്ങളുമടക്കം അതിക്രൂരമായ അതിക്രമങ്ങള്‍ ആണ് കുട്ടിക്ക് നേരെ പല തവണകളായി ഉണ്ടായതെന്ന് സി.ഡബ്ലിയു.സി ചെയര്‍മാന്‍ അഡ്വ. ഷാജേഷ് ഭാസ്‌കര്‍ പറഞ്ഞു