പ്ലസ് വണ്‍ വിദ്യാര്‍ഥികള്‍ നാളെ സ്‌കൂളിലേക്ക്; വരവേല്‍ക്കാന്‍ മന്ത്രി നേരിട്ടെത്തും

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 14th November 2021 09:07 PM  |  

Last Updated: 14th November 2021 09:07 PM  |   A+A-   |  

plus one admission

ഫയല്‍ ചിത്രം

 

തിരുവനന്തപുരം: ഒന്നാം വര്‍ഷ ഹയര്‍സെക്കണ്ടറി/വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി വിദ്യാര്‍ത്ഥികളെ സ്‌കൂളുകളിലേക്ക് സ്വാഗതം ചെയ്ത് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. വിദ്യാര്‍ത്ഥികളെ സ്വീകരിക്കാന്‍ മന്ത്രി മണക്കാട് ഗവര്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ 15 ന് രാവിലെ ഒമ്പത് മണിക്ക് നേരിട്ടെത്തും. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ജീവന്‍ ബാബു, തിരുവനന്തപുരം മേയര്‍ എസ്. ആര്യ രാജേന്ദ്രന്‍, ജില്ലാ കളക്ടര്‍ നവജ്യോത് ഖോസ തുടങ്ങിയവരും മന്ത്രിയോടൊപ്പം ഉണ്ടാകും.

കോവിഡ് മാനദണ്ഡങ്ങളും സര്‍ക്കാര്‍ പുറത്തിറക്കിയ മാര്‍ഗ രേഖയും പാലിക്കുന്നുണ്ട് എന്ന് ഉറപ്പ് വരുത്തുമെന്ന് മന്ത്രി പറഞ്ഞു. പരീക്ഷ നടത്താനും യഥാസമയം ഫലം പ്രഖ്യാപിക്കാനും പ്രഖ്യാപിച്ച ഷെഡ്യൂള്‍ പ്രകാരം സ്‌കൂള്‍ തുറക്കാനും വേണ്ടി പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും മന്ത്രി നന്ദി അറിയിച്ചു.

സ്‌കൂള്‍ സമയക്രമം സംബന്ധിച്ച വ്യാജ പ്രചാരണങ്ങള്‍ ചെവിക്കൊള്ളരുത്. മാര്‍ഗ്ഗരേഖയില്‍ ഏതെങ്കിലും തരത്തില്‍ മാറ്റം വരുത്തുന്നുണ്ടെങ്കില്‍ എല്ലാവരെയും അറിയിക്കുമെന്നും മന്ത്രി അറിയിച്ചു. ഹയര്‍ സെക്കന്ററി രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്ക് നാളെ ക്‌ളാസുണ്ടായിരിക്കില്ല.

ഒന്നാം വര്‍ഷ പ്രവേശനം സംബന്ധിച്ച് യാതൊരു ആശങ്കക്കും അടിസ്ഥാനമില്ല. അധിക ബാച്ച് അനുവദിക്കുന്നത് സംബന്ധിച്ച തീരുമാനം ഈ മാസം 23 ലെ അലോട്‌മെന്റ് പരിശോധിച്ചതിന് ശേഷം ഉണ്ടാവുമെന്നും മന്ത്രി വ്യക്തമാക്കി.